Monday, 10 October 2016

വിവാഹം ഒരിക്കലും സാധിക്കയില്ലെന്നു പറയണം

വിവാഹം ഒരിക്കലും സാധിക്കയില്ലെന്നു പറയണം

പ്രശ്നലഗ്നാദ്യുഗ്മരാശൗ കൃഷ്ണപക്ഷേ യദാ വിധുഃ
പാപൈർദൃഷ്ടോഥവാ രന്ധ്രേ നൈവ സംബന്ധമാപ്നുയാൽ.

സാരം :-

ചന്ദ്രൻ പാപഗ്രഹങ്ങളുടെ ദൃഷ്ടിയോടുകൂടി ലഗ്നത്തിന്റെയോ, ആരൂഢത്തിന്റെയോ രണ്ട്, നാല്, ആറ്, പത്ത്, പന്ത്രണ്ട് എന്നീ ഭാവങ്ങളിൽ നിൽക്കുകയും വിവാഹപ്രശ്നം കറുത്തപക്ഷത്തിലാകയും ചെയ്‌താൽ പ്രസ്തുത വിവാഹം ഒരിക്കലും സാധിക്കയില്ലെന്നു പറയണം. ഇതുപോലെ തന്നെ വിവാഹപ്രശ്നം കറുത്ത പക്ഷത്തിലായാൽ ചന്ദ്രൻ എട്ടാം ഭാവത്തിൽ നിൽക്കുന്നതു വിവാഹ വിഘ്നത്തിനുള്ള ലക്ഷണമാകുന്നു. ഇവിടെ ഈ എട്ടാം ഭാവത്തിൽ നിൽക്കുന്ന ചന്ദ്രനെ പാപഗ്രഹം നോക്കിയാൽ നിശ്ചയമായും വിവാഹം നടക്കുകയില്ല. ഇതുകൊണ്ടു വിവാഹ പ്രശ്നത്തിൽ ചന്ദ്രന് പക്ഷബലമുണ്ടായിക്കണമെന്നു പ്രത്യേകം ഗ്രഹിക്കേണ്ടതാണ്.

Labels: , ,

വിവാഹപ്രശ്നത്തിലും യുക്തിപോലെ യോജിപ്പിച്ചു വിചാരിക്കേണ്ടതാണ്

വിവാഹപ്രശ്നത്തിലും യുക്തിപോലെ യോജിപ്പിച്ചു വിചാരിക്കേണ്ടതാണ്

ചിന്ത്യാനി പൂർവ്വം കഥിതാനി സർവ്വാ-
ണ്യത്രാപി സമ്യക്സമയാദികാനി
തേഷാം ശുഭത്വേ പതിപുത്രസമ്പ
ദ്വിവാഹലാഭശ്ച ന ചാശുഭത്വേ.

സാരം :-

"ദൈവജ്ഞേന സമാഹിതേന സമയോ " ഇത്യാദി ഭാഗങ്ങളെക്കൊണ്ടു പ്രശ്നസമയസംഭൂതങ്ങളായ ലക്ഷണങ്ങൾ വിവാഹപ്രശ്നത്തിലും യുക്തിപോലെ യോജിപ്പിച്ചു വിചാരിക്കേണ്ടതാണ്. പ്രശ്നസമയം, ദേശം, വായു, അവസ്ഥ, തല്ക്കാലസംഭൂതങ്ങളായ മറ്റു നിമിത്തങ്ങൾ ഇവയെല്ലാം ശോഭനങ്ങളായിരുന്നാൽ ഉടൻതന്നെ വിവാഹയോഗമുണ്ടെന്നും സന്താനം, സമ്പത്ത് മുതലായ സൌഭാഗ്യയോഗങ്ങൾ ഭാവിയിൽ സുലഭങ്ങളായിരിക്കുമെന്നും പറയണം. അതുപോലെ പ്രശ്നസമയം, ദേശം, വായു മുതലായവയും മറ്റു താല്ക്കാലിക ലക്ഷണങ്ങളും വിപരീതമായി കണ്ടാൽ വിവാഹം എളുപ്പമല്ലെന്നും അഥവാ വിവാഹംകഴിഞ്ഞാൽ തന്നെയും ഭാവിയിലുള്ള അനുഭവങ്ങൾ ദുഃഖപ്രദമായിരിക്കുമെന്നും പറയണം.

നിമിത്തചിന്തയിൽ ശുഭാശുഭത്വം പ്രശ്നവിഷയത്തെ ആശ്രയിച്ചിരിക്കും. ആയുഃപ്രശ്നത്തിൽ ഇരട്ടയായ കോടിവസ്ത്രം കൊണ്ടുവരുന്നതും മരണ ലക്ഷണമായും വിവാഹപ്രശ്നസമയത്ത് ഇങ്ങനെ ഇരട്ടക്കോടിവസ്ത്രം കൊണ്ടുവന്നാൽ വിവാഹത്തിന്റെ ക്ഷണസാദ്ധ്യലക്ഷണമായും ധരിക്കണം. ഇതുപോലെ ലക്ഷണങ്ങളുടെ അന്തരങ്ങളെ യുക്തികൊണ്ടു ചിന്തിച്ചുകൊള്ളേണ്ടതാണ്.

Labels: , ,

ആർത്തവംമൂലം വിവാഹത്തിന് തടസ്സം വരും

ആർത്തവംമൂലം വിവാഹത്തിന് തടസ്സം വരും

കുജേന്ദ്വിത്യാദിപദ്യാർദ്ധേനോക്തഃ കന്യാർത്തവാദിനാ
വിവാഹവിഘ്നസ്തത്സിദ്ധിഃ പരേണാർദ്ധേന പൃച്ഛതാം.

സാരം :-

വരാഹമിഹിരാചാര്യൻ ബൃഹത്ജാതകമെന്ന ഗ്രന്ഥത്തിൽ ആർത്തവത്തെപ്പറ്റി പ്രതിപാദിക്കുന്നത് "കുജേന്ദുഹേതു പ്രതിമാസമാർത്തവം " എന്നാദിയായ പദ്യംകൊണ്ടാണ്. ഈ പദ്യത്തിന്റെ പൂർവ്വാദ്ധംകൊണ്ടു വിവാഹവിഘ്നത്തേയും അതിന്റെ ഉത്തരാർദ്ധംകൊണ്ടു വിവാഹഘടനയ്ക്കുള്ള ലക്ഷണത്തേയും അർത്ഥാന്തരേണ പറയപ്പെട്ടിരിക്കുന്നു. ആ ലക്ഷണങ്ങൾ യഥാബലം ചിന്തിച്ചു വിവാഹവിഘ്നമുണ്ടാവാനിടയുണ്ടെങ്കിൽ അതിനേയും വിവാഹനിവൃത്തി ലക്ഷണമുണ്ടെങ്കിൽ അതിനേയും ചിന്തിച്ചുപറയേണ്ടതാണ്.

വരാഹമിഹിരാചാര്യന്റെ ബൃഹത്ജാതകം അനേകാർത്ഥദ്യോതകമാണെന്നു 'അർത്ഥബഹൂളം ശാസ്ത്രപ്ലവം " എന്ന ഭാഗംകൊണ്ടു അദ്ദേഹംതന്നെ സൂചിപ്പിച്ചിട്ടുണ്ട്. വിവാഹമുഹൂർത്തലഗ്നത്തിന്റെ ഉപചയരാശികളായ മൂന്ന്, ആറ്, പത്ത്, പതിനൊന്ന് എന്നീ ഭാവങ്ങളിൽ കുജദൃഷ്ടിയോടുകൂടി ചന്ദ്രൻ നിന്നാൽ ആർത്തവംമൂലം വിവാഹത്തിന് വിഘ്നം വരും. അഥവാ മുഹൂർത്തലഗ്നത്തിന്റെ സമഭാവങ്ങളായ രണ്ട്, നാല്, ആറ്, എട്ട്, പത്ത്, പന്ത്രണ്ട് എന്നീ ഭാവങ്ങളിൽ ചൊവ്വയുടെ ദൃഷ്ടിയോടുകൂടി ചന്ദ്രൻ നിന്നാലും ആർത്തവം മൂലം വിവാഹം മുടങ്ങുമെന്നുതന്നെ പറയാം. വൈദിക കർമ്മങ്ങൾക്കു ആർത്തവശൌചം നിഷിദ്ധമായി കരുതുന്നവരെ സംബന്ധിച്ചിടത്തോളമേ ഈ വിവാഹവിഘ്നം സാധുവാകയുള്ളൂ. മുഹൂർത്തലഗ്നത്തിന്റെ അനുപചയരാശികളായ രണ്ട്, നാല്, അഞ്ച്, ഏഴ്, ഒൻപത്, പന്ത്രണ്ട് എന്നീ ഭാവങ്ങളിൽ വ്യാഴദൃഷ്ടിയോടുകൂടി ചന്ദ്രൻ നിന്നാൽ യാതൊരുവിഘ്നവുംകൂടാതെ വിവാഹം നടക്കും. ഇതുപോലെ ഓജഭാവങ്ങളായ മൂന്ന്, അഞ്ച്, ഏഴ്, ഒൻപത്, പതിനൊന്ന് എന്നീ ഭാവങ്ങളിൽ മേൽപ്രകാരം വ്യാഴദൃഷ്ടിയോടുകൂടിയ ചന്ദ്രൻ നിന്നാലും വിവാഹം നടക്കുമെന്നു പറയണം. ഇത്രയും സന്ദോർഭോചിതമായ അർത്ഥാന്തരങ്ങളെന്നു പറയാം.

വിവാഹമുഹൂർത്തലഗ്നത്തിന്റെ രണ്ട്, അഞ്ച്, ആറ് എന്നീ ഭാവങ്ങളിൽ ചൊവ്വയുടെ ദൃഷ്ടിയോടുകൂടി ചന്ദ്രൻ നിൽക്കുമ്പോൾ ആർത്തവം ഉണ്ടാകുമെന്നും മറ്റു ഭാവങ്ങളിൽ വച്ചു വ്യാഴദൃഷ്ടിയുള്ള രാശിയിൽ ചന്ദ്രൻ വരുമ്പോൾ ഭർത്തൃയോഗത്തിനിട വരുമെന്നും പറയാം. സന്താനപ്രശ്നത്തിൽ ആർത്തവകാലത്തെയും "അതോƒന്യഥാസ്ഥേ" എന്ന യോഗംകൊണ്ടു ഗർഭാധാനകാലവും "പുംഗ്രഹേക്ഷിതേ " എന്ന പദത്തിന്റെ സംസ്കാരംകൊണ്ടു ചന്ദ്രസ്ഫുടവും ' ഉപൈതികാമിനി എന്ന പദത്തിന്റെ സംസ്കാരംകൊണ്ടു പ്രസവലഗ്നസ്ഫുടവും അറിയാവുന്നതാണ്. ഇങ്ങനെ ഈ പദ്യത്തിൽ നാനാമുഖമായ പല അർത്ഥങ്ങളും നിക്ഷേപിച്ചിട്ടുണ്ട്. ഇത്രമാത്രം പ്രസംഗവശാൽ കാണിച്ചുവെന്നേ ഉള്ളൂ. വിവാഹം നിർവിഘ്നമായും മംഗളമായും കഴിയുന്നതിനു സീതാശ്രീരാമപൂജ, കൃഷ്ണരുഗ്മിണിപൂജ എന്നിവ നടത്തുന്നത് അഭീഷ്ടമാണെന്നും ഈ ശ്ലോകത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

Labels: , ,

സ്ത്രീയുടെ മാതാപിതാക്കന്മാർ മരണപ്പെട്ടു

സ്ത്രീയുടെ മാതാപിതാക്കന്മാർ മരണപ്പെട്ടു

യദി നീചാരിഗോ ലഗ്നമാരൂഢം വാ ന പശ്യതി
അർക്കഃ സ്ത്രീയാഃ പിതാ നാസ്തി മാതേന്ദുശ്ചേത്തഥാവിധഃ

സാരം :-

സൂര്യൻ നീചക്ഷേത്രത്തിലോ, ശത്രുക്ഷേത്രത്തിലോ നിൽക്കുകയും ഉദയലഗ്നത്തേയോ ആരൂഢത്തെയോ നോക്കാതിരിക്കയും ചെയ്‌താൽ സ്ത്രീയുടെ അച്ഛൻ ഇപ്പോൾ ഇല്ല മരിച്ചുപോയിരിക്കുന്നു എന്നു പറയണം. അതായത് സൂര്യന്റെ ദൃഷ്ടി ലഗ്നത്തിനുണ്ടാകരുത്. ആ സൂര്യൻ നീചാദി ഏറ്റവും ബലഹീനമായ രാശിയിൽതന്നെ നിൽക്കുകയും വേണം. എങ്കിലേ അച്ഛൻ മരിച്ചു എന്നും മറ്റും പറയാവു. സൂര്യന്റെ ദൃഷ്ടികൂടാതെ ബലമുള്ള രാശിയിൽ നിൽക്കുകയാണെങ്കിൽ പിതൃസംരക്ഷ ഇല്ലെന്നു പറയാം. പിതാവ് മരിച്ചു എന്നു പറയാൻ പാടില്ല.

"പിതുർജ്ജാതഃ പരോക്ഷസ്യ" ഇത്യാദി ഹോരാവചനസാരാംശം ഇവിടെ യോജിപ്പിച്ച് അച്ഛന്റെ പരദേശവാസം മുതലായ സ്ഥിതികളെ ചിന്തിക്കാവുന്നതാണ്.

ലഗ്നംകൊണ്ടും അതുമുതൽ ദ്വാദശഭാവങ്ങളെക്കൊണ്ടും എങ്ങനെ ഫലം വിചാരിക്കുന്നുവോ അതുപോലെ ആരൂഢാദിയായ ഭാവങ്ങളെക്കൊണ്ടും കന്യകയുടെ വയസ്സ്, സ്വഭാവം മുതലായവയേയും ആരുഢത്തിലേയ്ക്ക് സൂര്യൻ ബലഹീനനായി നോക്കാതിരിക്കുകയും ചെയ്‌താൽ പിതാവിന്റെ അഭാവത്തേയും പറയാം. " ഉദയാരൂഢഭയോർദ്വയോഃ " എന്നു പറഞ്ഞിട്ടുള്ളതുകൊണ്ട് ആരൂഢത്ത്ന്റെ സ്ഥാനത്തു ലഗ്നത്തിനു ലഗ്നത്തിന്റെ സ്ഥാനത്ത് ആരുഢത്തിനും ഒന്നുപോലെ സാർവ്വത്രികമായ യോഗയോഗ്യതയുണ്ടെന്നു സ്പഷ്ടമാകുന്നു.

ഇതുപോലെ നീചക്ഷേത്രത്തിലോ, ശത്രുക്ഷേത്രത്തിലോ വരികയും ലഗ്നത്തേയോ, ആരൂഢത്തെയോ നോക്കാതിരിക്കുകയും ചെയ്‌താൽ സ്ത്രീയുടെ മാതാവ് ഇപ്പോൾ ഇല്ലെന്നും മരിച്ചുപോയിരിക്കുന്നു എന്നും പറയണം. ഇതും ചന്ദ്രന്റെ ബലഹാനിയേയും മറ്റും ശരിയായി ചിന്തിച്ചുവേണം മാതാവിന്റെ അവസ്ഥയെപ്പറ്റി പറയേണ്ടത്.

"സ്ഫുടമിഹ ഭവതി ദ്വിത്രി സംവാദഭാവാൽ"

എന്ന വചനമനുസരിച്ച് ആരൂഢത്തിനും ലഗ്നത്തിനും ഈ ലക്ഷണം പൂർണ്ണമായി യോജിക്കുന്നു എങ്കിൽ മാത്രമേ മാതാപിതാക്കന്മാർ മരിച്ചുപോയി എന്നു പറയാവു. അല്ലാതെ പറയരുത് എന്ന് ആരൂഢവിവക്ഷകൂടി ഈ ഘട്ടത്തിൽ വന്നതുകൊണ്ടു സൂചിപ്പിച്ചിരിക്കുന്നു. സൂര്യൻ പിതൃകാരകനാണെന്നും ചന്ദ്രൻ മാതൃകാരകനാണെന്നും സ്പഷ്ടമാണല്ലോ. ഇതുപോലെ ബുധൻ നീചത്തിലൊ, ശത്രുക്ഷേത്രത്തിലോ നിൽക്കുകയും ലഗ്നാരൂഢങ്ങളിൽ നോക്കാതിരിക്കുകയും ചെയ്‌താൽ അമ്മാവന്മാരില്ലെന്നും യുക്തിപൂർവ്വം ചിന്തിച്ചുപറയാവുന്നതാണ്. കാരകഗ്രഹങ്ങളെകൊണ്ടുള്ള ചിന്തയ്ക്ക് ഏറ്റവും പ്രാബല്യമുണ്ടെന്നുള്ളതിന്, "ദിവാകരേന്ദ്വോ സ്മരഗൌ കുജാർക്കജൌ " എന്നാദിയായ ഹോരാവാക്യം സ്പഷ്ടമാക്കുന്നുണ്ട്.

Labels: , ,

ഭർത്താവിന്റെ മാതാപിതാക്കന്മാർ മരണപ്പെട്ടു

ഭർത്താവിന്റെ മാതാപിതാക്കന്മാർ മരണപ്പെട്ടു

ലഗ്നാരൂഢർക്ഷയോരസ്തം യദാർക്കഃ ശത്രുനീചഗഃ
ന പശ്യതി പിതാ പുംസോ നാസ്തി മാതാ ശശീ യദി. ഇതി.

സാരം :-

ഉദയാരൂഢങ്ങളുടെ ഏഴാം ഭാവങ്ങൾ ഭർത്തൃലഗ്നങ്ങളാണല്ലോ. ഈ ഭർത്തൃ ലഗ്നങ്ങളിൽ സൂര്യദൃഷ്ടിവരരുത്. സൂര്യൻ ശത്രുക്ഷേത്രത്തിലോ നീചത്തിലോ നിൽക്കുകയും വേണം. ഇങ്ങനെ വന്നാൽ പുരുഷന്റെ അച്ഛൻ ഇപ്പോൾ ഇല്ലെന്നു പറയണം. ഇതുപോലെ ചന്ദ്രന്റെ സ്ഥിതി നീചത്തിലോ, ശത്രുക്ഷേത്രത്തിലോ വരികയും ഭർത്തൃലഗ്നത്തിൽ (ഉദയാരൂഢങ്ങളുടെ ഏഴാം ഭാവത്തിൽ) ചന്ദ്രദൃഷ്ടി ഇല്ലാതിരിക്കുകയും ചെയ്‌താൽ വരനു (ഭർത്താവിനു) മാതാവില്ലെന്നും പറയണം. ഇവിടെ കാരകഗ്രഹങ്ങൾക്കു നീചവും ശത്രുക്ഷേത്രസ്ഥിതിയുമാണ്‌ ദോഷങ്ങളായി കല്പിച്ചിരിക്കുന്നത്. മൌഢ്യ൦, പാപമദ്ധ്യസ്ഥിതി മുതലായ ദോഷങ്ങളും യുക്തിപോലെ ചിന്തിക്കേണ്ടതാണ്.

അഥവാ ഈ യോഗം ഉണ്ടായാൽ തന്നെയും വ്യാഴദൃഷ്ടി ഉണ്ടെങ്കിൽ ഇതുപറയാൻ പാടില്ലെന്ന് " ദൃഷ്‌ടേƒമരരാജമന്ത്രിണാദീർഘായുഃ സുഖഭാക്ചസസ്മൃതഃ " എന്ന ഹോരാവാക്യംകൊണ്ടു ഗ്രഹിക്കേണ്ടതാണ്. ദൃഷ്ടി എന്നുള്ളതുകൊണ്ടു പൂർണ്ണദൃഷ്ടിയെയാണ് വിവക്ഷിച്ചിരിക്കുന്നതെന്ന് പ്രത്യേകം ഗ്രഹിക്കേണ്ടതാണ്. അല്പദൃഷ്ടി ഉണ്ടായിരുന്നാൽ ഈ യോഗം പറയാൻ പാടില്ലെന്നു സാരം. 

Labels: , ,

വിവാഹപ്രശ്നത്തിൽ പ്രഷ്ടാവ് ജ്യോതിഷക്കാരനോട് ചോദിക്കേണ്ടത്

വിവാഹപ്രശ്നത്തിൽ പ്രഷ്ടാവ് ജ്യോതിഷക്കാരനോട് ചോദിക്കേണ്ടത്

കന്യകേയമനേനോഢാ ഭർത്തൃപുത്രാദിസംയുതാ
ഭവിതാ കിന്നു? കിന്നോ വാ? വിവാഹപ്രശ്ന ഈദൃശഃ

സാരം :-

വിവാഹപ്രശ്നത്തിൽ പ്രഷ്ടാവ് ജ്യോതിഷക്കാരനോട് ചോദിക്കേണ്ടത് ഇന്ന നാമനക്ഷത്രങ്ങളോടുകൂടിയ കന്യകയെ ഇന്ന നാമനക്ഷത്രങ്ങളോടുകൂടിയ പുരുഷൻ വിവാഹം ചെയ്‌താൽ നെടുമംഗല്യവും പുത്രഭാഗ്യവും മറ്റുലൗകികങ്ങളായ ഐശ്വര്യങ്ങളും സിദ്ധിക്കുമോ? എന്നാണ്. വിവാഹപ്രശ്നക്രിയാസന്ദർഭത്തിൽ ജ്യോതിഷിയുടെ (ദൈവജ്ഞന്റെ) പ്രാർത്ഥനയും ഇപ്രകാരമായിരിക്കണം. ഇവിടെ ഭർത്തൃപുത്രാദി സംയുത എന്ന ഭാഗംകൊണ്ട് ഭർത്താവിനു നിശ്ചയമായും ദീർഘായുസ്സുണ്ടായിരിക്കേണ്ടതാണെന്നു സൂചിപ്പിച്ചിരിക്കുന്നു.

Labels: , ,

ലഗ്നം കൊണ്ടു വധുവിന്റെ ലക്ഷണങ്ങളേയും ഏഴാംഭാവംകൊണ്ട് വരന്റെ ലക്ഷണങ്ങളേയും ചിന്തിക്കണം

ലഗ്നം കൊണ്ടു വധുവിന്റെ ലക്ഷണങ്ങളേയും ഏഴാംഭാവംകൊണ്ട് വരന്റെ ലക്ഷണങ്ങളേയും ചിന്തിക്കണം

വധ്വാ വരസ്യാപ്യുഡു നാമ ചോക്ത്വാ
പ്രശ്നസ്തഥാപ്യേഷ വധൂപ്രധാനഃ
ലഗ്നാത്തതോƒസ്യാ മദതശ്ച പത്യുർ-
വാച്യം ഹി ലക്ഷ്മേഹ ഗുരുസ്തഥാഹ.

സാരം :-

വിവാഹപ്രശ്നത്തിൽ വധുവിന്റേയും വരന്റേയും നക്ഷത്രങ്ങളും പേരും സങ്കല്പിച്ചുവേണം വിവാഹപ്രശ്നം ആരംഭിക്കേണ്ടത്. ഇങ്ങനെ രണ്ടുപേരുടേയും നാമനക്ഷത്രങ്ങൾ സങ്കല്പിക്കുന്നു എങ്കിലും ഇവിടെ വധുവിനാണ് പ്രാധാന്യം നൽകേണ്ടത്. ആകയാൽ ലഗ്നം കൊണ്ടു വധുവിന്റെ ലക്ഷണങ്ങളേയും ഏഴാംഭാവംകൊണ്ട് വരന്റെ ലക്ഷണങ്ങളേയും ചിന്തിക്കണം.

ലഗ്നാൽ രണ്ടാംഭാവംകൊണ്ട് വധുവിന്റെ വിദ്യാ, ധനകുടുംബാദികളേയും മൂന്നാം ഭാവംകൊണ്ട് വധുവിന്റെ സഹോദരാദികളേയും നാലാംഭാവംകൊണ്ട് മാതൃ മാതുലാദികളേയും ഇങ്ങനെ ക്രമേണ ചിന്തിച്ചുകൊള്ളണം. 

---------------------------------------------

ഏവം ഭർത്തൃസ്വഭാവാദിവയോഗുണസുഖാദയഃ
സപ്തമർക്ഷാൽ ഭവന്ത്യേവം ലഗ്നാൽ കന്യാഗുണാദയഃ. ഇതി.

സാരം :-

വധുവിന്റെ വയസ്സ്, സ്വഭാവം, ഗുണങ്ങൾ തുടങ്ങിയ എല്ലാ ലക്ഷണങ്ങളും കുടുംബാദികളായ മറ്റു ഫലങ്ങളും ലഗ്നം ആദിയായി പന്ത്രണ്ടു ഭാവങ്ങളെക്കൊണ്ട് ചിന്തിച്ചറിഞ്ഞുകൊള്ളണം.

അതുപോലെ ഭർത്താവിന്റെ വയസ്സ്, സ്വഭാവം, ഗുണങ്ങൾ, ധന കുടുംബാദികളായ മറ്റു ഭാവഫലങ്ങൾ ഇവയെല്ലാം ഏഴാംഭാവം ലഗ്നമെന്നു കരുതി ക്രമേണ പന്ത്രണ്ടുഭാവങ്ങളെക്കൊണ്ടു വിചാരിക്കേണ്ടതാണ്.

ലഗ്നത്തിന്റെ ഒമ്പതാംഭാവംകൊണ്ടു സ്ത്രീയുടെ പിതാവും, ഭാഗ്യം, പുണ്യം ഇത്യാദി ഫലങ്ങളുടെ ശുഭാശുഭത്വവും ഏഴാംഭാവത്തിൽ നിന്ന് അതിന്റെ ഒൻപതാം ഭാവംകൊണ്ടു പുരുഷന്റെ (ഭർത്താവിന്റെ / വരന്റെ) പിതാവ്, ഭാഗ്യം, പുണ്യം ഇത്യാദി ഫലങ്ങളും ചിന്തിക്കപ്പെടാമെന്നു സാരം.

ലഗ്നംകൊണ്ടു വധുവിന്റേയും ലഗ്നത്തിൽ നിന്ന് സിദ്ധിക്കുന്ന ഏഴാംഭാവം കൊണ്ടു വരന്റേയും ശുഭാശുഭങ്ങൾ പറയേണ്ടതാണെന്നുള്ള ഈ ബൃഹസ്പതി വാക്യം കൊണ്ടാണ് വിവാഹപ്രശ്നം വധൂപ്രധാനമാണെന്നും മേൽ പറഞ്ഞിട്ടുള്ളത്. ഇതുകൊണ്ടു ലഗ്നത്തിന്റേയും ഏഴാംഭാവത്തിന്റെയും അഞ്ചാംഭാവംകൊണ്ടു ഇവരുടെ സന്താനചിന്ത ചെയ്യാമെങ്കിലും "വധൂപ്രധാന" എന്ന ഭാഗംകൊണ്ടു ലഗ്നഭാവത്തിനാണ് ആ വക ചിന്തകൾക്ക് പ്രാധാന്യമെന്നുള്ള വിശേഷംകൂടി ഗ്രാഹ്യമാകുന്നു.

Labels: , ,

വിവാഹപ്രശ്നത്തിനു ജ്യോതിഷിയെ കാണുമ്പോൾ

വിവാഹപ്രശ്നത്തിനു ജ്യോതിഷിയെ കാണുമ്പോൾ

ദൈവജ്ഞം ഭക്തിതോ നത്വാ സംപൂജ്യാദൗ യഥാബലം
ഉഡുനീ നാമനീ ചോക്ത്വാ സംപൃച്ഛേത്സകൃദേവ തം.

സാരം :-

ദൂതനോ, പ്രഷ്ടാവോ, ജ്യോതിഷിയെ (ദൈവജ്ഞനെ) കണ്ടാൽ മുൻപേ തന്നെ ഭക്തിപൂർവ്വം വന്ദിച്ചു തങ്ങളുടെ ശക്തിക്കനുകൂലമായവിധം കാഴ്ചദ്രവ്യങ്ങളെക്കൊണ്ടു പൂജിച്ച് തൃപ്തിവരുത്തിയിട്ടു കന്യകയുടേയും വരന്റേയും നക്ഷത്രങ്ങളും പേരുകളും ജ്യോതിഷിയോട് ശാന്തമായ വിധം പറഞ്ഞുകൊടുത്തിട്ടു തങ്ങളുടെ അഭീഷ്ടത്തെ ഒരു പ്രാവശ്യം മാത്രം ചോദിക്കേണ്ടതാണ്.

സംപൃച്ഛേൽ, എന്ന വാക്യത്തിൽ സം എന്ന ഉപസർഗ്ഗംകൊണ്ടും സംപൂജ്യ എന്ന സ്ഥാനത്തെ സം എന്ന ഉപസർഗ്ഗംകൊണ്ടും ശാന്തമായും ഭക്തിപൂർവ്വമായും ചോദിക്കേണ്ടതാണെന്നും യഥാശക്തി കാഴ്ചവച്ചു തൃപ്തിപ്പെടുത്തേണ്ടതാണെന്നും സൂചിപ്പിച്ചിരിക്കുന്നു.

സകൃൽ, ഏവ എന്ന ഭാഗംകൊണ്ടു വിവാഹ പ്രശ്നത്തിൽ ദൂതന്റേയോ, പ്രഷ്ടാവിന്റെയോ ചോദ്യത്തിന് പുനരാവൃത്തി ഉണ്ടാകരുതെന്നും അഥവാ ഉണ്ടാകുന്ന പുനരാവൃത്തി പുനർവ്വിവാഹലക്ഷണം ആണെന്നും സൂചിപ്പിച്ചിരിക്കുന്നു. 

ഈ പദ്യം ബൃഹസ്പതി വചനമാണ്. 

Labels: , ,

വിവാഹപ്രശ്നത്തിനുള്ള ശുഭമുഹൂർത്തം ഗ്രഹസ്ഥിതികൊണ്ടു വിവാഹമുഹൂർത്തത്തോടു തുല്യമായിരിക്കണം

വിവാഹപ്രശ്നത്തിനുള്ള ശുഭമുഹൂർത്തം ഗ്രഹസ്ഥിതികൊണ്ടു വിവാഹമുഹൂർത്തത്തോടു തുല്യമായിരിക്കണം

പ്രശ്നലഗ്നവശതഃ കരഗ്രഹേ ഭാവി ശംസതു ശുഭാശുഭം ബുധഃ
സ്വാദ്വിവാഹവദിഹ ഗ്രഹസ്ഥിതിഃ സപ്തമേ തു ശുഭദാഃ ശുഭഗ്രഹാഃ. ഇതി.

സാരം :-

ഇവിടെ ജ്യോതിഷിയ്ക്ക് ബുധഃ എന്ന് പ്രത്യേകം നിർവചനം ചെയ്തതുകൊണ്ട് ദൈവജ്ഞൻ (ജ്യോതിഷി) നല്ല ജ്യോതിഷ പണ്ഡിതനായിരിക്കണമെന്നു സൂചിപ്പിച്ചിരിക്കുകയാണ്. വിദ്വാനാണെങ്കിൽ മാത്രമേ വരാൻ പോകുന്ന നന്മതിന്മകളെ യഥാകാലം ശരിയായി പറഞ്ഞുകൊടുക്കാൻ സാധിക്കയുള്ളൂ. വിവാഹപ്രശ്നം നോക്കി ഭാവിയിലുള്ള ശരിയായ അനുഭവങ്ങളും അവയ്ക്കുള്ള കാലങ്ങളും ജ്യോതിഷി പ്രഷ്ടാവിനെ ധരിപ്പിക്കേണ്ടതാണ്.

ഈ വിവാഹപ്രശ്നത്തിനുള്ള ശുഭമുഹൂർത്തം ഗ്രഹസ്ഥിതികൊണ്ടു വിവാഹമുഹൂർത്തത്തോടു തുല്യമായിരിക്കണം. വാരതാരാദികൾ പൂർവ്വാർദ്ധത്തിൽ വിവരിച്ചിട്ടുണ്ടല്ലോ. എന്നാൽ വിവാഹലഗ്നത്തിന്റെ ഏഴാം ഭാവത്തിൽ ശുഭഗ്രഹങ്ങളാകട്ടെ പാപഗ്രഹങ്ങളാകട്ടെ ഒരു ഗ്രഹങ്ങളും നിൽക്കാൻ പാടില്ല എന്നാണ് നിയമം. വിവാഹവിഷയമായ പ്രശ്നത്തിൽ ആരൂഢലഗ്നങ്ങളുടെ ഏഴാംഭാവത്തിൽ ശുഭഗ്രഹങ്ങൾ നിൽക്കുന്നത് ശോഭനമാകുന്നു.

വിവാഹമുഹൂർത്തത്തിനു സപ്തമശുദ്ധിതന്നെ വേണം. വിവാഹപ്രശ്നത്തിന് ഭാവദോഷങ്ങളില്ലാത്ത ശുഭന്മാർ ഏഴാം ഭാവത്തിൽ വരുന്നത് ഭാര്യാഭർത്തൃ സമാഗമത്തിനു ശുഭോദയമാകുന്നു.

Labels: , ,

വിവാഹചിന്തയിൽ ദൈവജ്ഞൻ (ജ്യോതിഷി) ആദ്യമായി ചെയ്യേണ്ടത്‌ വധൂവരന്മാരുടെ ആയുർനിരൂപണമാണ്

വിവാഹചിന്തയിൽ ദൈവജ്ഞൻ (ജ്യോതിഷി) ആദ്യമായി ചെയ്യേണ്ടത്‌ വധൂവരന്മാരുടെ ആയുർനിരൂപണമാണ്

കന്യായഃ പുരുഷസ്യ ച പ്രഥമതോ നിർണ്ണീയ ചായുഃ പുനഃ
സന്താനാദി തഥേതരച്ച സകലം ദൈവജ്ഞവര്യസ്തതഃ
ഭാവിപ്രശ്നവിലഗ്നതോപി നിഖിലം പാണിഗ്രഹം കാരയേ - 
ത്സന്താനായ യതഃ പ്രയാതി നിതരാം പ്രീതിം പിതൃണാം ഗണഃ. - ഇതി

സാരം :-

വിവാഹചിന്തയിൽ ദൈവജ്ഞൻ (ജ്യോതിഷി) ആദ്യമായി ചെയ്യേണ്ടത്‌ വധൂവരന്മാരുടെ ആയുർനിരൂപണമാണ്. രണ്ടുപേർക്കും ദീർഘായുസ്സ് ഉണ്ടെന്നു കണ്ടാൽ പിന്നീടു ഭാവിയിൽ അവർ അനുഭവിക്കാൻ പോകുന്ന ശുഭാശുഭങ്ങളെപ്പറ്റിയും സന്താന സൌഭാഗ്യത്തെക്കുറിച്ചും ജാതകംകൊണ്ടുതന്നെ ചിന്തിക്കണം. മേൽ പറഞ്ഞ ആയുശ്ചിന്തയും സന്താനസൌഭാഗ്യാദിവിചാരവും പ്രശ്നം കൊണ്ടും ചിന്തിച്ചറിയേണ്ടതാണ്. ഇങ്ങനെ ജാതകംകൊണ്ടും പ്രശ്നംകൊണ്ടും ദമ്പതികൾ ദീർഘായുസ്സുകളാണെന്നും പുത്രസൗഭാഗ്യാദി ശുഭാശുഭങ്ങൾക്ക് ആനുകൂല്യമുണ്ടെന്നും ബോദ്ധ്യം വന്നാൽ വിവാഹം ചെയ്യിക്കയാണ് ബുദ്ധിമാനായ ജ്യോതിഷക്കാരന്റെ ധർമ്മം.

ആയുർവ്വിഷയമായോ, സന്താനസംബന്ധമായോ, മറ്റു ഭാഗ്യാനുഭവങ്ങളെക്കുറിച്ചോ, പ്രതികൂലാഭിപ്രായം തോന്നിയാൽ വിവാഹത്തിനു അനുവദിക്കരുതെന്ന് " ദൈവജ്ഞവര്യഃ പാണീഗ്രഹം കാരയേൽ " എന്ന ഭാഗംകൊണ്ടു സൂചിപ്പിച്ചിരിക്കുന്നു. വിവാഹത്തിന്റെ പ്രധാന ഉദ്ദേശം സന്തത്യർത്ഥമാകുന്നു. പിതൃക്കൾ സന്തോഷിക്കണമെങ്കിൽ സന്തതി ഉണ്ടായിരിക്കണം. തിലഹവനം, ക്ഷേത്രപിണ്ഡം മുതലായ കർമ്മങ്ങൾ പിതൃ പ്രീതികരങ്ങളാണെങ്കിലും അതിനുള്ള കർത്തൃത്വവും അവകാശവും സന്താനങ്ങളിലാണിരിക്കുന്നത്. അതിനാൽ വിവാഹം പിതൃപ്രീതികരമായ ഒരു കർമ്മമാണ്. 

ഈ പദ്യംകൊണ്ടു പറയപ്പെട്ട സംഗതികൾ പ്രശ്നസംഗ്രഹത്തിൽ പറയപ്പെട്ടവയാണ്.

--------------------------------------------

വിവാഹവിഷയപ്രശ്നസ്യാസ്ത്യേവാവശ്യകാര്യതാ
ബൃഹസ്പതിസ്തഥാ ചാഹ മാധവീയേ ച മാധവഃ

സാരം :-

വധൂവരന്മാരെക്കൊണ്ടു വിവാഹക്രിയചെയ്യിക്കുന്നത് പ്രശ്നം നോക്കി ശുഭാശുഭചിന്ത ചെയ്തതിനുശേഷമാണ് വേണ്ടത്. അല്ലാതെ നിശ്ചയമായും ചെയ്യിക്കരുത്. ഇങ്ങിനെ ബൃഹസ്പതിയും സ്വഗ്രന്ഥത്തിൽ മാധവാചാര്യനും സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്. അതിനാൽ വിവാഹപ്രശ്നം അവശ്യകമെന്നു സിദ്ധിക്കുന്നു.

Labels: , ,