ഗണപ്പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?
നക്ഷത്രങ്ങളെ ദേവഗണമെന്നും മനുഷ്യഗണമെന്നും, അസുരഗണമെന്നും 3 ആയി തരം തിരിച്ച് അതിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീ പുരുഷന്മാ൪ക്ക് പൊരുത്തമുണ്ടോ എന്ന് കാണുന്നതാണ് ഗണപ്പൊരുത്തം.
സത്വഗുണ പ്രധാന നക്ഷത്രങ്ങളെ ദേവഗണമെന്നും, രജോഗുണ പ്രധാന നക്ഷത്രങ്ങളെ മനുഷ്യഗണമെന്നും, തമോഗുണ പ്രധാന നക്ഷത്രങ്ങളെ അസുരഗണമെന്നും പറയുന്നു.
പുഷ്യാദിതിഹരിമിത്ര
സ്വാത്യശ്വിഭഹസ്തരേവതീന്ദ്വധിപാഃ
ഏതാ നവ ദേവാഖ്യാ
മനുഷ്യസംജ്ഞാ നവാƒഥ കഥ്യന്തേ
സാരം :-
ദേവഗണം നക്ഷത്രങ്ങള്‍
1. പൂയ്യം
2. പുണ൪തം
3. തിരുവോണം
4. അനിഴം
5. ചോതി
6 അശ്വതി
7. അത്തം
8. രേവതി
9. മകീര്യം
എന്നീ ഒമ്പത് നക്ഷത്രങ്ങള്‍ ദേവഗണങ്ങളാകുന്നു.
**********************
പൂ൪വ്വാത്രയയമരോഹി-
ണ്യാ൪ദ്രാവിശ്വാഖ്യഭാഗ്യബുദ്ധ്ന്യധിപാഃ
ശേഷാ നവാƒസുരാഖ്യാ-
സ്താരാ ഇതി കീ൪ത്തിതം ഗണത്രിതയം.
സാരം :-
മനുഷ്യഗണം നക്ഷത്രങ്ങള്‍
1. പൂരം
2. പൂരാടം
3. പൂരോരുട്ടാതി
4. ഭരണി
5. രോഹിണി
6. തിരുവാതിര
7. ഉത്രാടം
8. ഉത്രം
9. ഉത്രട്ടാതി
എന്നീ ഒമ്പത് നക്ഷത്രങ്ങള്‍ മനുഷ്യഗണങ്ങള്‍ ആകുന്നു
********************
അസുരഗണം നക്ഷത്രങ്ങള്‍
1. കാ൪ത്തിക
2. ആയില്യം
3. മകം
4. ചിത്രം
5. വിശാഖം
6. തൃക്കേട്ട
7. മൂലം
8. അവിട്ടം
9. ചതയം
എന്നീ ഒമ്പത് നക്ഷത്രങ്ങള്‍ അസുരഗണങ്ങളാകുന്നു
**********************************
ശുഭദം ഗണൈക്യ.മിതര-
ന്നിന്ദ്യം, പ്രായോ, വിശേഷമിഹ വക്ഷ്യേ
ദേവഗണോത്ഥേ പുരുഷേ
മാനുഷഗണസംഭവാപി ശുഭദാ സ്ത്രീ
സാരം :-
സ്ത്രീ പുരുഷന്‍മാര്‍ ഒരേ ഗണത്തില്‍ ജനിച്ചവരാണെങ്കില്‍, ശുഭപ്രദമാകുന്നു. രണ്ടുപേരും രണ്ടു ഗണത്തില്‍ ജനിച്ചവരാണെങ്കില്‍ പ്രായേണ നിന്ദ്യവുമാണ്. എന്നാല്‍ ഇവിടെ കുറച്ചു ചില വിശേഷമുള്ളതും പറയാം. ദേവഗണത്തില്‍ ജനിച്ച പുരുഷനാണെങ്കില്‍ മനുഷ്യഗണനക്ഷത്രത്തില്‍ ജനിച്ച സ്ത്രീ ആയാലും ശുഭപ്രദം തന്നേയാകുന്നു.
********************
അസുരഗണോത്ഥേ പുരുഷേ
മദ്ധ്യാ സ്യാത് സ്ത്രീ മനുഷ്യഗണജാതാ
ദേവഗണസംഭവായാം
യോഷിതി നൃഗണോത്ഭവഃ പുമാന്‍ നിന്ദ്യഃ.
സാരം :-
പുരുഷന്‍ അസുരഗണത്തില്‍ ജനിച്ചവനാണെങ്കില്‍, മനുഷ്യഗണത്തില്‍ ജനിച്ച സ്ത്രീയെ മദ്ധ്യമമായി എടുക്കാം.
മനുഷ്യഗണത്തില്‍ ജനിച്ച പുരുഷന്‍ ദേവഗണത്തില്‍ ജനിച്ച സ്ത്രീയെ എടുക്കുന്നത് നിന്ദ്യവുമാകുന്നു. (ചില ജ്യോതിശാത്രജ്ഞര്‍ മദ്ധ്യമമായി എടുക്കുന്നുണ്ട്. കാരണം, മനുഷ്യന്‍ ദേവതകളെ പൂജിയ്ക്കുന്നതു പോലെ പുരുഷന്‍ സ്ത്രീയെ (ഭാര്യയെ) പൂജിയ്ക്കുമെന്ന് കരുതുന്നു.).
അസുരഗണോക്ത നാരീ
കഷ്ടതരാ മാനുഷോത്ഭവേ പുരുഷേ
നാത്യശുഭാ സാപി സ്യാത്
സ്ത്രീദീര്‍ഘേ വാപി, സൂക്ഷമഗണൈക്യേ.
സാരം :-
മാനുഷഗണജാതനായ പുരുഷന്‍ അസുരഗണജാതയായ സ്ത്രീയെ വിവാഹം ചെയ്യുന്നത് അത്യന്തം ദേഷപ്രദമാകുന്നു. "സ്ത്രീദീര്‍ഘമോ" "സൂക്ഷമനക്ഷത്രഗണൈക്യ"മൊ ഉണ്ടെങ്കില്‍, ഒടുവില്‍ പറഞ്ഞ ഈ ദോഷത്തിന്‍റെ ശക്തി കുറച്ചു കുറയുകയും ചെയ്യും.
**********************************
സൂക്ഷമനക്ഷത്രഗണൈക്യ മാണ് ഇനി പറയുവാന്‍ പോകുന്നത്.
ദമ്പതി ലഗ്നോത്ഭവയോ-
ശ്ചന്ദ്രസ്യ നവാംശകോത്ഥയോര്‍വ്വാപി
നക്ഷത്രയോര്‍ഗ്ഗണൈക്യം
സൂക്ഷമര്‍ക്ഷഗണൈക്യ ശബ്ദഗദിതമിഹ
സാരം :-
സ്ത്രീയുടേയും പുരുഷന്റേയും ലഗ്നസ്ഫുടത്തെ വേറെ വെച്ച് രണ്ടില്‍ നിന്നു നാള് കാണുക. അല്ലെങ്കില്‍ ഇരുവരുടേയും ചന്ദ്രന്റെ നവാംശക സ്ഫുടം വരുത്തി അതില്‍ നിന്നായാലും നാള് കണ്ടാല്‍ മതി. ഇങ്ങനെ കാണുന്ന നക്ഷത്രങ്ങളെയാണ് സൂക്ഷ്മ നക്ഷത്രങ്ങള്‍ എന്നു പറയുന്നത്. ഈ സൂക്ഷമനക്ഷത്രങ്ങളുടെ ഗണം ഒന്നായി വന്നാല്‍, അതിനെയാണ് സൂക്ഷ്മനക്ഷത്രഗണൈക്യം എന്നു പറയുന്നത്.
**********************************
പൂരോത്രാദ്യങ്ങള്‍ മൂന്നാംതിര ഭരണിയുമാ
രോഹണീ മര്‍ത്ത്യരോവം
ചിത്ര തൃക്കേട്ട മൂലം മകചതയവിട്ടം
കാര്‍ത്തികായില്യവും,
ശംഖം താന്‍ രാക്ഷസന്മാര്‍.
പുണര്‍തവുമനിഴം
പൂയ്യമത്തം തിരോണം
രേവത്യശ്വം മകീരം സുരഗണമിവയില്‍
ചോതിയും ചേര്‍ത്തിടേണം
പൂരോത്രാദ്യങ്ങള്‍ - പൂരം, പൂരാടം, പൂരോരുട്ടാതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി.
***************************************
ഒന്നായ് വന്നാല്‍ ഗണം താനതു ബഹുഗുണമായ്
ദോഷമാകും മറിച്ചായ് -
വന്നാ; ലെന്നാല്‍ വിശേഷം പുനരിഹ പറയാം
ദേവനാ നാരി ചേരും;
കഷ്ടിച്ചാ നാരിയാകാമസുരനു; മനുജ-
ന്നപ്സരസ്ത്രീ നിഷിദ്ധം;
മ൪ത്ത്യന്നാ രാക്ഷസസ്ത്രീ വരികിലതു മഹാ-
ദോഷമാകും വിശേഷാല്‍
സാരം :-
ഇതില്‍ മനുഷ്യന്‍ മുതലായവകൊണ്ട്, അതാതു ജാതിയില്‍ അതാതു ലിംഗവും ധരിയ്ക്കണം. ദേവന്‍ എന്ന് പറഞ്ഞാല്‍ ദേവഗണത്തില്‍ പുരുഷന്‍ എന്നും, നാരീ എന്ന് പറഞ്ഞാല്‍ മനുഷ്യഗണത്തില്‍ സ്ത്രീ എന്നും ധരിച്ചുകൊള്ളണം എന്ന് സാരം.
ഗണമൊന്നാകിലോ മുഖ്യം
മദ്ധ്യമം ദേവ മാനുഷം
ദേവാസുര ഗണം നിന്ദ്യം
ആകാ മാനുഷ രാക്ഷസം
പൂരം, പൂരാടം, പൂരോരുട്ടാതി, ഭരണി, രോഹിണി തിരുവാതിര, ഉത്രാടം, ഉത്രം, ഉത്രട്ടാതി എന്നീ ഒമ്പത് നക്ഷത്രങ്ങള്‍ മനുഷ്യഗണങ്ങളും.
കാര്‍ത്തിക, ആയില്യം, മകം, ചിത്രം, വിശാഖം, തൃക്കേട്ട, മൂലം, അവിട്ടം, ചതയം എന്നീ ഒമ്പത് നക്ഷത്രങ്ങളും അസുരഗണങ്ങളുമാകുന്നു.
പുണര്‍തം, അനിഴം, പൂയ്യം, അത്തം, തിരുവോണം, രേവതി, അശ്വതി, മകീര്യം, ചോതി എന്നീ ഒമ്പത് നക്ഷത്രങ്ങള്‍ ദേവ ഗണങ്ങളുമാകുന്നു.
സ്ത്രീ രാക്ഷസം പുമാന്‍ മര്‍ത്ത്യഗണമെങ്കില്‍ വിവര്‍ജ്ജ്യയേല്‍ എന്നും
സ്ത്രീ രാക്ഷസസ്യദോഷസ്യ
ചതുര്‍ദശ വിനാഫലം എന്നും ശാസ്ത്രവചനമുണ്ട്.
ആയതിനാല്‍ സ്ത്രീ രാക്ഷസഗണവും പുരുഷന്‍ മാനുഷഗണവും ആയാല്‍ അധമമാണ്.
എന്നാല്‍ സ്ത്രീ രാക്ഷസഗണമായാല്‍ സ്ത്രീനാള്‍ മുതല്‍ 14 നക്ഷത്രത്തിന് മേലുള്ള മറ്റു ഗണങ്ങളില്‍ പുരുഷന്‍ ജനിച്ചാല്‍ ദോഷമല്ലാത്തതാകുന്നു.
സ്ത്രീ ദീര്‍ഘതയാല്‍ സ്ത്രീയുടെ അസുരഗണദോഷം മാറുന്നതാണെന്ന് താല്‍പര്യം.
******************************
ഗണപ്പൊരുത്ത നിയമങ്ങള്‍
1. സ്ത്രീ നക്ഷത്രവും പുരുഷ നക്ഷത്രവും ഒരേ ഗണമായാല്‍ ഗണപ്പൊരുത്തം ഉത്തമം
2. സ്ത്രീ നക്ഷത്രം മനുഷ്യഗണം പുരുഷ നക്ഷത്രം ദേവഗണം ഗണപ്പൊരുത്തം ഉണ്ട്.
3. സ്ത്രീ നക്ഷത്രം മനുഷ്യഗണം പുരുഷ നക്ഷത്രം അസുരഗണം ഗണപ്പൊരുത്തം മധ്യമം.
4. സ്ത്രീ നക്ഷത്രം ദേവഗണം പുരുഷ നക്ഷത്രം മനുഷ്യഗണം ഗണപ്പൊരുത്തം അധമം, ഭയം ഫലം. (ചില ജ്യോതിശാത്രജ്ഞര്‍ മദ്ധ്യമമായി എടുക്കുന്നുണ്ട്. കാരണം, മനുഷ്യന്‍ ദേവതകളെ പൂജിയ്ക്കുന്നതു പോലെ പുരുഷന്‍ സ്ത്രീയെ (ഭാര്യയെ) പൂജിയ്ക്കുമെന്ന് കരുതുന്നു.)
5. സ്ത്രീ നക്ഷത്രം രാക്ഷസഗണം പുരുഷ നക്ഷത്രം മനുഷ്യഗണം പൊരുത്തമില്ല.
6. സ്ത്രീ നക്ഷത്രം ദേവഗണം പുരുഷ നക്ഷത്രം രാക്ഷസഗണം നിന്ദ്യം, കലഹം ഫലം
7. സ്ത്രീ നക്ഷത്രം രാക്ഷസഗണം പുരുഷ നക്ഷത്രം ദേവഗണം പൊരുത്തമില്ല, മരണം ഫലം