ശുക്രനോടുകൂടി ഗ്രഹങ്ങൾ നിന്നാലത്തെ ഭാര്യാഗുണഫലങ്ങൾ
ഭാര്യാ ഭൂതനിപീഡിതാ രവിയുതേ ശുക്രേ പ്രധാനാ ച സാ
ചന്ദേണാഭ്യധികാത്മനഃ ക്ഷിതിഭുവാ ജാരാന്വിതാ പീഡിതാ
രക്ഷോഭിശ്ച യുതേ ബുധേന ലളിതാ വിദ്യാസുശീലാന്വിതാ
സ്യാദ്വിദ്യാധരപീഡിതാഥ ഗുരുണാ പൂർണ്ണാ ഗുണൈഃ പുത്രിണീ.
ഗന്ധർവ്വൈശ്ച നിപീഡിതാഥ ശനിനാ ദുഷ്പുരുഷാസക്തധീർ-
ദുശ്ശീലോ കപടാന്വിതാ ദുരുദിതാ ചൈഷാം തഥൈവാലയൈഃ
നീചാസക്തമനാസ്തു കേതുഫണഭൃദ്യുക്തേƒ൦ഗഹീനോ ച സാ
മാന്ദ്യാദ്യൈസ്ത്രിഭിരാശു നശ്യതി ശനൈരർധപ്രഹാരാന്വിതേ.
സാരം :-
പുരുഷജാതകത്തിൽ ശുക്രൻ സൂര്യനോടുകൂടി നിന്നാൽ ഭാര്യക്ക് ഭൂതാവേശം ഉണ്ടായിരിക്കും. കുലശുദ്ധികൊണ്ടും മറ്റും ശ്രേഷ്ഠതയും കാണും.
പുരുഷജാതകത്തിൽ ശുക്രൻ ചന്ദ്രനോടുകൂടി നിന്നാൽ ഭാര്യ ഭർത്താവിനേക്കാൾ ഉൽകൃഷ്ടനായിരിക്കും (വലിപ്പമുള്ളവളായിരിക്കും).
പുരുഷജാതകത്തിൽ ശുക്രൻ ചൊവ്വയോടുകൂടി നിന്നാൽ ഭാര്യക്ക് രാക്ഷസബാധയുടെ ഉപദ്രവവും ജാരസംസർഗ്ഗവും ഉണ്ടായിരിക്കും.
പുരുഷജാതകത്തിൽ ശുക്രൻ ബുധനോടുകൂടി നിന്നാൽ ഭാര്യക്ക് വിദ്യ, സൌശീല്യം, സൗന്ദര്യം ഇവ ഉണ്ടായിരിക്കും.
പുരുഷജാതകത്തിൽ ശുക്രൻ വ്യാഴത്തോടുകൂടി നിന്നാൽ ഭാര്യക്ക് വിദ്യാധരപീഡയുണ്ടായിരിക്കും. സദ്‌ഗുണപുഷ്ടിയും പുത്രസമ്പത്തും അനുഭവിക്കപ്പെടുകയും ചെയ്യും.
പുരുഷജാതകത്തിൽ ശുക്രൻ ശനിയോടുകൂടി നിന്നാൽ ഭാര്യക്ക് ഗന്ധർവ്വോപദ്രവവും ദുഷ്ടന്മാരായ പുരുഷന്മാരിൽ ആഗ്രഹവും ദുഃസ്വഭാവവും വ്യാജശീലവും ഉണ്ടായിരിക്കും. ചീത്തപറയുകയും ചെയ്യും.
പുരുഷജാതകത്തിൽ ശുക്രൻ സൂര്യൻ മുതലായവരോടു ചേർന്നാലുള്ള ഫലം തന്നെ അവരുടെ ക്ഷേത്രത്തിൽ ശുക്രൻ നിന്നാലും സംഭവിക്കും.
പുരുഷജാതകത്തിൽ ശുക്രൻ, രാഹുവിനോടോ കേതുവിനോടോ ചേർന്നാൽ ഭാര്യക്ക് നീചന്മാരിൽ ആഗ്രഹവും അവയവവൈകല്യവും ഉണ്ടായിരിക്കും.
പുരുഷജാതകത്തിൽ ഗുളികൻ, യമകണ്ടൻ, കാലൻ, ഇവരോട് ശുക്രൻ ചേർന്നാൽ ഭാര്യക്കു പെട്ടന്നു നാശം സംഭവിക്കും.
പുരുഷജാതകത്തിൽ ശുക്രൻ അർദ്ധപ്രഹാരനോടുചേർന്നാൽ കുറെക്കാലംകൊണ്ടു ഭാര്യ നശിക്കപ്പെടും.
അർദ്ധപ്രഹാരന്റെ സ്ഫുടക്രമം.
ഞായറാഴ്ച പതിനാലും തിങ്കളാഴ്ച ഇരുപത്താറും ചൊവ്വാഴ്ച ആറും ബുധനാഴ്ച പതിനെട്ടും വ്യാഴാഴ്ച മുപ്പതും വെള്ളിയാഴ്ച പത്തും ശനിയാഴ്ച ഇരുപത്തിരണ്ടും നാഴികയ്ക്കാണ് അർദ്ധപ്രാഹരന്റെ ഉദയം. ഗുളികനെപ്പോലെ രാത്രിയിൽ അഞ്ചാമത്തെ ആഴ്ചയ്ക്ക് പറഞ്ഞിട്ടുള്ള നാഴിക ചെല്ലുമ്പോഴാണ് ഉദയം. ദിനരാത്രി പ്രമാണങ്ങൾക്ക് ഏറ്റക്കുറച്ചിൽ വരുമ്പോൾ ഗുളികനാഴിക തിട്ടപ്പെടുത്തുന്നതുപോലെ വരുത്തി സ്ഫുടവും ഗണിച്ചുവരുത്തേണ്ടതാണ്.
കാലസ്ഫുടം
ഞായറാഴ്ച മുപ്പതും തിങ്കളാഴ്ച രണ്ടും ചൊവ്വാഴ്ച ഇരുപത്തിരണ്ടും ബുധനാഴ്ച രണ്ടും വ്യാഴാഴ്ച ആറും വെള്ളിയാഴ്ച പതിനാലും ശനിയാഴ്ച ആറും നാഴികയ്ക്കാണ് കാലന്റെ ഉദയം. രാത്രിയിൽ മുൻപറഞ്ഞ ക്രമം അനുസരിച്ച് അഞ്ചാമത്തെ ആഴ്ചയുടെ നാഴികയായിരിക്കും ഉദിക്കുന്നത്. ഇവിടെയും മുൻപിലത്തെപ്പോല തന്നെ നാഴികയുടെ ഏറ്റക്കുറച്ചിൽ ക്രമപ്പെടുത്തി സ്ഫുടം വരുത്തിക്കൊള്ളണം