Saturday, 3 September 2016




ബ്രഹ്മചര്യം










വശ്യപ്പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?

വശ്യപ്പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?


വൃശ്ചികസിംഹൌ, ക൪ക്കട-
ജൂകൌ, കന്യാഥ, കോ൪പ്പിചാപാഹ്വൗ;
തൗലി, സ്തൃതീയമീനൗ, ദശമൌ
മൃഗകന്യേ, ക൪ക്കടോƒഥ, മീനാഖ്യഃ

ഘടമേഷാവഥ, മേഷോ,
മൃഗ, ഇതി വശ്യാഃ ക്രമാദജാദീനാം;
അന്യേന്ദോ൪വ്വശ്യ൪ക്ഷേ
സ്വജന്മശുഭദം ഭവേദയം വശ്യഃ

സാരം :-

മേടത്തിന് വൃശ്ചികവും ചിങ്ങവും വശ്യം

ഇടവത്തിന് ക൪ക്കിടകവും തുലാവും വശ്യം

മിഥുനത്തിന്  കന്നി വശ്യം

ക൪ക്കിടകത്തിന് വൃശ്ചികം ധനുവും വശ്യം

ചിങ്ങത്തിന് തുലാം വശ്യം

കന്നിയ്ക്ക് മിഥുനവും മീനവും വശ്യം

തുലാത്തിന് മകരവും കന്നിയും വശ്യം

വൃശ്ചികത്തിന് ക൪ക്കിടകം വശ്യം

ധനുവിന് മീനം വശ്യം

മകരത്തിന് കുംഭവും മേടവും വശ്യം

കുംഭത്തിന് മേടം വശ്യം

മീനത്തിന് മകരം വശ്യം


സ്ത്രീയുടെയും പുരുഷന്‍റെയും ചന്ദ്രരാശികള്‍ (കൂറുകള്‍) പരസ്പരം വശ്യരാശികളായിരിക്കുന്നത് ശുഭപ്രദമാകുന്നു.

സ്ത്രീയുടെ ചന്ദ്രരാശിക്ക് പുരുഷന്‍റെ ചന്ദ്രരാശി വശ്യമായിരുന്നാല്‍ വശ്യപ്പൊരുത്തമുണ്ട്.

പുരുഷന്‍റെ ചന്ദ്രരാശിക്ക്  സ്ത്രീയുടെ ചന്ദ്രരാശി വശ്യമായിരുന്നാല്‍ വശ്യപ്പൊരുത്തമുണ്ട്.


****************************************************************


മേഷസ്യവശ്യസിംഹളീ
വൃഷഭേ കര്‍ക്കിതുലാമതും
മിഥുനസ്യ വശ്യവനിതാ
കര്‍ക്കടേ വൃശ്ചികം ധനു
ചിങ്ങത്തിന് തുലാം വശ്യം
കന്നിയ്ക്ക് മിഥുന മീനവും
മകരം കന്നി തുലാത്തിന്
വൃശ്ചികേ വശ്യ കര്‍ക്കിയാം
ധനുസിന്ന് മീനം വശ്യം
മകരേ മേഷ കുംഭവും
കുംഭത്തിന് മേടം വശ്യം
മീനേ മകര രാശിയാം
രാശീനാം വശ്യമീവണ്ണം
വശ്യാതന്യോന്യ വശ്യതേ.

സ്ത്രീയുടെ ചന്ദ്രരാശിയില്‍ നിന്നോ പുരുഷന്റെ ചന്ദ്രരാശിയില്‍ നിന്നോ ഇപ്രകാരം വശ്യ രാശി വന്നാല്‍ വശ്യപ്പൊരുത്തം ഉണ്ടാകുന്നു. അതുകൊണ്ടാണ് വശ്യാതന്യോന്യവശ്യതേ എന്നുള്ള പ്രയോഗം കൊടുത്തിട്ടുള്ളത്.

ദ്വയാര്‍ത്ഥ പ്രയോഗത്താലുള്ള ഈ വരിയ്ക്ക് രണ്ടുപ്രകാരത്തില്‍പ്പെടുന്ന അര്‍ത്ഥ വ്യാഖ്യാനങ്ങളുള്ളതിനാല്‍ വശ്യപ്പൊരുത്തത്താല്‍ ദമ്പതികള്‍ക്ക് അന്യോന്യം മനോരമ്യത (പരസ്പരാകര്‍ഷണം) ഭവിയ്ക്കാനിടയാകുന്നു.

സമസപ്തമോ വശ്യഃ എന്നുള്ളതിനാല്‍ ലഗ്നാലോ ചന്ദ്രാലോ ഉണ്ടാകാവുന്ന സമസപ്തമം കൊണ്ട് (പരസ്പരം വശ്യം ആകര്‍ഷിക്കപ്പെടുന്ന സ്നേഹം) ഉണ്ടാകുന്നതാണ്.

സംപ്രീതിസമസപ്തമേ എന്ന് രാശിപ്പൊരുത്തത്തില്‍ സൂചിപ്പിക്കുന്നതനുസരിച്ച് ദമ്പതികള്‍ തമ്മില്‍ സ്നേഹത്തിനിടയാകുന്നതാണ്.

ഇപ്രകാരം വശ്യം ഭവിച്ചില്ലെങ്കില്‍ ദോഷത്തിന് പ്രാധാന്യം ഇല്ലാത്തതിനാല്‍ മദ്ധ്യമവുമാണ്.



സിംഹകീടൌ കര്‍ക്കിതൌലീ കന്യാചാപാളിനൌ തുലാ
നൃയുങ്മീനാ വേണ കന്യേ കര്‍ക്കടോന്ത്യോ ഘടക്രിയൌ
മേഷോമൃഗശ്ച വശ്യാഖ്യാ മേഷാദീനാം പദൈഃ ക്രമാല്‍
സ്ത്രീ ജന്മഭസൃ വശ്യാഖൃ രാശൌ ജാതഃ പൂമാന്‍ ശുഭഃ


വശ്യപ്പൊരുത്തം പരിഹാരമാകുന്ന സാഹചര്യങ്ങള്‍

1. വശ്യപ്പൊരുത്തം ഷഷ്ഠാഷ്ടമദോഷത്തിന് പരിഹാരമാകും

2. വശ്യപ്പൊരുത്തം യോനിപ്പൊരുത്തമില്ലായ്മയ്ക്ക് പരിഹാരമാണ്

3. വശ്യപ്പൊരുത്തമുണ്ടെങ്കില്‍ മറ്റു പൊരുത്തങ്ങളില്ലെങ്കിലും ദോഷമില്ല.

സ്ത്രീപുരുഷന്മാ൪ തമ്മില്‍ വശ്യപ്പൊരുത്തമുണ്ടെങ്കില്‍ എന്തെല്ലാം അഭിപ്രായവ്യത്യാസം വന്നാലും അവ൪ തമ്മിലുള്ള ബന്ധം വേ൪പെടുകയില്ലെന്ന് അഭിപ്രായമുണ്ട്. 

Labels: ,

രാശി പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?

രാശി പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?

സ്ത്രീ ജാതകത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയും പുരുഷജാതകത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയും തമ്മില്‍ പൊരുത്തമുണ്ടാകണമെന്നാണ് രാശിപൊരുത്തം കൊണ്ട് ഉദ്ദേശിക്കുന്നത്.


സ്ത്രീജന്മ൪ക്ഷാത് സപ്തമ-
രാശാ, വേകാദശേ, ച ദശമേ ച

ജാതോ നരഃ ശുഭഃ സ്യാദ്,
ദ്വാദശനവമാഷ്ടമേഷു ചാപി ശുഭഃ
നക്ഷത്രസ്യ തു ഭേദേ
സുശുഭഃ സ്യാത് പ്രഥമരാശിജശ്ചാപി.

സാരം :-

സ്ത്രീയുടെ ജന്മത്തില്‍ (ചന്ദ്രലഗ്നത്തില്‍) നിന്ന് 7-11-10-12-9-8 എന്നീ ഭാവങ്ങളിലൊന്നില്‍ പുരുഷജാതകത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ (സ്ത്രീയുടെ കൂറില്‍ നിന്ന് 7 മുതല്‍ 12 വരെ ഏതെങ്കിലും ഒരു കൂറില്‍) ജനിച്ച പുരുഷന്‍ ശുഭപ്രദനാകുന്നു.

സ്ത്രീയുടേയും പുരുഷന്‍റെയും  ജന്മം (ചന്ദ്രലഗ്നം) ഒന്നുതന്നെയായാലും, ജന്മനക്ഷത്രം സ്ത്രീയുടേയും പുരുഷന്‍റെയും ഒന്നല്ലെങ്കില്‍, ഉത്തമവുമാണ്.


പഞ്ചമതൃതീയയോശ്ച
ദ്വിതീയരാശൗ ച നേഷ്യതേ ജാതഃ
മദ്ധ്യശ്ചതു൪ത്ഥരാശ,-
വഷ്ടമരാശൗ ച മദ്ധ്യ ഇതി കേചിത്


സാരം :-

സ്ത്രീയുടെ കൂറില്‍ നിന്നുതന്നെ 5-3-2 ഈ കുറുകളില്‍ ജനിച്ച പുരുഷന്‍ വ൪ജ്ജ്യനാകുന്നു.

നാലാമത്തെ കൂറില്‍ ജനിച്ച പുരുഷന്‍ മദ്ധ്യമനാകുന്നു.

എട്ടാമത്തെ കൂറില്‍ ജനിച്ച പുരുഷനും മദ്ധ്യമനായിരിയ്ക്കുമെന്ന് ഒരു അഭിപ്രായമുണ്ട്.


യുഗ്മാദ് സ്ത്രീജന്മ൪ക്ഷാദ്
ഷഷ്ഠേ ജാതോ വിവ൪ജ്ജ്യതേ പുരുഷഃ
ഓജാത് സ്ത്രീജന്മ൪ക്ഷാദ്
മദ്ധ്യഃ ഷഷ്ഠ൪ക്ഷജോ ഭവതി.

സാരം :-

എന്നാല്‍ സ്ത്രീയുടെ കൂറ് ഇടവം, ക൪ക്കിടകം ഇങ്ങനെ യുഗ്മ (ഇരട്ടപ്പെട്ട) രാശിയാണെങ്കില്‍, അതിന്‍റെ ആറാം കൂറില്‍ ജനിച്ച പുരുഷന്‍ വ൪ജ്ജ്യനാകുന്നു. നേരെ മറിച്ച്, മേടം, മിഥുനം ഇങ്ങനെ ഒറ്റപ്പെട്ട രാശിയാണ് സ്ത്രീയുടെ കൂറ് എങ്കില്‍, അതിന്‍റെ ആറാം രാശിയില്‍  ജനിച്ച പുരുഷന്‍ മദ്ധ്യമനുമാകുന്നു.


സ്ത്രീജന്മപൂ൪വ്വമേവം
വിചിന്തയേദ്രാശിസംജ്ഞിതം യോഗം

സാരം :-

മേല്‍പറഞ്ഞ "രാശി" എന്ന യോഗം ആദ്യമായി സ്ത്രീയുടെ കൂറില്‍ നിന്ന് - ജന്മം (കൂറ്) വിചാരിക്കേണ്ടതാകുന്നു.


***************************************************************


സ്ത്രീജന്മതോ രണ്ടഥ മൂന്നുമഞ്ചുമാറും വിവര്‍ജ്ജ്യതേ

എന്നുള്ള കാലദീപശാസ്ത്രം അനുസരിച്ച് സ്ത്രീ ജനിച്ച രാശി മുതല്‍ 2, 3, 5, 6 എന്നീ രാശികളില്‍ പുരുഷന്‍ ജനിച്ചാല്‍ രാശിപ്പൊരുത്തം അധമവും 4-ാം രാശി മദ്ധ്യമവും 7 മുതലുള്ള രാശികളില്‍ പുരുഷന്‍ ജനിച്ചാല്‍ രാശിപ്പൊരുത്തം ഉത്തമവുമാകുന്നു. രാശിപ്പൊരുത്തത്തെപ്പറ്റി മാധവീയത്തില്‍ പറയുന്നത്.


സ്ത്രീ ജന്മഭാല്‍ ഭവതിപുംസികുടുംബജാതേ
വിത്തക്ഷയ സ്തനയഹാനിരപത്യ ജാതേ
ഷഷ്ടോല്‍ ഭവേ വ്യസന രോഗ വിപദ്വിയോഗാ
ദുഖംസഹോദരഭവേ സുഖജേവിരാേേധഃ

സാരം :-

സ്ത്രീയുടെ 2-ാം കൂറില്‍ പുരുഷരാശിക്കൂറുവന്നാല്‍ ദ്രവ്യനാശവും 3-ാം കൂറിന് ദുഃഖവും 4-ാം കൂറില്‍ വന്നാല്‍ അന്യോന്യവിരോധും (സുഖജോവിരോധ) 5-ാം കൂറില്‍ വന്നാല്‍ പുത്രനാശവും 6-ാം കൂറില്‍ ജനിച്ചാല്‍ ഷഷ്ടാഷ്ടമത്താല്‍ വ്യസനം, രോഗം, ആപത്ത്, വിയോഗം എന്നീ കഷ്ടാനുഭവങ്ങളും ഉണ്ടാകുന്നതാണ്. ഷഷ്ഠാഷ്ടമദോഷത്തെപ്പറ്റി മുഹൂര്‍ത്തരത്നം എന്ന ഗ്രന്ഥത്തില്‍ നിന്നും പ്രശ്നമാര്‍ഗ്ഗത്തില്‍ ചേര്‍ത്തിട്ടുള്ളത്.


ഷഷ്ടാഷ്ടമേ മരണ വൈരവിയോഗദോഷാ
ദ്വിദ്വാദശേ വധനത പ്രജതാത്രികോണേ
ശേഷോഷ്വനേകവിധസൌഖ്യസുതാര്‍ത്ഥസമ്പല്‍
ഷഷ്ഠാഷ്ടമപ്രഭൃതികേഷ്വപി വൈരവേധേ

സാരം :-

സ്ത്രീ ജനിച്ചകൂറിന്റെ 6-ാം കൂറില്‍ പുരുഷന്‍ ജനിച്ചാല്‍ അന്യോന്യം വൈരവും വിരഹദുഃഖവും അല്ലെങ്കില്‍ മരണവും സംഭവിക്കും. 2-ാം കൂറില്‍ ജനിച്ചാല്‍ ദാരിദ്രം ഫലം. 5-ാം കൂറില്‍ ജനിച്ചാല്‍ പുത്രനാശം അനുഭവിക്കും. മറ്റുള്ള കൂറുകളില്‍ ജനിച്ചാല്‍ അനേകവിധ സൌഖ്യവും സന്താനാഭിവൃദ്ധിയും ധനസമ്പത്തും ഫലം. ഇരുവരുടേയും കൂറുകള്‍ അന്യോന്യം ശത്രുക്കളാകുകയോ വേധമുണ്ടാകുകയോ ചെയ്താല്‍ 2, 5, 6 എന്നീ കൂറുകള്‍ക്ക് പറഞ്ഞ ഫലം എത്രയും വേഗം അനുഭവിക്കുന്നതാണ്. ഇരുവരുടേയും കൂറുകളുടെ അധിപന്മാര്‍ ഒന്നിക്കുകയോ അന്യോന്യം ബന്ധുക്കളായോ വരുകയും വശ്യപ്പൊരുത്തം ഉണ്ടാകുകയും ചെയ്താല്‍ ഈ ദോഷം അനുഭവപ്പെടുന്നതല്ല.


വശ്യഭാവേതഥാന്യോന്യം താരാശുദ്ധാ പരസ്പരം
നചേല്‍ ഷഷ്ഠാഷ്ടമേദോഷസ്തദാഷഷ്ഠാഷ്ടമ ശുഭം.


ഇരുവരുടേയും കൂറുകള്‍ തമ്മില്‍ വശ്യമായിരിക്കുകയും വേധമില്ലാതിരിക്കുകയും ചെയ്താല്‍ കൂറുകള്‍ തമ്മിലുള്ള ഷഷ്ഠാഷ്ടമത്വം ദോഷമല്ലാ. ശുഭമാകുന്നു.


ജന്മര്‍ക്ഷ വേധേ കഥിതേത്രജാതേ
യുക്തോപിവശ്യാദിഗുണൈര്‍ബലിഷൈഠഃ
പതിഞ്ചകന്യാംപ സമുഖ ഘാതം
നിഹന്തിഷഷ്ഠാഷ്ടമരാശിയോഗഃ

സാരം :-

ഇവിടെപറഞ്ഞ ജന്മര്‍ക്ഷ വേധം ഉണ്ടെങ്കില്‍ വശ്യം മുതലായ മറ്റു പൊരുത്തങ്ങള്‍ പ്രബലങ്ങളായി ഉണ്ടായിരുന്നാലും അവരുടെ വിവാഹം ദോഷവും ദമ്പതിമാരുടെ രണ്ടുപേരുടേയും വംശത്തിനുകൂടി നാശവും സംഭവിക്കുന്നതുമാകുന്നു. ഈ വേധത്തില്‍ ഷഷ്ഠാഷ്ടമം കൂടി ഉണ്ടെങ്കില്‍ ഈ ഫലം ഉടനെ തന്നെ അനുഭവിക്കുന്നതുമാകുന്നു.

ഏകോപിദോഷോവേദാഖ്യോ ഗുണാല്‍ ഹന്തി ബഹുന്യ പിതസ്മാദ്വി വര്‍ജ്ജേയേ, ദ്വേധം മദ്ധ്യരജ്ജുശ്ച തത്സമഃ എന്നു പ്രമാണാന്തരവുമുണ്ട്.

ഷഷ്ഠാഷ്ടമദോഷത്തിനു പരിഹാരമാര്‍ഗ്ഗം

അസതിജനനതാരാ വേധദോഷേയദിസ്യാദ്
ഭവനപതിസുഹൃത്വം വശ്യതൈ കാധിപ്ത്യം
ഭവതിനഖലൂദോഷസ്തര്‍ഹി ഷഷ്ഠാഷ്ടമത്വാല്‍
സതികഥികഗുണേ സ്മിന്നാശുഭോ രാശിയോഗഃ

സാരം :-

സ്ത്രീ പുരുഷന്മാരുടെ നക്ഷത്രങ്ങള്‍ക്ക് അന്യോന്യം വേധമില്ലാതിരിക്കുകയും രണ്ടുപേരുടേയും രാശ്യാധിപന്മാര്‍ അന്യോന്യം ബന്ധുക്കളായിരിക്കുകയും അതല്ലെങ്കില്‍ ഏകാധിപത്യം ഉണ്ടായിരിക്കുകയും രാശ്യാധിപവും വശ്യവും പൊരുത്തങ്ങള്‍ അനുകൂലമായിരിക്കുകയും ചെയ്താല്‍ ഷഷ്ഠാഷ്ടമദോഷം ഉണ്ടാകുന്നതല്ല.

മുന്‍പറഞ്ഞ ഷഷ്ഠാഷ്ടമദോഷത്തോടുകൂടി വേധ ദോഷമോ രാശ്യാധിപ ശത്രുതയോ ഉണ്ടായിരുന്നാല്‍ ഷഷ്ഠാഷ്ടമദോഷത്തിന്റെ ഫലം എത്രയും വേഗം അനുഭവപ്പെടാനിടയുള്ളതും ഒരിക്കലും ബന്ധപ്പെടുത്താന്‍ പാടില്ലാത്തതുമാകുന്നു. വേധദോഷമില്ലെങ്കില്‍ ഏകാധിപത്യം വന്നാല്‍ ഷഷ്ഠാഷ്ടമത്തിന് പരിഹാരമുണ്ടാകുന്നതാണ്.

ഒരേ രാശിയില്‍ രണ്ടുപേരുടേയും നക്ഷത്രങ്ങള്‍ വരുമ്പോള്‍ ഉണ്ടാകുന്ന ഫലവും മറ്റും


ഏകരാശി ദ്വിനക്ഷത്രം
പുത്രപൌത്രാദിവൃദ്ധിക്യല്‍

സാരം :-

സ്ത്രീ പുരുഷന്മാരുടെ ജന്മനക്ഷത്രങ്ങള്‍ രണ്ടും ഒരേ കൂറില്‍ വന്നാല്‍ പുത്രപൌത്രാദി അഭിവൃദ്ധി ഉണ്ടാകുന്നതാണ്.


രാശിപ്പൊരുത്തമില്ലായ്മയ്ക്ക് പരിഹാരം

1. സ്ത്രീ ദീ൪ഘം ഉണ്ടായിരുന്നാല്‍ രാശിപൊരുത്തമില്ലായ്മയ്ക്ക് പരിഹാരമാകും.

2. യോനി പൊരുത്തം ഉണ്ടായിരുന്നാല്‍ രാശി പൊരുത്ത ദോഷത്തിന് പരിഹാരമാകും.

3. വശ്യപൊരുത്തം ഉണ്ടായിരിക്കുക.


രാശിപൊരുത്തം കണക്കാക്കേണ്ടാത്ത സന്ദ൪ഭങ്ങള്‍


ആസുരാദി വിവാഹേഷു രാശികുടം ന ചിന്തയേത്
തഥാ വ്യംഗാ തിവൃദ്ധനാം ദു൪ഭഗാണാം പുന൪ഭുവാം.

സാരം :-

അംഗവൈകല്യം വന്നവ൪, പുന൪ വിവാഹം, ദുഷ്ടസ്ത്രീ, വൃദ്ധപുരുഷന്‍,  ഭാഗ്യഹീന സ്ത്രീ - പുരുഷന്മാ൪, ആസുരവിവാഹം ഇവരുടെ കാര്യത്തില്‍ രാശിപൊരുത്തം നോക്കണമേന്നില്ല

Labels: ,

രാശ്യധിപ പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?

രാശ്യധിപ പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?

ഒരു വ്യക്തിയുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയും മനോഭാവത്തെയും നിയന്ത്രിക്കുന്നത് അയാളുടെ ലഗ്നാധിപനായ ഗ്രഹവും ചന്ദ്രലഗ്നാധിപനായ ഗ്രഹവും ആണ്. അതുകൊണ്ട് രണ്ടു വ്യക്തികള്‍ സ്നേഹിതന്മാരാകുന്നതും. സ്നേഹത്തോടെ കഴിഞ്ഞുകൂടുന്നതും യാതൊരു പരിചയം ഭാവിക്കാതെ ഇരിക്കുന്നതും പരസ്പരവിരോധികളാകുന്നതും എല്ലാം ആ രണ്ടു വ്യക്തികളുടെ ലഗ്നാധിപന്‍റെയും ചന്ദ്രരാശ്യാധിപന്‍റെയും പ്രത്യേകത കൊണ്ടാണ്.

രണ്ടു വ്യക്തികളുടെ ലഗ്നാധിപനോ, ചന്ദ്രലഗ്നാധിപനോ രണ്ടു പേരും തന്നെയോ മിത്രങ്ങളായാല്‍ ആ വ്യക്തികള്‍ മിത്രങ്ങളാകും. രണ്ടു ഗ്രഹങ്ങളും സമന്മാരായാല്‍ രണ്ടു വ്യക്തികള്‍ക്കും സ്നേഹമോ വിരോധമോ ഇല്ലാതെ ഉദാസീനരായിരിക്കും. രണ്ടു ഗ്രഹങ്ങളും ശത്രുക്കളായാല്‍ അവരാല്‍  നിയന്ത്രിക്കപ്പെടുന്ന വ്യക്തികളും പരസ്പരം ശത്രുക്കളായിരിക്കും.

രാശ്യാധിപപ്പൊരുത്തത്തിനെ ഗ്രഹമൈത്രി എന്നും പറയാറുണ്ട്‌. രാശ്യധിപപ്പൊരുത്തത്തിന്‍റെ അടിസ്ഥാന തത്ത്വം ഗ്രഹമൈത്രിയാണ്.

സ്ത്രീ പുരുഷന്മാരുടെ ജന്മരാശ്യാധിപന്മാ൪ പരസ്പര മിത്രങ്ങളായാല്‍ രാശ്യധിപപ്പൊരുത്തമാകും.

സ്ത്രീ പുരുഷന്മാരുടെ ജന്മരാശ്യാധിപന്മാ൪ പരസ്പരം ശത്രുക്കളായാല്‍ രാശ്യധിപപ്പൊരുത്തം ഇല്ലാതാകും.

സ്ത്രീ പുരുഷന്മാരുടെ ജന്മരാശ്യാധിപന്മാ൪ സമന്മാരായാല്‍ രാശ്യധിപപ്പൊരുത്തം മധ്യമമാകും.



സ്ത്രീപുരുഷജന്മപത്യോ-
രൈക്യം സ്യാദ് ബന്ധുഭാവമപി ശുഭദം

സാരം :-

സ്ത്രീയുടേയും പുരുഷന്‍റെയും ജന്മാധിപന്മാ൪ (ചന്ദ്രരാശ്യധിപന്മാ൪) ഒന്നുതന്നെയായിരിക്കുന്നതും, ആ ഗ്രഹങ്ങള്‍ തമ്മില്‍ ബന്ധുക്കളായിരിക്കുന്നതും ഉത്തമമാകുന്നു.



ജീവോƒ൪ക്കസ്യ, ഗുരുജ്ഞൗ
ശശിനോ, ഭൗമസ്യ ശുക്രശശിപുത്രൗ;
ജ്ഞസ്യാƒദിത്യവിഹീനാ,
ഭൗമവിഹീനാഃ സുരേന്ദ്രപൂജ്യസ്യ,

സുഹൃദഃ സ്യു, ൪ഭൃഗുസൂനോഃ
ക്ഷണദാകരഭാനുവ൪ജ്ജിതാ വിഹഗാഃ
അ൪ക്കേന്ദുഭൌമഹീനാ
രവിസൂനോ൪; ഭാധിപാഖ്യമിതി ചിന്ത്യം.

സാരം :-

സൂര്യന് വ്യാഴം ബന്ധു മറ്റു ഗ്രഹങ്ങള്‍ ശത്രുക്കള്‍

ചന്ദ്രന് വ്യാഴവും ബുധനും ബന്ധുക്കള്‍ മറ്റു ഗ്രഹങ്ങള്‍ ശത്രുക്കള്‍

കുജന് ശുക്രനും ബുധനും ബന്ധുക്കള്‍ മറ്റു ഗ്രഹങ്ങള്‍ ശത്രുക്കള്‍

ബുധന് സൂര്യന്‍ ഒഴിച്ച് മറ്റെല്ലാ ഗ്രഹങ്ങളും ബന്ധുക്കള്‍  (സൂര്യന്‍ ശത്രു)

വ്യാഴത്തിന് കുജന്‍ ഒഴിച്ച് മറ്റെല്ലാ ഗ്രഹങ്ങളും ബന്ധുക്കള്‍ ( കുജന്‍ ശത്രു)

ശുക്രന് സൂര്യചന്ദ്രന്മാരൊഴിച്ച് മറ്റു ഗ്രഹങ്ങള്‍ ബന്ധുക്കള്‍ (സൂര്യനും ചന്ദ്രനും ശത്രുക്കള്‍)

ശനിയ്ക്ക് സൂര്യ ചന്ദ്രകുജന്മാരൊഴിച്ച് മറ്റു ഗ്രഹങ്ങള്‍ ബന്ധുക്കള്‍  (സൂര്യനും ചന്ദ്രനും കുജനും ശത്രുക്കള്‍)

മേല്‍പറഞ്ഞ പ്രകാരമാണ് രാശ്യാധിപത്യത്തെ വിചാരിക്കേണ്ടത്.


************************************************************

പൊരുത്തങ്ങള്‍ക്കെല്ലാം സ്ത്രീ രാശിമുതല്‍ നോക്കുന്നതില്‍ പ്രാധാന്യം കല്‍പിക്കുന്നതിനാല്‍ സ്ത്രീയുടെ രാശ്യാധിപന്‍റെ ശത്രുവായി പുരുഷ രാശ്യാധിപന്‍ വന്നാലും പരസ്പരം ശത്രുക്കളായി വന്നാലും രാശ്യാധിപപ്പൊരുത്തം അധമമാകുന്നു.

സ്ത്രീയുടെ രാശ്യാധിപന്‍റെ സമനായി പുരുഷ രാശ്യാധിപന്‍ ഭവിച്ചാല്‍ രാശ്യാധിപപ്പൊരുത്തം മദ്ധ്യമം. രണ്ടു ഗ്രഹങ്ങളും തമ്മില്‍ ഒരു പ്രകാരത്തില്‍ ശത്രുവും മറുപ്രകാരത്തില്‍ ബന്ധുവും ആയിവന്നാലും ആഗ്രഹങ്ങളെ തമ്മില്‍ സമന്മാരായി കണക്കാക്കേണ്ടത് ശാസ്ത്രനിയമമാകയാല്‍ അതനുസരിച്ചും രാശ്യാധിപപ്പൊരുത്തം മദ്ധ്യമം ആകുന്നു.

സന്താനം രാശ്യാധിപതി എന്ന് കാലവിധനം പറയുന്നതിനാല്‍ അതിനുകാരണം രണ്ടുപേരുടേയും രക്തം തമ്മിലുള്ള ഗ്രൂപ്പുകളുടെ യോജിപ്പിനാലാണെന്ന് തെളിയുന്നു. രണ്ടുപേരുടേയും രാശ്യാധിപന്മാര്‍ ഒന്നാകുകയോ തമ്മില്‍ ഇഷ്ടഗ്രഹങ്ങളാകുകയോ ചെയ്താല്‍ അവരുടെ രക്തഗ്രൂപ്പുകള്‍ക്ക് തമ്മില്‍ യോജിപ്പ് ഉണ്ടാകുകയും തദ്വാരാ അവര്‍ തമ്മില്‍ സ്നേഹമുള്ളവരായി തീരുകയും അവര്‍ക്ക് ആശയപ്പൊരുത്തം ഭവിക്കാനിടയാകുകയും ചെയ്യുന്നതാണ്. ആയതിനാല്‍ സല്‍സന്താനഭാഗ്യവും സ്നേഹവായ്പും ഉണ്ടാകാനിടയാകുന്നതുമാണ്.



യോനിപ്പൊരുത്തവും വശ്യപ്പൊരുത്തവും പോലെ രാശ്യാധിപപ്പൊരുത്തവും സ്നേഹത്തെക്കുറിക്കുന്നതാണ്

Labels: ,

ദശവിധപ്പൊരുത്തങ്ങളില്‍ ഓരോ പൊരുത്തത്തിനുമുള്ള ഫലങ്ങള്‍

ദശവിധപ്പൊരുത്തങ്ങളില്‍ ഓരോ പൊരുത്തത്തിനുമുള്ള ഫലങ്ങള്‍

ദിനദായുഷ്യമാരോഗ്യം
ശോഭനം ഗണമേവച
മാഹേന്ദ്രാല്‍ പുത്രവൃദ്ധിസ്യാല്‍
സ്ത്രീ ദീര്‍ഘാല്‍ സര്‍വ്വസമ്പദഃ
യോനിദേ ദമ്പതിസ്നേഹ
രാശീനാം വംശവൃദ്ധികൃല്‍
സന്താനം രാശ്യാധിപതി
വശ്യാദന്യോന്യവശ്യതേ
രജ്ജുമംഗല്യവൃദ്ധിസ്യാല്‍
വേധയാശോകനാശനം

സാരം : -

ദിനപ്പൊരുത്തംകൊണ്ട് ആയുസ്സും ആരോഗ്യവും വര്‍ദ്ധിക്കുകയും

സ്ത്രീ പുരുഷന്മാരുടെ ഗണം ഒന്നായിരുന്നാല്‍ സര്‍വ്വവിധശോഭനവും ദമ്പതികള്‍ക്കുണ്ടാവുകയും

മാഹേന്ദ്രപ്പൊരുത്തത്താല്‍ പുത്രവൃദ്ധി ഉണ്ടാവുകയും ചെയ്യുമെന്നാണ് പറയുന്നതെങ്കിലും മാഹേന്ദ്രപ്പൊരുത്തത്തിന്റെ പദ്യം വ്യക്തമാക്കുന്നത്.

യാതേ മാഹേന്ദ്രയോഗസ്യാല്‍
മംഗല്യായുഷ്യവര്‍ദ്ധനം.

സ്ത്രീ ദീര്‍ഘപ്പൊരുത്തംകൊണ്ട് സര്‍വ്വസമ്പത്തുകളും ഉണ്ടാകുന്നതാണെന്നും

യോനിപ്പൊരുത്തം കൊണ്ട് ദമ്പതികള്‍ക്ക് യോജിപ്പും സ്നേഹവും ഉണ്ടാകുമെന്നും

രാശിപ്പൊരുത്തം ഉണ്ടായിരുന്നാല്‍ ബന്ധുക്കള്‍ക്ക് യാതൊരു ആപത്തും ഉണ്ടാകാതെ അഭിവൃദ്ധിയെ ചെയ്യുന്നതാണെന്നും

രാശ്യാധിപപ്പൊരുത്തം കൊണ്ട് ദമ്പതികള്‍ തമ്മിലുള്ള ചേര്‍ച്ചയില്‍ ഉത്തമസന്താനങ്ങള്‍ ജനിക്കാനിടയാകുമെന്നും,

വശ്യപ്പൊരുത്തം ഉണ്ടായിരുന്നാല്‍ പരസ്പരം രണ്ടുപേരും തമ്മില്‍ വശ്യപ്പെടുകയും (പരസ്പരം ആകര്‍ഷിക്കപ്പെടുകയും) സ്നേഹിക്കപ്പെടുകയും ചെയ്യുന്നതാണെന്നും

രജ്ജുപ്പൊരുത്തം ഉത്തമമായാല്‍ ദീര്‍ഘമംഗല്യം ഉണ്ടാകുന്നതാണെന്നും

വേധപ്പൊരുത്തം ഉത്തമമായാല്‍ ദമ്പതികള്‍ക്ക് ദുഃഖശാന്തിവരുമെന്നും


ഇപ്രകാരം ദശവിധപ്പൊരുത്തം ദാമ്പത്യജീവിതത്തിന്റെ സുപ്രധാനമായ 10 ഘടകങ്ങളായിതീരുന്നു. അതുകൊണ്ടാണ് ഋഷിവര്യന്മാര്‍ പൊരുത്തശോധനയ്ക്ക് പ്രാധാന്യത കല്‍പിച്ചിട്ടുള്ളത്. 

Labels: ,

വിവാഹ പൊരുത്തം സാധാരണയായി 10 വിധമാണെന്ന് പറയുന്നു

വിവാഹ പൊരുത്തം സാധാരണയായി 10 വിധമാണെന്ന് പറയുന്നു

രാശീ രാശിപവശ്യൗ
മാഹേന്ദ്രഗണാഖ്യയോനിദിനസംജ്ഞാഃ
സ്ത്രീദീ൪ഘം ചേത്യഷ്ടൗ
വിവാഹയോഗാഃ പ്രധാനതഃ കഥിതാഃ

മദ്ധ്യമരജ്ജു൪വ്വേധ-
ശ്ചേത്യേതൗ ദോഷസംജ്ഞിതൗ യോഗൗ.

സാരം :-

വിവാഹ പൊരുത്തം സാധാരണയായി 10 വിധമാണെന്ന് പറയുന്നു. (8 പൊരുത്തങ്ങളും 2 പൊരുത്ത ദോഷങ്ങളും)
രാശിപൊരുത്തം
രാശ്യധിപപൊരുത്തം
വശ്യപൊരുത്തം
മഹേന്ദ്രപൊരുത്തം
ഗണപൊരുത്തം
യോനിപൊരുത്തം
ദിനപൊരുത്തം
സ്ത്രീദീ൪ഘം
മദ്ധ്യമരജ്ജു (പൊരുത്ത ദോഷം)
വേധം (പൊരുത്ത ദോഷം)
മദ്ധ്യമരജ്ജു, വേധം എന്നീ പൊരുത്തങ്ങള്‍ ദോഷപ്രദങ്ങളാകയാല്‍ വ൪ജ്ജിക്കേണ്ടവയുമാകുന്നു.

മേല്‍ പറഞ്ഞ 10 വിവാഹ പൊരുത്തങ്ങളെ കുറെകൂടി ലളിതമായ രീതിയില്‍  താഴെ പറഞ്ഞിരിക്കുന്നു.

ദിനം ഗണംച മാഹേന്ദ്രം
സ്ത്രീ ദീര്‍ഘം യോനിരേവച
രാശി രാശ്യാധിപോവശ്യം
രജ്ജുര്‍വേധം തഥൈവച.

Labels: ,

വിവാഹ പൊരുത്ത പരിശോധനയിലെ പരിമിതികള്‍

വിവാഹ പൊരുത്ത പരിശോധനയിലെ പരിമിതികള്‍

വിവാഹ പൊരുത്തശോധനയിലെ പ്രധാന അടിസ്ഥാനം നക്ഷത്രങ്ങളാണ്. നക്ഷത്രങ്ങളുടെ അടിസ്ഥാനം ചന്ദ്രനും, അതുപോലെ രാശിപ്പൊരുത്തത്തിലും രാശ്യാധിപപ്പൊരുത്തത്തിലും ചന്ദ്രാധിഷ്ഠിത രാശിയുമാണ് അടിസ്ഥാനം.

 പൊരുത്തശോധനയില്‍ നവാംശാധിപന്‍, ഭാവാധിപന്‍, ഗ്രഹയോഗം, ഗ്രഹദൃഷ്ടി, സ്ത്രീപുരുഷ നക്ഷത്രാധിപന്‍ ഇവരെ കണക്കാക്കിക്കാണുന്നില്ല. ഇതു വലിയ കുറവാണ്. പൊരുത്തശോധനയോടൊപ്പം സ്ത്രീപുരുഷ ജാതകപൊരുത്തം കൂടി നോക്കിയാലെ ദമ്പതികളുടെ യോജിപ്പിനെ കുറിച്ചുള്ള തീരുമാനം പൂ൪ണ്ണമാകു. സ്ത്രീപുരുഷന്മാരുടെ ജാതകം നല്ലപോലെ പരിശോധിച്ച് അവരുടെ ആരോഗ്യം, മനഃസ്ഥിതി, ആയുസ്സ്, സാമ്പത്തികം, ഭാഗ്യം, സന്താനം, പരസ്പരധാരണ, യോജിപ്പ്, അഭിരുചി മുതലായവയിലും കൂടി പൊരുത്തം ഉണ്ടോ എന്നുകൂടി പരിശോധിക്കേണ്ടതാണ്. സ്ത്രീപുരുഷജാതകങ്ങളില്‍ ദീ൪ഘായുസ്സും പരസ്പരയോജിപ്പും സാമ്പത്തികആനുകൂല്യവും ഉണ്ടാകുമെങ്കില്‍ പൊരുത്തം കുറവായാലും ആ ജാതകങ്ങള്‍ യോജിപ്പിക്കാം. പൊരുത്തം ഉണ്ടെങ്കിലും ആയു൪ബലവും പരസ്പരധാരണയും സാമ്പത്തിക ഭദ്രതയും സന്താനഭാഗ്യവും ജീവിതസുഖവും ഇല്ലാത്ത ജാതകങ്ങള്‍ യോജിപ്പിക്കരുത്.

പൊരുത്തശോധനയില്‍ സ്ത്രീപുരുഷ ജന്മലഗ്നങ്ങളെപ്പറ്റിയും ലഗ്നാധിപന്മാരെപ്പറ്റിയും, നക്ഷത്രാധിപന്മാരെപ്പറ്റിയും കൂടി പ്രധാനമായി ചിന്തിക്കേണ്ടതാണ്. വിശേഷിച്ചും ലഗ്നാധിപസ്ഥിതി, ലഗ്നാധിപമൈത്രി, നക്ഷത്രാധിപമൈത്രി ഇവ വളരെ പ്രധാനമായി ആലോചിക്കേണ്ടതാണ്.

സ്ത്രീപുരുഷന്മാരുടെ ആയുസ്സ്, ആരോഗ്യം, സാമ്പത്തിക സ്ഥിതി, സ്വഭാവശുദ്ധി, ഭാവി, സന്താനഭാഗ്യം, പരസ്പര സ്നേഹം, അഭിരുചികള്‍ എന്നിവ ലഗ്നശോധന, വിവിധ ഭാവധിപരിശോധന കൊണ്ടേ മനസ്സിലാക്കാന്‍ കഴിയുകയുള്ളു. പൊരുത്തശോധന കൊണ്ട് മാത്രം ഇത് വ്യക്തമാകുകയില്ല.

പൊരുത്തശോധനയില്‍ പ്രാധ്യാന്യം നക്ഷത്രങ്ങള്‍ക്കാണെന്ന് പറഞ്ഞുവല്ലോ. പലപ്പോഴും ജ്യോതിഷിയുടെ കൈയില്‍ വരുന്ന സ്ത്രീപുരുഷജതകങ്ങളില്‍ നക്ഷത്ര പാദങ്ങള്‍ മാത്രമല്ല പലപ്പോഴും നക്ഷത്രങ്ങള്‍ തന്നെയും തെറ്റായിട്ടാണ് അടയാളപ്പെടുത്തികാണുന്നത്. ഇവയിലെ ശരി തെറ്റ് നോക്കാതെയാണ് പലപ്പോഴും പൊരുത്തശോധന നടത്തി വിവാഹം ഉറപ്പിക്കുന്നത്. ഫലം എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

വിവാഹ പൊരുത്തശോധനയും ജാതക പരിശോധനയും പൂ൪ത്തിയാക്കി വിവാഹ നിശ്ചയം ചെയ്യുന്നതിനുമുമ്പെ ഇവരുടെ വിവാഹം അനുകൂലമായിരിക്കുമോ എന്ന് പ്രശ്നം വെച്ചുനോക്കുന്നതു കുറച്ചു കൂടി സൂക്ഷ്മമായിരിക്കും. പ്രശ്നത്തില്‍ ശുഭഗ്രഹങ്ങളുടെ സ്ഥിതി വിവാഹഭാവത്തിന് അനുകൂലമായി വന്നാല്‍ വിവാഹത്തിന് അനുകൂലമായിരിക്കും. നേരെമറിച്ച് പാപഗ്രഹങ്ങള്‍ ലഗ്നത്തിന്‍റെ 3,6,8,12  എന്നീ ഭാവങ്ങളില്‍ നിന്നാല്‍ പൊരുത്തമുണ്ടെങ്കിലും ആ വിവാഹം അനുകൂലമല്ലെന്നു തീരുമാനിക്കണം.

ജാതകങ്ങള്‍ നോക്കി പൊരുത്തശോധന നടത്തുന്ന സമയത്തും, വിവാഹപ്രശ്നസമയത്തും ചുറ്റുപാടും നടക്കുന്ന നിമിത്തങ്ങളേയും ശകുനങ്ങളേയും ദൈവജ്ഞന്‍റെ ശ്വാസഗതിയേയും കൂടി ശ്രദ്ധിക്കണം. അനുകൂല ശകുനമോ നിമിത്തമോ കണ്ടാല്‍ വിവാഹാനുകൂല്യവും പ്രതികൂല ശകുനമോ നിമിത്തമോ കണ്ടാല്‍ വിവാഹപ്രാതികൂല്യവും ചിന്തിക്കണം.

വിവാഹ പൊരുത്ത നിയമങ്ങളില്‍ ചിലവയില്‍  പരസ്പര വിരോധം കാണുന്നുണ്ട്. മാത്രമല്ല ഈ നിയമങ്ങളെ പലതരത്തില്‍ വ്യാഖ്യാനിച്ച് ഏത് സ്ത്രീ ജാതകത്തെ വേണമെങ്കിലും ഏത് പുരുഷ ജാതകത്തോട് കൂടി ചേ൪ക്കാനും ബുദ്ധിമാനായ ജ്യോതിഷിക്ക് സാധിക്കും എന്ന അവസ്ഥയാണിന്ന്. ഈ സന്ദ൪ഭങ്ങളില്‍ വിവാഹപ്രശനം വെച്ച് വേണം ഒരു നിശ്ചിത തീരുമാനത്തിലെത്തേണ്ടത്.

കൂടാതെ ചില പൊരുത്തങ്ങള്‍ അനുകൂലമല്ലെന്ന് കണ്ടാലും അവയ്ക്ക് പരിഹാരമായുള്ള മറ്റു പൊരുത്തങ്ങള്‍ സ്ത്രീ പുരുഷ ജാതകങ്ങളില്‍ കണ്ടാല്‍ ആ പൊരുത്ത ദോഷത്തിനെ കണക്കിലെടുക്കേണ്ട കാര്യവുമില്ല. ഉദാഹരണമായി ഒരു ജാതകത്തില്‍ യോനി പൊരുത്തമില്ലെന്നു വിചാരിക്കുക. ആ ജാതകത്തില്‍ വശ്യപൊരുത്തം ഉണ്ടെങ്കില്‍ യോനി പൊരുത്ത ദോഷത്തിന് പരിഹാരമാകും. 

Labels: ,

പൊരുത്തത്തിന്‍റെ അ൪ത്ഥം

പൊരുത്തത്തിന്‍റെ അ൪ത്ഥം

പൊരുത്തം എന്ന വാക്കിന്‍റെ  യോജിപ്പ് എന്നാണ്. സംസ്കൃതത്തില്‍ ഇതിന് "മേലാപകം" അഥവാ "ആനുകൂല്യം" എന്നും ഇംഗ്ലീഷില്‍ Matching എന്നും പറയുന്നു. ജാതകദൃഷ്ട്യാ ഒരു പുരുഷനും സ്ത്രീക്കും പരസ്പരം പതിപത്നികള്‍ ആയിരിക്കുവാന്‍ യോജിക്കുന്ന ലക്ഷണങ്ങളുണ്ടോ, അവ൪ക്ക് സന്തോഷപൂ൪ണ്ണമായി ജീവിക്കുവാന്‍ കഴിയുമോ, അവ൪ക്ക് സന്താനങ്ങള്‍ ഉണ്ടാകുമോ, അവ൪ പരസ്പരം കലഹിക്കാതിരിക്കുമോ, ഭാവിയില്‍ അവ൪ക്ക് എന്തെങ്കിലും ക്ലേശാനുഭവങ്ങള്‍ ഉണ്ടാകുമോ, ഈ ജാതകങ്ങള്‍ യോജിപ്പിക്കാമോ എന്ന് കണ്ടുപിടിക്കുന്നതാണ് പൊരുത്തശോധന. ഇതിന്‍റെ അടിസ്ഥാനത്തില്‍ ദമ്പതികളുടെ ജാതകത്തില്‍ കാണുന്ന ലഗ്ന രാശി നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി പൊരുത്തം ഉണ്ടെന്നു ബോദ്ധ്യപ്പെട്ടാല്‍ മാത്രമേ വിവാഹം കഴിക്കാവു എന്ന് ശാസ്ത്രം അനുശാസിക്കുന്നു. അതനുസരിച്ച് ഇന്ന് 90 ശതമാനം വിവാഹങ്ങളും പൊരുത്തം നോക്കിയിട്ടാണ് നിശ്ചയിക്കപ്പെടുന്നത്. ഇതില്‍ പ്രാധാന്യം നല്‍കപ്പെട്ടിരിക്കുന്ന പൊരുത്തങ്ങളുടെ എണ്ണത്തില്‍ തന്നെ വൈവിധ്യമുണ്ട്.

വിവാഹത്തില്‍ മാത്രമല്ല ജീവിതത്തില്‍ ഏതെങ്കിലും രംഗത്ത് രണ്ടു വ്യക്തികള്‍ പ്രവ൪ത്തിക്കുന്നുണ്ടെങ്കില്‍ (Partnership) അവിടെയെല്ലാം പൊരുത്തനിയമങ്ങള്‍ യോജിപ്പിക്കാവുന്നതാണ്. വീടിനും വീട്ടില്‍ താമസിക്കുന്ന വ്യക്തിക്കും, മന്ത്രത്തിനും മന്ത്രം ജപിക്കുന്ന സാധകനും തമ്മിലും പൊരുത്തം ഉണ്ടോ എന്നും നോക്കാറുണ്ട്.

Labels: ,

വിവാഹപൊരുത്തം നോക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിവാഹപൊരുത്തം നോക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

               സ്ത്രീ പുരുഷന്മാരുടെ ജാതകം ആദ്യമായി പരിശോധിച്ച്  അവരുടെ ആയുസ്സിനെ നിശ്ചയിച്ചശേഷം തമ്മിലുള്ള പൊരുത്തങ്ങള്‍, മംഗല്യസ്ഥിതി, പാപസാമ്യം, ദശാസന്ധി, സന്താനലാഭം, മറ്റു ശുഭാശുഭങ്ങള്‍ ഇവയെല്ലാം നിരൂപിക്കുകയും പ്രശ്നലഗ്നം കൊണ്ട് ഭാവി ഫലത്തെ നിര്‍ണ്ണയിക്കുകയും ചെയ്യണം. അതിനുശേഷമാണ് ദൈവജ്ഞന്‍ വിവാഹത്തെ വിധിക്കേണ്ടത്. 

Labels: ,

വിവാഹ പൊരുത്തം പരിശോധനയില്‍ ശ്രദ്ധിക്കണം

വിവാഹ പൊരുത്തം പരിശോധനയില്‍ ശ്രദ്ധിക്കണം

വിവാഹ പൊരുത്തശോധനയില്‍ സസൂക്ഷ്മം ശ്രദ്ധിക്കപ്പെടേണ്ട ചില വസ്തുതകള്‍ ഉണ്ട്.പൊരുത്തശോധനയ്ക്ക് വിധേയമാക്കപ്പെടുന്ന ജാതകങ്ങളുടെ "സൂക്ഷ്മത" ആദ്യമേ തിട്ടപ്പെടുത്തണം. (ജാതകത്തില്‍ പല തെറ്റുകളും കണ്ടേയ്ക്കാം. അതിനാല്‍ ജനനസമയം വച്ച് പുതിയ ഗ്രഹനില ഉണ്ടാക്കുന്നതായിരിക്കും ഉത്തമം). സ്ത്രീയുടേയും പുരുഷന്‍റെയും ജാതകങ്ങള്‍ വെവ്വേറെ പരിശോധിച്ച് ഓരോന്നിലും ആയുസ്സ്, ആരോഗ്യസ്ഥിതി, സാമ്പത്തികസ്ഥിതി, ഭാഗ്യസ്ഥിതി, കലഹം, സന്താനയോഗം, പരസ്പരധാരണ, സ്വഭാവം, ദൗ൪ബല്യങ്ങള്‍, ദശാസന്ധി തുടങ്ങിയവയെ കണക്കിലെടുക്കണം. നക്ഷത്രപൊരുത്തം, ജാതകപൊരുത്തം മുതലായവ പിന്നീട് മാത്രമേ പരിശോധിക്കേണ്ടതുള്ളു. പരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്ന ജാതകങ്ങളില്‍ ശരിയായ ഗ്രഹസ്ഫുടം, നവാംശകം, അഷ്ടവ൪ഗ്ഗം ഇവ നി൪ബന്ധമായും ഉണ്ടായിരിക്കണം. (ചന്ദ്രാഷ്ട വ൪ഗ്ഗമെങ്കിലും വേണം). രണ്ടു ജാതകങ്ങളിലുള്ള 7,8 എന്നീ ഭാവങ്ങളുടെ ബലം കണ്ടറിയണം. ഇത്രയുമായാല്‍ നക്ഷത്രപൊരുത്തം, ജാതകപൊരുത്തം, ദശാപൊരുത്തം തുടങ്ങിയവ പരിശോധിക്കാവുന്നതാണ്.

Labels: ,

വിവാഹ പൊരുത്തം നോക്കുന്നത് എന്തിന്?

വിവാഹ പൊരുത്തം നോക്കുന്നത് എന്തിന്?

ഗംഗാ യമുനാ നദികള്‍  രണ്ടു ദിക്കുകളില്‍ നിന്ന് ഒഴുകി വന്ന് ഒരുമിച്ച് ഒന്നായി ഒഴുകുന്നതുപോലെയാണ് രണ്ടു കുടുംബത്തില്‍ നിന്നും വരുന്ന സ്ത്രീയും പുരുഷനും വിവാഹത്തിനുശേഷം ഒരുമിച്ച് ജീവിക്കുന്നത്. വിവാഹത്തോടൊപ്പം അവ൪ രണ്ടുപേരുടേയും പ്രത്യേക വ്യക്തിത്വം മാറി പുതിയ മൂന്നാമതൊരു ഗുണമാണ് അവരില്‍ പ്രത്യേക്ഷപ്പെടുന്നത്. മഞ്ഞളും ചുണ്ണാമ്പും ഒന്നുചേരുമ്പോള്‍ അവ സ്വന്തം നിറങ്ങള്‍ കൈവിട്ട് പുതിയ ചുവപ്പുനിറം സ്വീകരിക്കുന്നതിനോട് സ്ത്രീ പുരുഷ ബന്ധത്തെ താരതമ്യപെടുത്താം. വിവാഹത്തിനുശേഷം ഭ൪ത്താവിന്‍റെ ഗൃഹം സ്ത്രീയുടെ ഗൃഹമാകുന്നു. ഭ൪ത്താവിന്‍റെ മാതാപിതാക്കള്‍ സ്വന്തം മാതാപിതാക്കളെപ്പോലെയാകുന്നു. ഭ൪ത്താവിന്‍റെ ധനം സ്വന്തം ധനമാകുന്നു. ഭ൪ത്താവിന്‍റെ ലാഭം സ്വന്തം ലാഭമാകുന്നു. ഭ൪ത്താവിന്‍റെ സുഖദുഃഖങ്ങള്‍ സ്ത്രീയുടെ സുഖദുഃഖങ്ങളാകുന്നു. മാനവരാശിയുടെ നിലനില്‍പ്പിനുവേണ്ടി ഇവരില്‍ പ്രകടമാകുന്ന ലൈംഗികാഗ്രഹങ്ങളെ പൂ൪ത്തിയാക്കാന്‍ ഇവ൪ പരസ്പരം സഹകരിക്കുന്നതിന്‍റെ ഫലമായി സന്താനോല്‍പാദനം നടക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഭ൪ത്താവിന്‍റെ എല്ലാ അനുഭവങ്ങളും സ്ത്രീയുടെ സ്വന്തം അനുഭവങ്ങളായി മാറുന്നു. വിശേഷിച്ചും ഭാരതീയമായ കൂട്ടുകുടുംബ വ്യവസ്ഥയില്‍ ഭ൪ത്താവിന്‍റെ ഗൃഹത്തില്‍ വരുന്ന സ്ത്രീയ്ക്ക് എല്ലാമെല്ലാം ഭ൪ത്താവിന്‍റെ ഗൃഹം തന്നെയാണ്. ക്രമേണ സ്ത്രീ ഭ൪ത്താവിന്‍റെ ഗൃഹത്തിന്‍റെ ചുറ്റുപാടുമായി ഇണങ്ങിച്ചേരുന്നു. മാതൃഗൃഹവും പിതൃഗൃഹവുമെല്ലാം ഓ൪മ്മയില്‍ മാത്രം തങ്ങുന്ന കാര്യങ്ങളായി മാറുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ വിവാഹത്തിനുശേഷം ഭ൪തൃജാതകവും പത്നീജാതകവും ഒന്നായിതീരുന്നു. പത്നിയുടെ (ഭാര്യയുടെ) ജാതകത്തില്‍ ഏഴാം ഭാവം ഭ൪ത്താവിന്‍റെ ലഗ്നമായും ഭ൪തൃജാതകത്തില്‍ ഏഴാം ഭാവം ഭാര്യയുടെ ലഗ്നമായും മാറുന്നു. ഇന്നാണെങ്കില്‍ കൂട്ടുകുടുംബ വ്യവസ്ഥ ക്ഷയിച്ചു വരുന്ന ചുറ്റുപാടില്‍ ഭാര്യാഭ൪ത്താക്കന്മാ൪ ദേശാന്തരത്തില്‍ തനിച്ചു ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ഈ പരസ്പരാശ്രയാനുഭവങ്ങള്‍ക്ക് പ്രസക്തി കുറേകൂടി വ൪ദ്ധിക്കുന്നു.

ഇങ്ങനെ പുരുഷജാതകത്തെ പുരുഷന്‍റെ സ്വഭാവവിശേഷങ്ങളുടെയും ഭാവി അനുഭവങ്ങളുടെയും സംപൂ൪ണ്ണവിവരണമായും, സ്ത്രീജാതകത്തെ സ്ത്രീയുടെ സ്വഭാവവിശേഷങ്ങളുടെയും ഭാവി അനുഭവങ്ങളുടെയും സംപൂ൪ണ്ണ വിവരണമായും, വിവാഹശേഷം രണ്ടു ജാതകങ്ങളും ഒന്നുചേ൪ന്ന് ഒരേ ഫലങ്ങള്‍ അനുഭവിക്കുന്നതായും സങ്കല്‍പ്പിച്ചുകൊണ്ടാണ് പൊരുത്തശോധനയുടെ നിയമങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പൊരുത്തമില്ലാത്ത ജാതകങ്ങളെ യോജിപ്പിക്കുന്നത് പാപമാണെന്ന് മാത്രമല്ല രണ്ടു ജീവിതങ്ങളെ പാഴാക്കല്‍ കൂടിയാണ്. നല്ല മോരിനെ പിത്തള പാത്രത്തിലൊഴിക്കുന്നതിനോടാണ് ഈ പ്രക്രിയയെ പണ്ഡിതന്മാ൪ താരതമ്യപ്പെടുത്തിയിട്ടുള്ളത്. യോജിക്കാത്ത ഭാര്യ യോജിക്കാത്ത പുരുഷനുമായും യോജിക്കാത്ത പുരുഷന്‍ യോജിക്കാത്ത സ്ത്രീയുമായും ബലം പ്രയോഗിച്ചോ, നി൪ബന്ധബുദ്ധികൊണ്ടോ, അറിവില്ലായ്മകൊണ്ടോ യോജിപ്പിക്കപ്പെട്ടാല്‍ രണ്ടുപേരുടെ ജീവിതം വ്യ൪ഥമാകും. സംഭോഗത്തിന് മാത്രമുള്ള വെറും ശാരീരിക ബന്ധമല്ല വിവാഹം. മനുഷ്യദമ്പതികളുടെ ബന്ധത്തേയും പക്ഷിമൃഗാദികളുടെ ശരീരസംയോഗം പോലെ വ്യാഖ്യാനിക്കുന്നവരോട് ഒരു കാര്യമേ ചോദിക്കാനുള്ളു. പക്ഷിമൃഗാദികള്‍ പാതിവ്രതം പാലിക്കാറില്ല എന്ന അടിസ്ഥാനത്തില്‍ സ്വന്തം ഭ൪ത്താവോ ഭാര്യയോ അവയെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ അത് ഇന്നത്തെ മനുഷ്യന് എത്രത്തോളം ഇഷ്ടപ്പെടും. വിവാഹത്തെ അഥവാ സ്ത്രീപുരുഷ ബന്ധത്തെ നിയന്ത്രിക്കുന്ന മറ്റു ചില അദൃശ്യഘടകങ്ങള്‍ കൂടിയുണ്ട്. ഭാര്യയും ഭ൪ത്താവും ജീവിതത്തിലെ സുഖദുഃഖങ്ങള്‍ പരസ്പരം തുല്യമായും ആത്മാ൪ത്ഥമായും ഉള്ളുതുറന്നും പങ്കിടുന്നത് സ്നേഹത്തില്‍ക്കൂടിയാണ്. ഈ ബന്ധം ലൈംഗീക സുഖലാഭത്തിനും കൂടി പ്രയോജനപ്പെടുന്നെങ്കിലും അതുമാത്രമല്ല ഈ ബന്ധത്തിന്‍റെ ലക്‌ഷ്യം. ജനനേന്ദ്രിയ ശേഷി നശിച്ച വൃദ്ധ ദമ്പതികളുടെ പരസ്പര സ്നേഹവും, സമ൪പ്പണ ബുദ്ധിയും, സേവനതാല്‍പര്യവും കാണുമ്പോള്‍ മാത്രമേ ഈ ബന്ധത്തിന്‍റെ പ്രത്യേകത മനസ്സിലാകൂ. പ്രതിഫലം പറ്റിക്കൊണ്ട്‌ ലൈംഗികസുഖലാഭത്തിന് കൂട്ടുനില്‍ക്കുന്ന ഒരു വേശ്യയ്ക്ക് ഒരിക്കലും ജീവിതാന്ത്യം വരെ ഒരു സഹധ൪മ്മിണിയായി വിശേഷിച്ചും വൃദ്ധാവസ്ഥയില്‍ ജീവിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് തന്നെയാണ് ഭാരതീയ ജ്യോതിഷത്തില്‍ സ്ത്രീപുരുഷബന്ധത്തെ പവിത്രവും ദിവ്യവുമായി കണക്കാക്കിവരുന്നത്. വിവാഹപൊരുത്തശോധനയിലും ദാമ്പത്യത്തെ ഈ ദൃഷ്ടികോണില്‍ക്കൂടി വേണം കാണാന്‍.

ജാതകപൊരുത്തം നോക്കി വിവാഹം വിശ്ചയിക്കുന്ന സമ്പ്രദായത്തെ തള്ളിപ്പറയുന്ന ഒരു പ്രവണത ഇന്ന് ചില ഭാഗങ്ങളില്‍ കാണുന്നുണ്ട്. വിവേകശൂന്യമായ ഒരു കാല്‍വെയ്പാണ് ഇത്. സ്ത്രീ പുരുഷന്മാ൪ തമ്മില്‍ പരിചയപ്പെട്ടു നടക്കുന്ന വിവാഹമാണ് നല്ലതെന്നും ജാതകപൊരുത്തം നോക്കി ചെയ്യുന്ന വിവാഹത്തില്‍ വലിയ യുക്തി ഇല്ലെന്നും വാദിക്കുന്നവ൪ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

സ്ത്രീ പുരുഷന്മാ൪ എത്ര അടുത്തു പരിചയിച്ചാലും അറിയാന്‍ സാധിക്കാത്തതും പരസ്പരം മറച്ചുവയ്ക്കാന്‍ കഴിയുന്നതുമായ പല വൈകല്യങ്ങളുമുണ്ട്.
രഹസ്യ രോഗങ്ങള്‍
ഹൃദ്രോഗം
അപസ്മാരാദിരോഗങ്ങള്‍
കുടുംബദോഷം
ഋണബാധ്യത (കടം)
ലഹരിപ്രിയം (മദ്യപാനം, പുകവലി, മയക്കുമരുന്ന്)
നപുംസകത്വം
മുന്‍വിവാഹം
പരപുരുഷസ്ത്രീസമ്പ൪ക്കം
പാരമ്പര്യരോഗങ്ങള്‍
മാനസികരോഗങ്ങള്‍
സന്താനോത്പാദന ശക്തി ഇല്ലായ്മ
അല്പായുസ്സ്, അകാലമരണം
കലഹപൂ൪ണ്ണവും ദുരിതപൂ൪ണ്ണവുമായ ദാമ്പത്യജീവിതം ഉണ്ടാകുമോ 
Divorce ഉണ്ടാകുമോ 
താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിയില്‍ മുകളില്‍ പറഞ്ഞ ദോഷങ്ങള്‍ കാണാന്‍ ഒരു പുരുഷനും സ്ത്രീയും ഇഷ്ടപ്പെടുകയില്ല എന്ന കാര്യത്തില്‍ സംശയമില്ലല്ലോ. പക്ഷെ എത്ര രഹസ്യമായി അന്വേഷിച്ചാലും മുന്‍പറഞ്ഞ ദോഷങ്ങളെ മറച്ചുപിടിക്കാന്‍വിഷമമില്ല. വളരെ അടുത്തു പരിചയിച്ചതിനുശേഷം വിവാഹം കഴിക്കുന്ന പല സിനിമാതാരങ്ങളും, പല നാള്‍ ഒരുമിച്ചു പഠിച്ച അനേകം സഹപാഠികളും, വിശ്വവിഖ്യാതരായ കളിക്കാരും ഏതാനും ദിവസങ്ങള്‍ക്കുശേഷം വിവാഹബന്ധം ഉപേക്ഷിച്ച് ജീവിതത്തെ നിത്യനരകമാക്കിയിട്ടുള്ള ഉദാഹരണങ്ങള്‍ നാം നിത്യേന കാണുന്നുണ്ടല്ലോ. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ ഇന്ന് വിവാഹത്തിനു മുമ്പേ വൈദ്യപരിശോധന നി൪ബന്ധമാക്കണമെന്ന അഭിപ്രായവും ഉയ൪ന്നു വന്നിട്ടുണ്ട്.

പക്ഷെ ഒരു വ്യക്തിയുടെ ശരിയായ ജാതകത്തില്‍ മുകളില്‍ പറഞ്ഞ എല്ലാ ദോഷങ്ങളും സ്പഷ്ടമായി ഒരു നല്ല ജ്യോതിഷിക്ക് കണ്ണാടിയില്‍ എന്നപോലെ കാണാനും രക്ഷാക൪ത്താക്കളെ ബോധ്യപ്പെടുത്താനും സാധിക്കും. രഹസ്യപ്പോലീസിലെ അന്വേഷണോദ്യോഗസ്ഥന്മാ൪ക്ക് സാധിക്കാത്ത കാര്യമാണ് ഇവിടെ ജാതകം വെളിപ്പെടുത്തുന്നത്. നമുക്ക് ലഭിച്ച ഈ ഒരു വഴികാട്ടിവിദ്യയെ പുച്ഛിച്ചു തള്ളുന്നത് സ്വയം കണ്ണുകുത്തിപ്പൊട്ടിക്കുന്നതിന് തുല്യമാണ്. കയ്യിലിരിക്കുന്ന ദീപം ഉപയോഗിക്കാതെ ഇരുട്ടില്‍ തപ്പിതടഞ്ഞ് ഉരുണ്ടുവീഴുന്ന മ൪ക്കടമുഷ്ടിയാണ് ഇന്ന് പലരും കാണിക്കുന്നത് എന്നത് ഒരു ദുഃഖസത്യമാണ്.

പൊരുത്തശോധന പലപ്പോഴും ശരിയാകാതെ വരുന്നുണ്ട്. അതിനുകാരണം സ്ത്രീപുരുഷ ജാതകത്തെപ്പറ്റി വിശദമായും വ്യക്തമായും വിശകലനം ചെയ്യാന്‍ ജ്യോതിഷി തയ്യാറാകുന്നില്ല എന്നതാണ് അഥവാ അതിന് കഴിവില്ലാത്ത ജ്യോതിഷി ജാതകം പരിശോധന നടത്തുന്നു എന്നതാണ്. ഇന്നത്തെ ജാതകപ്പൊരുത്തശോധന വെറും നക്ഷത്രപ്പൊരുത്തശോധനയും പാപസാമ്യചിന്തയുമായി ചുരുങ്ങിയിരിക്കുകയാണ്. പൊരുത്തശോധനയുടെ ഉദ്ദേശത്തില്‍ നിന്നും അത് വളരെ അകന്ന് പോയിരിക്കുന്നു. ജാതകത്തില്‍ നിന്ന് സ്ത്രീയുടെയും പുരുഷന്‍റെയും സത്സ്വഭാവത്തെപ്പറ്റിയും ദുശ്ശീലങ്ങളെപ്പറ്റിയും രോഗങ്ങളെപ്പറ്റിയും ഭാവി അനുഭവങ്ങളെപ്പറ്റിയും വിശേഷിച്ച് ആയുസ്സ്, സന്താനം എന്നിവയെപ്പറ്റിയും മനസ്സിലാക്കാന്‍ കഴിയുമെങ്കിലും അതിനു ശ്രമിച്ചുകാണാറില്ല. ഈ വക കാര്യങ്ങള്‍ കൂടി നോക്കിയാലേ പൊരുത്തശോധന പൂ൪ണ്ണം ആകുകയുള്ളൂ.

Labels: ,

നിങ്ങൾക്കും പൊരുത്തം നോക്കാം


ദേശവിധപ്പൊരുത്തങ്ങളില്‍ ഓരോ പൊരുത്തത്തിനുള്ള ഫലങ്ങള്‍

ദിനം ഗണംച മാഹേന്ദ്രം
സ്ത്രീ ദീര്‍ഘം യോനിരേവച
രാശി രാശ്യാധിപോവശ്യം
രജ്ജുര്‍വേധം തഥൈവച.
1. ദിനം, 2. ഗണം, 3. മാഹേന്ദ്രം, 4. സ്ത്രീ ദീര്‍ഘം, 5. യോനി, 6. രാശി, 7. രാശ്യാധിപന്‍, 8. വശ്യം, 9. മദ്ധ്യമരജ്ജു, 10. വേധം, എന്നിവയാണ് പ്രധാനപ്പെട്ട പത്ത് വിവാഹ പൊരുത്തങ്ങള്‍ (മദ്ധ്യമരജ്ജു, വേധം എന്നീ പൊരുത്തങ്ങള്‍ ദോഷപ്രദങ്ങളാകയാല്‍ വര്‍ജ്ജിയ്ക്കേണ്ടവയുമാകുന്നു.)

ദിനദായുഷ്യമാരോഗ്യം
ശോഭനം ഗണമേവച
മാഹേന്ദ്രാല്‍ പുത്രവൃദ്ധിസ്യാല്‍
സ്ത്രീ ദീര്‍ഘാല്‍ സര്‍വ്വസമ്പദഃ
യോനിദേ ദമ്പതിസ്നേഹ
രാശീനാം വംശവൃദ്ധിക്യല്‍
സന്താനം രാശ്യാധിപതി
വശ്യാദന്യോന്യവശ്യതേ
രജ്ജുമംഗല്യവൃദ്ധിസ്യാല്‍
വേധയാശോകനാശനം
(കാലവിധാനം)
സാരം : ദിനപ്പൊരുത്തംകൊണ്ട് ആയുസ്സും ആരോഗ്യവും വര്‍ദ്ധിക്കുകയും സ്ത്രീ പുരുഷന്മാരുടെ ഗണം ഒന്നായിരുന്നാല്‍ സര്‍വ്വവിധശോഭനവും ദമ്പതികള്‍ക്കുണ്ടാവുകയും മാഹേന്ദ്രപ്പൊരുത്തത്താല്‍ പുത്രവൃദ്ധി ഉണ്ടാവുകയും ചെയ്യുമെന്നാണ് പറയുന്നതെങ്കിലും മാഹേന്ദ്രപ്പൊരുത്തത്തിന്റെ പദ്യം വ്യക്തമാക്കുന്നത്.

യാതേ മാഹേന്ദ്രയോഗസ്യാല്‍
മംഗല്യായുഷ്യവര്‍ദ്ധനം. എന്നുമാണ്.
സ്ത്രീ ദീര്‍ഘപ്പൊരുത്തംകൊണ്ട് സര്‍വ്വസമ്പത്തുകളും ഉണ്ടാകുന്നതാണെന്നും യോനിപ്പൊരുത്തം കൊണ്ട് ദമ്പതികള്‍ക്ക് യോജിപ്പും സ്നേഹവും ഉണ്ടാകുമെന്നും രാശിപ്പൊരുത്തം ഉണ്ടായിരുന്നാല്‍ ബന്ധുക്കള്‍ക്ക് യാതൊരു ആപത്തും ഉണ്ടാകാതെ അഭിവൃദ്ധിയെ ചെയ്യുന്നതാണെന്നും രാശ്യാധിപപ്പൊരുത്തം കൊണ്ട് ദമ്പതികള്‍ തമ്മിലുള്ള ചേര്‍ച്ചയില്‍ ഉത്തമസന്താനങ്ങള്‍ ജനിക്കാനിടയാകുമെന്നും, വശ്യപ്പൊരുത്തം ഉണ്ടായിരുന്നാല്‍ പരസ്പരം രണ്ടുപേരും തമ്മില്‍ വശ്യപ്പെടുകയും (പരസ്പരം ആകര്‍ഷിക്കപ്പെടുകയും) സ്നേഹിക്കപ്പെടുകയും ചെയ്യുന്നതാണെന്നും രജ്ജുപ്പൊരുത്തം ഉത്തമമായാല്‍ ദീര്‍ഘമംഗല്യം ഉണ്ടാകുന്നതാണെന്നും വേധപ്പൊരുത്തം ഉത്തമമായാല്‍ ദമ്പതികള്‍ക്ക് ദുഃഖശാന്തിവരുമെന്നും ദശവിധപ്പൊരുത്തങ്ങളില്‍ ഓരോന്നിനും പ്രത്യേകം പ്രത്യേകം ഫലം കൊടുത്തുകൊണ്ട് കാലവിധാനത്തില്‍ പറഞ്ഞിരിക്കുന്നു.

ഇപ്രകാരം ദശവിധപ്പൊരുത്തം ദാമ്പത്യജീവിതത്തിന്റെ സുപ്രധാനമായ 10 ഘടകങ്ങളായിതീരുന്നു. അതുകൊണ്ടാണ് ഋഷിവര്യന്മാര്‍ പൊരുത്തശോധനയ്ക്ക് പ്രാധാന്യത കല്‍പിച്ചിട്ടുള്ളത്.

മുന്‍കാണിച്ചിട്ടുള്ള കാലവിധാന ശ്ളോകത്തിന്റെ അടിസ്ഥാനത്തില്‍ പൊരുത്തങ്ങളുടെ അനുക്രമം വ്യക്തമാകുകയാണ്. ഇപ്രകാരമുള്ള ദശവിധപ്പൊരുത്തങ്ങളുടെ ക്രമം അനുസരിച്ചുള്ള പദ്യമാണ് ഈ അദ്ധ്യായത്തിന്റെ പ്രാരംഭത്തില്‍ കാണിച്ചിട്ടുള്ളത്.

ഇതില്‍ നിന്നും ദിനപ്പൊരുത്തമാണ് ആദ്യത്തെപ്പൊരുത്തമെന്ന് വ്യക്തമാകുന്നത്. സ്ത്രീ പുരുഷന്മാരുടെ ജന്മനക്ഷത്രങ്ങള്‍ പൊരുത്തശോധനയ്ക്കായി കിട്ടിക്കഴിഞ്ഞാല്‍ സ്ത്രീ നാള്‍ മുതല്‍ എത്രാമതാണ് പുരുഷനാള് വരുന്നതെന്ന് നോക്കുകയാണല്ലോ ആദ്യത്തെ ജോലി. അതില്‍ നിന്നും ദിനപ്പൊരുത്തമാണ്, ഒന്നാമതായി എടുക്കേണ്ടതെന്ന് വ്യക്തമാകുന്നു. ആയതിനാല്‍ ദിനപ്പൊരുത്തം മുതല്‍ നോക്കുന്നതാണ് വ്യക്തമായ കാര്യമെന്ന് കരുതുന്നു.


(1) ദിനപ്പൊരുത്തം
സ്ത്രീജന്‍മര്‍ഷാത് പ്രഥമാത്
തൃതീയഭേ, പഞ്ചമേ ച, സപ്തമഭേ,
ജാതോ വര്‍ജ്ജ്യഃ പുരുഷഃ
ക്രമാത് തു തേഷു ദ്വിതീയജന്മര്‍ക്ഷാത്
പ്രഥമാന്ത്യതൃതീയാംശേ
ജാതോ നിന്ദ്യ സ്തൃതീയജന്മര്‍ക്ഷാത്,തേഷു ക്രൂരാംശഭവോ
നിന്ദ്യശ്ചൈവം, ദിനാഖ്യമപി വിദ്യാത്.
(ജാതകാദേശം)
സ്ത്രീയുടെ ആദ്യത്തെ ജന്മനക്ഷത്രത്തില്‍ നിന്ന് 3-5-7 ഈ നക്ഷത്രങ്ങളില്‍ ജനിച്ച പുരുഷന്‍ വര്‍ജ്ജ്യനാകുന്നു. രണ്ടാമത്തെ ജന്മനക്ഷത്രത്തില്‍ നിന്ന് 3-ാം നാളിന്റെ ആദ്യത്തെ കാലിലും, 5-ാം നാളിന്റെ 4-ാം കാലിലും, 7-ാം നാളിന്റെ 3-ാം കാലിലും ജനിച്ച പുരുഷന്‍ നിന്ദ്യനാകുന്നു. 3-ാം മത്തെ ജന്മനക്ഷത്രത്തില്‍ നിന്ന് 3-5-7 ഈ മൂന്നു നാളുകളിലും പാപാംശം ഉണ്ടെങ്കില്‍ അതില്‍ ജനിച്ച പുരുഷനും നിന്ദ്യനാകുന്നു. ഇതാണ് ദിനം എന്ന പൊരുത്തം
പ്രഥമാത് സ്ത്രീജന്മര്‍ക്ഷാത്
സപ്തമജോ വാ തൃതീയജോ വാപി
കഷ്ടതരഃ, പഞ്ചമജാതഃ
വിശേഷതഃ ഇതി പ്രോക്തഃ
(ജാതകാദേശം)
സ്ത്രീയുടെ ആദ്യത്തെ ജന്മനക്ഷത്രത്തില്‍ നിന്ന് 3-7 ഈ നക്ഷത്രങ്ങളില്‍ ജനിച്ച പുരുഷന്‍ ആണ് മേല്‍പ്പറഞ്ഞതില്‍വെച്ച് അധികം ദോഷപ്രദനായിട്ടുള്ളത്. 5-ാം നക്ഷത്രത്തില്‍ ജനിച്ച പുരുഷന്‍ ഇതില്‍വെച്ചും എത്രയോ അധികം ദോഷപ്രദനുമാകുന്നു.

ഇതിനും പുറമേ സ്ത്രീ ജനിച്ചപാദം മുതല്‍ 88-ം, 108-ം പാദങ്ങളില്‍ ജനിച്ച പുരുഷനും വര്‍ജ്ജ്യമാണ്.

കന്യാപിറന്നകാല്‍ തൊട്ടങ്ങെമ്പത്തെട്ടാമതും തഥാ
നൂറ്റെട്ടാം കാലുമാവും ജന്മക്കാലെങ്കില്‍ വര്‍ജ്ജ്യയേല്‍
(കാലദീപം)
ദിനാദായുഷ്യമാരോഗ്യം എന്ന് കാലവിധാനത്തില്‍ പറഞ്ഞിരിക്കുന്നതിനാല്‍ ദമ്പതികള്‍ക്ക് ആയുരാരോഗ്യവൃദ്ധി ഉണ്ടാകാനിടയാക്കുന്നതാണ് ദിനപ്പൊരുത്തം.

(2) ഗണപ്പൊരുത്തം
പൂരോത്രാദ്യങ്ങള്‍ മൂന്നാംതിര ഭരണിയുമാ
രോഹണീ മര്‍ത്ത്യരോവം

ചിത്ര തൃക്കേട്ട മൂലം മകചതയവിട്ടം
കാര്‍ത്തികായില്യവും,
ശംഖം താന്‍ രാക്ഷസന്മാര്‍.

പുണര്‍തവുമനിഴം
പൂയ്യമത്തം തിരോണം
രേവത്യശ്വം മകീരം സുരഗണമിവയില്‍
ചോതിയും ചേര്‍ത്തിടേണം
(ജാതകാദേശം)
പൂരോത്രാദ്യങ്ങള്‍ - പൂരം, പൂരാടം, പൂരോരുട്ടാതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി.

ഗണമൊന്നാകിലോ മുഖ്യം
മദ്ധ്യമം ദേവ മാനുഷം
ദേവാസുര ഗണം നിന്ദ്യം
ആകാ മാനുഷ രാക്ഷസം
(ജ്യോതിഷദീപമാല)
പൂരം, പൂരാടം, പൂരോരുട്ടാതി, ഭരണി, രോഹിണി തിരുവാതിര, ഉത്രാടം, ഉത്രം, ഉത്രട്ടാതി എന്നീ ഒമ്പത് നക്ഷത്രങ്ങള്‍ മനുഷ്യഗണങ്ങളും.

കാര്‍ത്തിക, ആയില്യം, മകം, ചിത്രം, വിശാഖം, തൃക്കേട്ട, മൂലം, അവിട്ടം, ചതയം എന്നീ ഒമ്പത് നക്ഷത്രങ്ങളും അസുരഗണങ്ങളുമാകുന്നു.

പുണര്‍തം, അനിഴം, പൂയ്യം, അത്തം, തിരുവോണം, രേവതി, അശ്വതി, മകീര്യം, ചോതി എന്നീ ഒമ്പത് നക്ഷത്രങ്ങള്‍ ദേവ ഗണങ്ങളുമാകുന്നു.

ശുഭദം ഗണൈക്യ.മിതര-
ന്നിന്ദ്യം, പ്രായോ, വിശേഷമിഹ വക്ഷ്യേ
ദേവഗണോത്ഥേ പുരുഷേ
മാനുഷഗണസംഭവാപി ശുഭദാ സ്ത്രീ
(ജാതകാദേശം)
സ്ത്രീ പുരുഷന്‍മാര്‍ ഒരേ ഗണത്തില്‍ ജനിച്ചവരാണെങ്കില്‍, ശുഭപ്രദമാകുന്നു. രണ്ടുപേരും രണ്ടു ഗണത്തില്‍ ജനിച്ചവരാണെങ്കില്‍ പ്രായേണ നിന്ദ്യവുമാണ്. എന്നാല്‍ ഇവിടെ കുറച്ചു ചില വിശേഷമുള്ളതും പറയാം. ദേവഗണത്തില്‍ ജനിച്ച പുരുഷനാണെങ്കില്‍ മനുഷ്യഗണനക്ഷത്രത്തില്‍ ജനിച്ച സ്ത്രീ ആയാലും ശുഭപ്രദം തന്നേയാകുന്നു.

അസുരഗണോത്ഥേ പുരുഷേ
മദ്ധ്യാ സ്യാത് സ്ത്രീ മനുഷ്യഗണജാതാ
ദേവഗണസംഭവായാം
യോഷിതി നൃഗണോത്ഭവഃ പുമാന്‍ നിന്ദ്യഃ.
(ജാതകാദേശം)
പുരുഷന്‍ അസുരഗണത്തില്‍ ജനിച്ചവനാണെങ്കില്‍, മനുഷ്യഗണത്തില്‍ ജനിച്ച സ്ത്രീയെ മദ്ധ്യമമായി എടുക്കാം.

മനുഷ്യഗണത്തില്‍ ജനിച്ച പുരുഷന്‍ ദേവഗണത്തില്‍ ജനിച്ച സ്ത്രീയെ എടുക്കുന്നത് നിന്ദ്യവുമാകുന്നു. (ചില ജ്യോതിശാത്രജ്ഞര്‍ മദ്ധ്യമമായി എടുക്കുന്നുണ്ട്. കാരണം, മനുഷ്യന്‍ ദേവതകളെ പൂജിയ്ക്കുന്നതു പോലെ പുരുഷന്‍ സ്ത്രീയെ പൂജിയ്ക്കുമെന്ന് കരുതുന്നു.).

അസുരഗണോക്ത നാരീ
കഷ്ടതരാ മാനുഷോത്ഭവേ പുരുഷേ
നാത്യശുഭാ സാപി സ്യാത്
സ്ത്രീദീര്‍ഘേ വാപി, സൂക്ഷമഗണൈക്യേ.
(ജാതകാദേശം)
മാനുഷഗണജാതനായ പുരുഷന്‍ അസുരഗണജാതയായ സ്ത്രീയെ വിവാഹം ചെയ്യുന്നത് അത്യന്തം ദേഷപ്രദമാകുന്നു. സ്ത്രീദീര്‍ഘമോ സൂക്ഷമനക്ഷത്രഗണൈക്യമൊ ഉണ്ടെങ്കില്‍, ഒടുവില്‍ പറഞ്ഞ ഈ ദോഷത്തിന്റെ ശക്തി കുറച്ചു കുറയുകയും ചെയ്യും.

സ്ത്രീ രാക്ഷസം പുമാന്‍ മര്‍ത്ത്യഗണമെങ്കില്‍ വിവര്‍ജ്ജ്യയേല്‍ എന്നും

സ്ത്രീ രാക്ഷസസ്യദോഷസ്യ
ചതുര്‍ദശ വിനാഫലം എന്നും ശാസ്ത്രവചനമുണ്ട്.
ആയതിനാല്‍ സ്ത്രീ രാക്ഷസഗണവും പുരുഷന്‍ മാനുഷഗണവും ആയാല്‍ അധമമാണ്.
എന്നാല്‍ സ്ത്രീ രാക്ഷസഗണമായാല്‍ സ്ത്രീനാള്‍ മുതല്‍ 14 നക്ഷത്രത്തിന് മേലുള്ള മറ്റു ഗണങ്ങളില്‍ പുരുഷന്‍ ജനിച്ചാല്‍ ദോഷമല്ലാത്തതാകുന്നു.

സ്ത്രീ ദീര്‍ഘതയാല്‍ സ്ത്രീയുടെ അസുരഗണദോഷം മാറുന്നതാണെന്ന് താല്‍പര്യം.

സൂക്ഷമനക്ഷത്രഗണൈക്യ മാണ് ഇനി പറയുവാന്‍ പോകുന്നത്.
ദമ്പതി ലഗ്നോത്ഭവയോ-
ശ്ചന്ദ്രസ്യ നവാംശകോത്ഥയോര്‍വ്വാപി
നക്ഷത്രയോര്‍ഗ്ഗണൈക്യം
സൂക്ഷമര്‍ക്ഷഗണൈക്യ ശബ്ദഗദിതമിഹ
(ജാതകാദേശം)
സ്ത്രീയുടേയും പുരുഷന്റേയും ലഗ്നസ്ഫുടത്തെ വേറെ വെച്ച് രണ്ടില്‍ നിന്നു നാള് കാണുക. അല്ലെങ്കില്‍ ഇരുവരുടേയും ചന്ദ്രന്റെ നവാംശക സ്ഫുടം വരുത്തി അതില്‍ നിന്നായാലും മതി. ഇങ്ങനെ കാണുന്ന നക്ഷത്രങ്ങളെയാണ് സൂക്ഷ്മ നക്ഷത്രങ്ങള്‍ എന്നു പറയുന്നത്. ഈ സൂക്ഷമനക്ഷത്രങ്ങളുടെ ഗണം ഒന്നായി വന്നാല്‍, അതിനെയാണ് സൂക്ഷ്മനക്ഷത്രഗണൈക്യം എന്നു പറയുന്നത്.


(3) മാഹേന്ദ്രപ്പൊരുത്തം
സ്ത്രീജന്മര്‍ക്ഷത്രിതയാത്
ചതുര്‍ത്ഥദിക് സപ്തമേഷ്വഥര്‍ക്ഷേഷു
ജാതഃ ശുഭകൃത് പുരുഷോ,
മാഹേന്ദ്രാഖ്യഃ പ്രകീര്‍ത്തിതശ്ചൈവം.
(ജാതകാദേശം)
സ്ത്രീയുടെ മൂന്ന് ജന്മനക്ഷത്രങ്ങളില്‍ നിന്നും, 4-7-10 ഈ നാളുകളില്‍ ജനിച്ച പുരുഷന്‍ ശുഭപ്രദനാകുന്നു. ഈ യോഗത്തെയാണ് മാഹേന്ദ്രം എന്നു പറയുന്നത്. (സ്ത്രീ ജനിച്ച നക്ഷത്രം 1-ാമത്തെ ജന്മനക്ഷത്രവും , അതില്‍ നിന്നു 10-ാ മത്തെ നക്ഷത്രം 2-ാ മത്തേയും, 19-ാമത്തെ നക്ഷത്രം മൂന്നാമത്തേയും ജന്മനക്ഷത്രങ്ങളാകുന്നു.)

ഇപ്രകാരമുള്ള മാഹേന്ദ്രപ്പൊരുത്തത്താല്‍ ദമ്പതികള്‍ക്ക് മംഗല്യവും ആയുസും വര്‍ദ്ധിക്കുന്നതാണ്. ദീര്‍ഘമംഗല്യമുണ്ടാകുമെന്ന് സാരം. മറ്റുള്ള നാളുകള്‍ മദ്ധ്യമമായിട്ടും കണക്കാക്കുന്നു. ഇതില്‍ അധമം ഇല്ല.


(4) സ്ത്രീ ദീര്‍ഘപ്പൊരുത്തം
പ്രശ്നമാര്‍ഗ്ഗം 21-ാം അദ്ധ്യായം 207-ാം പേജില്‍ ഗണയേല്‍ സ്ത്രീജന്മര്‍ഷാല്‍.... എന്നുതുടങ്ങുന്ന ശ്ളോകപ്രകാരം, സ്ത്രീയുടെ ജന്മനക്ഷത്രം മുതല്‍ പുരുഷനാല്‍ വരെ എണ്ണിയാലുള്ള സംഖ്യ 15-ല്‍ അധികമുണ്ടെങ്കില്‍ സ്ത്രീ ദീര്‍ഘപ്പൊരുത്തമുണ്ട്. അത് ശുഭമാകുന്നു. എന്നാല്‍ മാധവീയത്തില്‍ 8 അദ്ധ്യായം 21-ാം ശ്ളോകം കൂടുതല്‍ യോജിപ്പാണെന്ന് കാണുന്നതിനാല്‍ അത് താഴെ ചേര്‍ക്കുന്നു.

സ്ത്രീ താരകാദി നവകത്രിതയേ വരസ്യ
ജന്മര്‍ക്ഷമ്യക്ഷനവകേ പ്രഥമേ നദീഷ്ടം
മദ്ധ്യേയ മദ്ധ്യമലം ചരമേ പ്രശസ്തം
ന്യായം ദിനാദിഷുച കേപിദിരം വദന്തി.
സാരം- സ്ത്രീയുടെ ജന്മനക്ഷത്രമാദിയായി എണ്ണിയാല്‍ ആദ്യത്തെ ഒന്‍പത് നാളിനകം പുരുഷന്റെ ജന്മനക്ഷത്രം വരുന്നത് അശുഭവും രണ്ടാമത്തെ ഒന്‍പത് നാളിനകം വന്നാല്‍ മദ്ധ്യമവും മൂന്നാമത്തെ ഒന്‍പത് നാളിനകം വന്നാല്‍ സ്ത്രീ ദീര്‍ഘപ്പൊരുത്തം ഉത്തമവുമാകുന്നു. ഏതായാലും സ്ത്രീയുടെ ജന്മനക്ഷത്രത്തില്‍ നിന്ന് പുരുഷന്റെ ജന്മനക്ഷത്രം വളരെ അകന്നു വരുന്നത് ഏറ്റവും ഉത്തമമാണ്.

മാധവാചാര്യരുടെ ഇപ്രകാരമുള്ള അഭിപ്രായത്തിന് മറ്റുള്ളവയെക്കാള്‍ ഏറെ പ്രാധാന്യം കാണുന്നു.

സ്ത്രീ ദീര്‍ഘാല്‍ സര്‍വ്വ സമ്പദാ എന്നുള്ള കാലവിധാന ശാസ്ത്രപ്രകാരം സ്ത്രീ ദീര്‍ഘപ്പൊരുത്തത്താല്‍ ദമ്പതികള്‍ക്ക് സര്‍വ്വവിധമായ സമ്പത്തുകളും ഉണ്ടാകുന്നതാണ്.

(5) യോനിപ്പൊരുത്തം
പൂരോരട്ടാതിയോണം ഭരണിയഹി ഹയം
പൂയ്യമുത്രാടമുത്രം
പൂരാടം കേട്ട ചോതീ മകവുമഥ വിശാ-
ഖാഖ്യമൂലം പുമാന്മാര്‍.

ഉത്രട്ടാദ്യതിരാ കേള്‍ ചതയമനിഴവും
രേവതീ കാര്‍ത്തികാത്തം.
ചിത്രാവിട്ടം മകീരം പുണര്‍തവുമതുപോല്‍
രോഹണീ പൂരവും സ്ത്രീ.
അശ്വതി, ഭരണി, പൂയ്യം, ആയില്യം, മകം, ഉത്രം, ചോതി, വിശാഖം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, പൂരോരുട്ടാതി. എന്നീ നക്ഷത്രങ്ങള്‍ പുരുഷ യോനി നക്ഷത്രങ്ങള്‍ ആകുന്നു.

കാര്‍ത്തിക, രോഹിണി, മകീരം, തിരുവാതിരം, പുണര്‍തം, പൂരം, അത്തം, ചിത്ര, അനിഴം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങള്‍ സ്ത്രീ യോനി നക്ഷത്രങ്ങള്‍ ആകുന്നു.

ഇതില്‍ പുരുഷന്‍, പുരുഷയോനി നക്ഷത്രത്തിലും സ്ത്രീ സ്ത്രീയോനിനക്ഷത്രത്തിലുമായാല്‍ ഉത്തമവും സ്ത്രീ പുരുഷയോനി നക്ഷത്രത്തിലും പുരുഷന്‍ സ്ത്രീയോനി നക്ഷത്രത്തിലും ആയാലും രണ്ടുപേരും പുരുഷയോനി നക്ഷത്രത്തിലായാലും യോനിപ്പൊരുത്തം അധമമാകുന്നു. രണ്ടുപേരും സ്ത്രീ യോനിനക്ഷത്രങ്ങളിലായാല്‍ മദ്ധ്യമമാകുന്നു.

മേല്‍പ്പറഞ്ഞ പ്രകാരം വിപരീതയോനി നക്ഷത്രങ്ങളില്‍ ജനിച്ചാല്‍ കഷ്ടായോനിവിരുദ്ധതാ എന്ന് പ്രശ്നമാര്‍ഗ്ഗം 21-അദ്ധ്യായം 36-ാം ശ്ളോകം പറയുന്നുണ്ട്.

യോനിപ്പൊരുത്തം ഉത്തമമായിരുന്നാല്‍ യോനിതേദമ്പതിസ്നേഹ എന്ന് കാലവിധാനത്തില്‍ പറഞ്ഞിരിക്കുന്നു. യോനിപ്പൊരുത്തം ഉണ്ടായിരുന്നാല്‍ ദമ്പതികള്‍ക്ക് സ്നേഹവും ഐക്യവും സംജാതമാകുമെന്നുള്ളത് പ്രസ്തുത പദ്യത്താല്‍ വ്യക്തമാകുന്നു. മാത്രമല്ല യോനിപ്പൊരുത്തം ഉത്തമമായാല്‍ സ്നേഹത്തിനു പുറമേ സമ്പത്തും കൂടിയുണ്ടാകുമെന്നാണ് മുന്‍പറഞ്ഞ പ്രശ്നമാര്‍ഗ്ഗ പദ്യം വ്യക്തമാക്കുന്നത്.

(6) രാശിപ്പൊരുത്തം
സ്ത്രീജന്മതോ രണ്ടഥ മൂന്നുമഞ്ചുമാറും വിവര്‍ജ്ജ്യതേ
എന്നുള്ള കാലദീപശാസ്ത്രം അനുസരിച്ച് സ്ത്രീ ജനിച്ച രാശി മുതല്‍ 2, 3, 5, 6 എന്നീ രാശികളില്‍ പുരുഷന്‍ ജനിച്ചാല്‍ രാശിപ്പൊരുത്തം അധമവും 4-ാം രാശി മദ്ധ്യമവും 7 മുതലുള്ള രാശികളില്‍ പുരുഷന്‍ ജനിച്ചാല്‍ രാശിപ്പൊരുത്തം ഉത്തമവുമാകുന്നു. രാശിപ്പൊരുത്തത്തെപ്പറ്റി മാധവീയത്തില്‍ പറയുന്നത്.

സ്ത്രീ ജന്മഭാല്‍ ഭവതിപുംസികുടുംബജാതേ
വിത്തക്ഷയ സ്തനയഹാനിരപത്യ ജാതേ
ഷഷ്ടോല്‍ ഭവേ വ്യസന രോഗ വിപദ്വിയോഗാ
ദുഖംസഹോദരഭവേ സുഖജേവിരാേേധഃ
(മാ. അ 8, ശ്ളോ. 14)
സാരം - സ്ത്രീയുടെ 2-ാം കൂറില്‍ പുരുഷരാശിക്കൂറുവന്നാല്‍ ദ്രവ്യനാശവും 3-ാം കൂറിന് ദുഃഖവും 4-ാം കൂറില്‍ വന്നാല്‍ അന്യോന്യവിരോധും (സുഖജോവിരോധ) 5-ാം കൂറില്‍ വന്നാല്‍ പുത്രനാശവും 6-ാം കൂറില്‍ ജനിച്ചാല്‍ ഷഷ്ടാഷ്ടമത്താല്‍ വ്യസനം, രോഗം, ആപത്ത്, വിയോഗം എന്നീ കഷ്ടാനുഭവങ്ങളും ഉണ്ടാകുന്നതാണ്. ഷഷ്ഠാഷ്ടമദോഷത്തെപ്പറ്റി മുഹൂര്‍ത്തരത്നം എന്ന ഗ്രന്ഥത്തില്‍ നിന്നും പ്രശ്നമാര്‍ഗ്ഗത്തില്‍ ചേര്‍ത്തിട്ടുള്ളത്.

യുഗ്മാദ് സ്ത്രീജന്മര്‍ക്ഷാദ്
ഷഷ്ഠേ ജാതോ വിവര്‍ജ്ജ്യതേ പുരുഷഃ
ഓജാത് സ്ത്രീജന്മര്‍ക്ഷാദ്
മദ്ധ്യഃ ഷഷ്ഠരക്ഷജോ ഭവതി.
(ജാതകാദേശം)
സ്ത്രീയുടെ കൂറ് ഇടവം, കര്‍ക്കിടകം ഇങ്ങനെ യുഗ്മ (ഇരട്ടപ്പെട്ട) രാശിയാണെങ്കില്‍, അതിന്റെ ആറാം കൂറില്‍ ജനിച്ച പുരുഷന്‍ വര്‍ജ്ജ്യനാകുന്നു. നേരെ മറിച്ച് , മേടം, മിഥുനം ഇങ്ങനെ ഒറ്റപ്പെട്ട രാശിയാണ് സ്ത്രീയുടെ കൂറ് എങ്കില്‍, അതിന്റെ ആറാം രാശിയില്‍ ജനിച്ച പുരുഷന്‍ മദ്ധ്യമനുമാകുന്നു.


ഷഷ്ടാഷ്ടമേ മരണ വൈരവിയോഗദോഷാ
ദ്വിദ്വാദശേ വധനത പ്രജതാത്രികോണേ
ശേഷോഷ്വനേകവിധസൌഖ്യസുതാര്‍ത്ഥസമ്പല്‍
ഷഷ്ഠാഷ്ടമപ്രഭൃതികേഷ്വപി വൈരവേധേ
(പ്ര.മാ. 21 അ 10 ശ്ളോ)
സാരം - സ്ത്രീ ജനിച്ചകൂറിന്റെ 6-ാം കൂറില്‍ പുരുഷന്‍ ജനിച്ചാല്‍ അന്യോന്യം വൈരവും വിരഹദുഃഖവും അല്ലെങ്കില്‍ മരണവും സംഭവിക്കും. 2-ാം കൂറില്‍ ജനിച്ചാല്‍ ദാരിദ്യ്രം ഫലം. 5-ാം കൂറില്‍ ജനിച്ചാല്‍ പുത്രനാശം അനുഭവിക്കും. മറ്റുള്ള കൂറുകളില്‍ ജനിച്ചാല്‍ അനേകവിധ സൌഖ്യവും സന്താനാഭിവൃദ്ധിയും ധനസമ്പത്തും ഫലം. ഇരുവരുടേയും കൂറുകള്‍ അന്യോന്യം ശത്രുക്കളാകുകയോ വേധമുണ്ടാകുകയോ ചെയ്താല്‍ 2, 5, 6 എന്നീ കൂറുകള്‍ക്ക് പറഞ്ഞ ഫലം എത്രയും വേഗം അനുഭവിക്കുന്നതാണ്. ഇരുവരുടേയും കൂറുകളുടെ അധിപന്മാര്‍ ഒന്നിക്കുകയോ അന്യോന്യം ബന്ധുക്കളായോ വരുകയും വശ്യപ്പൊരുത്തം ഉണ്ടാകുകയും ചെയ്താല്‍ ഈ ദോഷം അനുഭവപ്പെടുന്നതല്ല.
വശ്യഭാവേതഥാന്യോന്യം താരാശുദ്ധാ പരസ്പരം
നചേല്‍ ഷഷ്ഠാഷ്ടമേദോഷസ്തദാഷഷ്ഠാഷ്ടമ ശുഭം.
(പ്ര.മാ 21.അ.7-ാം ശ്ളോകം)
ഇരുവരുടേയും കൂറുകള്‍ തമ്മില്‍ വശ്യമായിരിക്കുകയും വേധമില്ലാതിരിക്കുകയും ചെയ്താല്‍ കൂറുകള്‍ തമ്മിലുള്ള ഷഷ്ഠാഷ്ടമത്വം ദോഷമല്ലാ. ശുഭമാകുന്നു.

ജന്മര്‍ക്ഷ വേധേ കഥിതേത്രജാതേ
യുക്തോപിവശ്യാദിഗുണൈര്‍ബലിഷൈഠഃ
പതിഞ്ചകന്യാംപ സമുഖ ഘാതം
നിഹന്തിഷഷ്ഠാഷ്ടമരാശിയോഗഃ
(മാ. 8. അ. 17. ശ്ളോ)
ഇവിടെപറഞ്ഞ ജന്മര്‍ക്ഷ വേധം ഉണ്ടെങ്കില്‍ വശ്യം മുതലായ മറ്റു പൊരുത്തങ്ങള്‍ പ്രബലങ്ങളായി ഉണ്ടായിരുന്നാലും അവരുടെ വിവാഹം ദോഷവും ദമ്പതിമാരുടെ രണ്ടുപേരുടേയും വംശത്തിനുകൂടി നാശവും സംഭവിക്കുന്നതുമാകുന്നു. ഈ വേധത്തില്‍ ഷഷ്ഠാഷ്ടമം കൂടി ഉണ്ടെങ്കില്‍ ഈ ഫലം ഉടനെ തന്നെ അനുഭവിക്കുന്നതുമാകുന്നു.

ഏകോപിദോഷോവേദാഖ്യോ ഗുണാല്‍ ഹന്തി ബഹുന്യ പിതസ്മാദ്വി വര്‍ജ്ജേയേ, ദ്വേധം മദ്ധ്യരജ്ജുശ്ച തത്സമഃ എന്നു പ്രമാണാന്തരവുമുണ്ട്.

ഷഷ്ഠാഷ്ടമദോഷത്തിനു പരിഹാരമാര്‍ഗ്ഗം
അസതിജനനതാരാ വേധദോഷേയദിസ്യാദ്
ഭവനപതിസുഹൃത്വം വശ്യതൈ കാധിപ്ത്യം
ഭവതിനഖലൂദോഷസ്തര്‍ഹി ഷഷ്ഠാഷ്ടമത്വാല്‍
സതികഥികഗുണേ സ്മിന്നാശുഭോ രാശിയോഗഃ
(മാ. 8. ഐഅ. 15. ശ്ളോ)
സാരം - സ്ത്രീ പുരുഷന്മാരുടെ നക്ഷത്രങ്ങള്‍ക്ക് അന്യോന്യം വേധമില്ലാതിരിക്കുകയും രണ്ടുപേരുടേയും രാശ്യാധിപന്മാര്‍ അന്യോന്യം ബന്ധുക്കളായിരിക്കുകയും അതല്ലെങ്കില്‍ ഏകാധിപത്യം ഉണ്ടായിരിക്കുകയും രാശ്യാധിപവും വശ്യവും പൊരുത്തങ്ങള്‍ അനുകൂലമായിരിക്കുകയും ചെയ്താല്‍ ഷഷ്ഠാഷ്ടമദോഷം ഉണ്ടാകുന്നതല്ല.

മുന്‍പറഞ്ഞ ഷഷ്ഠാഷ്ടമദോഷത്തോടുകൂടി വേധ ദോഷമോ രാശ്യാധിപ ശത്രുതയോ ഉണ്ടായിരുന്നാല്‍ ഷഷ്ഠാഷ്ടമദോഷത്തിന്റെ ഫലം എത്രയും വേഗം അനുഭവപ്പെടാനിടയുള്ളതും ഒരിക്കലും ബന്ധപ്പെടുത്താന്‍ പാടില്ലാത്തതുമാകുന്നു. വേധദോഷമില്ലെങ്കില്‍ ഏകാധിപത്യം വന്നാല്‍ ഷഷ്ഠാഷ്ടമത്തിന് പരിഹാരമുണ്ടാകുന്നതാണ്.

ഒരേ രാശിയില്‍ രണ്ടുപേരുടേയും നക്ഷത്രങ്ങള്‍ വരുമ്പോള്‍ ഉണ്ടാകുന്ന ഫലവും മറ്റും
ഏകരാശി ദ്വിനക്ഷത്രം
പുത്രപൌത്രാദിവൃദ്ധിക്യല്‍
(പ്ര.മാ. 21. അ. 17 ശ്ളോ)
സാരം - സ്ത്രീ പുരുഷന്മാരുടെ ജന്മനക്ഷത്രങ്ങള്‍ രണ്ടും ഒരേ കൂറില്‍ വന്നാല്‍ പുത്രപൌത്രാദി അഭിവൃദ്ധി ഉണ്ടാകുന്നതാണ്.

(7) രാശ്യാധിപപ്പൊരുത്തം
ജീവോഅര്‍ക്കസ്യ, ഗുരുജ്ഞൌെ
ശശിനോ, ഭൌെമസ്യ ശുക്രശശിപുത്രൌെ.
ജ്ഞസ്യ ആദിത്യവിഹീനാ,
ഭൌെമവിഹീനാഃ സുരേന്ദ്രപൂജ്യസ്യ.

സുഹൃദഃ സ്യു, ര്‍ഭ്യഗുസുനോഃ
ക്ഷണദാകരഭാനുവര്‍ജ്ജിതാ വിഹഗാഃ
അര്‍ക്കേന്ദുഭൌെമഹീനാ
രവിസുനോര്‍ ഭാധിപാഖ്യമിതി ചിന്ത്യം.
സൂര്യന് വ്യാഴവും, ചന്ദ്രന് വ്യാഴവും ബുധനും, കുജന് ശുക്രബുധന്മാരും, ബുധന് സൂര്യന്‍ ഒഴിച്ച് മറ്റെല്ലാ ഗ്രഹങ്ങളും , വ്യാഴത്തിന് കുജന്‍ ഒഴിച്ച് മറ്റെല്ലാ ഗ്രഹങ്ങളും ബന്ധുക്കളാണ്.
ശുക്രന് സൂര്യചന്ദ്രന്മാരൊഴിച്ച് മറ്റു ഗ്രഹങ്ങളും, ശനിയ്ക്ക് സൂര്യചന്ദ്രകുജന്മാരൊഴിച്ച് മറ്റു ഗ്രഹങ്ങളും ബന്ധുക്കളാകുന്നു. ഇങ്ങനെയാണ് രാശ്യാധിപത്യത്തെ വിചാരിയ്ക്കേണ്ടത്.

സ്ത്രീപുരുഷന്മാരുടെ ചന്ദ്രരാശ്യാധിപന്മാര്‍ ഒരു ഗ്രഹമായാലും രണ്ടും പരസ്പരം ഇഷ്ടഗ്രഹങ്ങളായാലും രാശ്യാധിപപ്പൊരുത്തം ഉത്തമമാകുന്നു.

പൊരുത്തങ്ങള്‍ക്കെല്ലാം സ്ത്രീ രാശിമുതല്‍ നോക്കുന്നതില്‍ പ്രാധാന്യം കല്‍പിക്കുന്നതിനാല്‍ സ്ത്രീയുടെ രാശ്യാധിപന്റെ ശത്രുവായി പുരുഷ രാശ്യാധിപന്‍ വന്നാലും പരസ്പരം ശത്രുക്കളായി വന്നാലും രാശ്യാധിപപ്പൊരുത്തം അധമമാകുന്നു.

സ്ത്രീയുടെ രാശ്യാധിപന്റെ സമനായി പുരുഷ രാശ്യാധിപന്‍ ഭവിച്ചാല്‍ രാശ്യാധിപപ്പൊരുത്തം മദ്ധ്യമം. രണ്ടു ഗ്രഹങ്ങളും തമ്മില്‍ ഒരു പ്രകാരത്തില്‍ ശത്രുവും മറുപ്രകാരത്തില്‍ ബന്ധുവും ആയിവന്നാലും ആഗ്രഹങ്ങളെ തമ്മില്‍ സമന്മാരായി കണക്കാക്കേണ്ടത് ശാസ്ത്രനിയമമാകയാല്‍ അതനുസരിച്ചും രാശ്യാധിപപ്പൊരുത്തം മദ്ധ്യമം ആകുന്നു.

സന്താനം രാശ്യാധിപതി എന്ന് കാലവിധനം പറയുന്നതിനാല്‍ അതിനുകാരണം രണ്ടുപേരുടേയും രക്തം തമ്മിലുള്ള ഗ്രൂപ്പുകളുടെ യോജിപ്പിനാലാണെന്ന് തെളിയുന്നു. രണ്ടുപേരുടേയും രാശ്യാധിപന്മാര്‍ ഒന്നാകുകയോ തമ്മില്‍ ഇഷ്ടഗ്രഹളാകുകയോ ചെയ്താല്‍ അവരുടെ രക്തഗ്രൂപ്പുകള്‍ക്ക് തമ്മില്‍ യോജിപ്പ് ഉണ്ടാകുകയും തദ്വാരാ അവര്‍ തമ്മില്‍ സ്നേഹമുള്ളവരായി തീരുകയും അവര്‍ക്ക് ആശയപ്പൊരുത്തം ഭവിക്കാനിടയാകുകയും ചെയ്യുന്നതാണ്. ആയതിനാല്‍ സല്‍സന്താനഭാഗ്യവും സ്നേഹവായ്പും ഉണ്ടാകാനിടയാകുന്നതുമാണ്.

യോനിപ്പൊരുത്തവും വശ്യപ്പൊരുത്തവും പോലെ രാശ്യാധിപപ്പൊരുത്തവും സ്നേഹത്തെക്കുറിക്കുന്നതാണ്.

(8) വശ്യപ്പൊരുത്തം
മേഷസ്യവശ്യസിംഹളീ
വൃഷഭേ കര്‍ക്കിതുലാമതും
മിഥുനസ്യ വശ്യവനിതാ
കര്‍ക്കടേ വൃശ്ചികം ധനു
ചിങ്ങത്തിന് തുലാം വശ്യം
കന്നിയ്ക്ക് മിഥുന മീനവും
മകരം കന്നി തുലാത്തിന്
വൃശ്ചികേ വശ്യ കര്‍ക്കിയാം
ധനുസിന്ന് മീനം വശ്യം
മകരേ രേഷ കുംഭവും
കുംഭത്തിന് മേടം വശ്യം
മീനേ മകര രാശിയാം
രാശീനാം വശ്യമീവണ്ണംട
വശ്യാതന്യോന്യ വശ്യതേ.
മേടത്തിന് വൃശ്ചികവും ചിങ്ങവും, ഇടവത്തിന് കര്‍ക്കിടകവും തുലാവും, മുഥുനത്തിന് കന്നിയും, കര്‍ക്കിടകത്തിന് തുലാവും ധനുവും, ചിങ്ങത്തിന് തുലാവും, കന്നിയ്ക്ക് മിഥുനവും മീനവും, തുലാത്തിന് മകരവും കന്നിയും, വൃശ്ചികത്തിന് കര്‍ക്കിടകവും, ധനുവിന് മീനവും, മകരത്തിന് കുംഭവും മേടവും, കുംഭത്തിന് മേടവും, മീനത്തിന് മകരവും, വശ്യരാശികളാകുന്നു.

സ്ത്രീയുടെ ചന്ദ്രരാശിയില്‍ നിന്നോ പുരുഷന്റെ ചന്ദ്രരാശിയില്‍ നിന്നോ ഇപ്രകാരം വശ്യ രാശി വന്നാല്‍ വശ്യപ്പൊരുത്തം ഉണ്ടാകുന്നു. അതുകൊണ്ടാണ് വശ്യാതന്യോന്യവശ്യതേ എന്നുള്ള പ്രയോഗം കൊടുത്തിട്ടുള്ളത്.

ദ്വയാര്‍ത്ഥ പ്രയോഗത്താലുള്ള ഈ വരിയ്ക്ക് രണ്ടുപ്രകാരത്തില്‍പ്പെടുന്ന അര്‍ത്ഥ വ്യാഖ്യാനങ്ങളുള്ളതിനാല്‍ വശ്യപ്പൊരുത്തത്താല്‍ ദമ്പതികള്‍ക്ക് അന്യോന്യം മനോരമ്യത (പരസ്പരാകര്‍ഷണം) ഭവിയ്ക്കാനിടയാകുന്നു.

സമസപ്തമോ വശ്യഃ എന്നുള്ളതിനാല്‍ ലഗ്നാലോ ചന്ദ്രാലോ ഉണ്ടാകാവുന്ന സമസപ്തമം കൊണ്ട് (പരസ്പരം വശ്യം ആകര്‍ഷിക്കപ്പെടുന്ന സ്നേഹം) ഉണ്ടാകുന്നതാണ്.

സംപ്രീതിസമസപ്തമേ എന്ന് രാശിപ്പൊരുത്തത്തില്‍ (പ്ര.മാ. 21-ാം അദ്ധ്യായം) സൂചിപ്പിക്കുന്നതനുസരിച്ച് ദമ്പതികള്‍ തമ്മില്‍ സ്നേഹത്തിനിടയാകുന്നതാണ്.

ഇപ്രകാരം വശ്യം ഭവിച്ചില്ലെങ്കില്‍ ദോഷത്തിന് പ്രാധാന്യം ഇല്ലാത്തതിനാല്‍ മദ്ധ്യമവുമാണ്.
സിംഹകീടൌെ കര്‍ക്കിതൌെലീ കന്യാചാപാളിനൌെ തുലാ
നൃയുങ്മീനാ വേണ കന്യേ കര്‍ക്കടോന്ത്യോ ഘടക്രിയൌെ
മേഷോമൃഗശ്ച വശ്യാഖ്യാ മേഷാദീനാം പദൈഃ ക്രമാല്‍
സ്ത്രീ ജന്മഭസൃ വശ്യാഖൃ രാശൌെ ജാതഃ പൂമാന്‍ ശുഭഃ
പ്ര. മാ. 21. അ. 20 ശ്ളോ.
(9) രജ്ജുപ്പൊരുത്തം
മൂന്ന് വിരലുകളില്‍ ക്രമാനുക്രമങ്ങളായിട്ട് അശ്വതി മുതല്‍ രേവതി വരെ ഉള്ള നക്ഷത്രങ്ങളെ അശ്വതി, ഭരണി, കാര്‍ത്തിക എന്ന് ഒരുവശത്തോട്ടും, രോഹിണി, മകയിരം, തിരുവാതിര എന്നു മറുവശത്തോട്ടും അനുലോമ പ്രതിലോമങ്ങളായി എണ്ണുമ്പോള്‍ രണ്ടുപേരുടേയും നക്ഷത്രങ്ങള്‍ രണ്ട് വിരലുകളിലായി വന്നാല്‍ രജ്ജുപ്പൊരുത്തം ഉത്തമമാകുന്നു.

പക്കവിരലുകളില്‍ ഏതെങ്കിലും ഒന്നില്‍ സ്ത്രീ പുരുഷന്മാരുടെ രണ്ടു നക്ഷത്രവും വന്നാല്‍ അധമമാണെങ്കിലും അത്യധമമല്ലാത്തതും നടുവിരലില്‍ വന്നാല്‍ ഏറ്റവും അധമമായിട്ടും ഭവിക്കുന്നു. മദ്ധ്യമരജ്ജു ദോഷമെന്നാണ് ഇതിനെ പറയുന്നത്.

മകയിരവുമവിട്ടം പൂരപൂരാട പൂഷ്യം
ഭരണിയനിഴം മുത്രിട്ടാതിയും ചിത്രനാളും
ഇരവരുമിതുതന്നേ നാളുയോഗം വരുമ്പോള്‍
തനയരുമുളവാകാ മദ്ധ്യമം രജ്ജുദോഷം
(ജ്യോ. ഭീ.മാ. ചതുര്‍ത്ഥാധ്യായം)
സാരം - ഭരണി, മകയിരം, പൂയം പൂരം, ചിത്തിര, അനിഴം, പൂരാടം, അവിട്ടം, ഉത്രട്ടാതി എന്നീ നാളുകളില്‍ ഏതെങ്കിലും ദമ്പതികളുടെ നക്ഷത്രങ്ങള്‍ വന്നാല്‍ മദ്ധ്യമരജ്ജുദോഷം ഭവിക്കുന്നു. ഇപ്രകാരം മദ്ധ്യമ രജ്ജുദോഷം വന്നാല്‍ സന്താനങ്ങള്‍ ഉണ്ടാകാതിരിക്കുകയോ ഉണ്ടായാല്‍ അവരില്‍ നിന്നുമുള്ള അനുഭവം കുറയുകയോ ചെയ്യാനിടയുള്ളതാണ്.

രജ്ജുദോഷഫലം
ഏകാംഗുലിഗതേ വര്‍ജ്ജ്യേ
ദമ്പത്യോര്‍ ജന്മതാരകേ
മദ്ധ്യാംഗുലി ഗതേ താരൌ
മൃതിരുക് വൈരമിതൃതി
(പ്ര.മാ.21. അ. 61. ശ്ളോ)
ഇപ്രകാരം രണ്ടുപേരുടേയും നക്ഷത്രങ്ങള്‍ ഒരു പക്കവിരലില്‍ത്തന്നെ വന്നാല്‍ അത് വര്‍ജ്ജ്യമാണെന്നും രണ്ടു നക്ഷത്രങ്ങളും മദ്ധ്യവിരലില്‍ വരുകയാണെങ്കില്‍ വൈരം, രോഗം, മരണം എന്നീ ഫലങ്ങള്‍ ഉണ്ടാകുമെന്നും സാരം.

രണ്ടുപേരുടേയും നക്ഷത്രങ്ങള്‍ രണ്ട് വിരലുകളിലായി വരുകയാണെങ്കില്‍ രജ്ജുപ്പൊരുത്തം ഉത്തമമാണ്. എന്നാല്‍ മുകളില്‍ കാണിച്ചിരിക്കുന്നതനുസരിച്ച് ജ്യോതിഷദീപമാലയില്‍ പറയുന്നത് തനയരുമുളവാകാ മദ്ധ്യമം രജ്ജുദോഷം എന്നുമാണ്.

കാലദീപത്തില്‍ പറയുന്നത്.
നടുവിരലിലേറ്റവും വരികിലഴകല്ലേംതും എന്നു പറഞ്ഞിരിക്കുന്നു.

ഇപ്രകാരമുള്ള ഫലപ്രവചനങ്ങളില്‍ മദ്ധ്യമരജ്ജുദോഷത്തില്‍പ്പെടുന്ന വധൂവരന്മാര്‍ക്ക് ഇതില്‍ ഏതെങ്കിലും ഒന്നോ അതിലധികമോ ആയ ദോഷഫലങ്ങള്‍ അനുഭവപ്പെടാതിരിക്കുകയില്ല. എന്നാല്‍ വധൂവരന്മാരില്‍ ഏതെങ്കിലും ഒരാള്‍ക്ക് മാരകമോ അല്ലെങ്കില്‍ തുടര്‍ച്ചയായുള്ള രോഗങ്ങള്‍ക്കോ ഇടയായിക്കൊണ്ടിരിക്കുന്നതും അനുഭവമുള്ള കാര്യമാണ്.

രോഗം, വൈരം അഥവാ മരണം എന്നീ കഷ്ടാനുഭവങ്ങളും സന്താനങ്ങളില്‍ നിന്നും അതൃപ്തമായ അനുഭവങ്ങളും ദമ്പതികളില്‍ ഏതെങ്കിലും ഒരാള്‍ രോഗിയായിതീരുക മുതലായ അനുഭവങ്ങളുമുണ്ടാകും.

ഇപ്രകാരം മദ്ധ്യമരജ്ജുദോഷം ബാധകമാകാതിരിക്കണമെങ്കില്‍ ഏകാധിപത്യരാശികളില്‍ രണ്ടുപേരും ജനിച്ചതായിരിക്കണം.
ചുരുക്കിപ്പറഞ്ഞാല്‍


(10) വേധപ്പൊരുത്തം
അശ്വതിക്കിഹതൃക്കേട്ട
ഭരണിയക്കനിഷ്ടം തഥാ
ഓണവും തിരുവാതിര
വിശാഖത്തൊട്ടു കാര്‍ത്തിക
ചോതി രോഹിണിയും പിന്നെ
മൂല മായില്യവും തഥാ
മകവും രേവതീം തമ്മില്‍
പൂയമൊടു പൂരാടവും
പുണര്‍ത്തിന്നഥ ഉത്രാടം
ഇത്രിട്ടാതിക്ക് പൂരവും
അത്തവും ചതം തമ്മില്‍
പുരുരുട്ടാതി ഉത്രവും
ശ്രവിഷ്ടാചിത്തരാമാനും
തമ്മില്‍ ചേരുക വേധമാം.
ഇപ്രകാരം വേധം സംഭവിച്ചാല്‍ ആ ദമ്പതികളുടെ ബന്ധത്തിന് വേര്‍പാടും ദുഃഖവും ഉണ്ടാകുന്നതാണ്. ഇതേകാര്യം പ്രശ്നമാര്‍ഗ്ഗത്തിലും

വേദമുള്ള നക്ഷത്രങ്ങള്‍
അശ്വതി - തൃക്കേട്ട
ഭരണി - അനിഴം
തിരുവോണം - തിരുവാതിര
വിശാഖം - കാര്‍ത്തിക
ചോതി - രോഹിണി
മൂലം - ആയില്യം
മകം - രേവതി
പൂയ്യം - പൂരാടം
പുണര്‍തം - ഉത്രാടം
ഉത്രട്ടാത - പൂരം
അത്തം - ചതയം
പൂരുരുട്ടാതി - ഉത്രം

മേല്‍ എഴുതിയ ഈരണ്ട് നക്ഷത്രങ്ങള്‍ക്കു തമ്മിലും
അവിട്ടം  -  മകീര്യം  -  ചിത്ര

എന്നീ മൂന്ന് നക്ഷത്രങ്ങള്‍ക്കു തമ്മിലും, വേധമുണ്ട്, വേധ മുള്ള ആ നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീപുരുഷന്മാര്‍ തമ്മില്‍ നടത്തുന്ന വിവാഹം അശുഭപ്രദമാകുന്നു.

ഒരേ നക്ഷത്രങ്ങള്‍
രോഹിണ്യാര്‍ദ്ര ശ്രവിഷ്ഠാ ച തിഷ്യമൂലമഘാനി ഷട് ദമ്പത്യോര്‍ജ്ജന്മനക്ഷത്രമേകതാരം സുദുഃഖദം.
രോഹിണി, തിരുവാതിര, അവിട്ടം, പൂയ്യം, മൂലം, മകം - മേല്‍പറഞ്ഞ ആറു നക്ഷത്രങ്ങളില്‍ ഒരേ നക്ഷത്രം തന്നെ സ്ത്രീയുടേയും പുരുഷന്റേയും ജന്മനക്ഷത്രം തന്നെ സ്ത്രീയുടേയും പുരുഷന്റെയും ജന്മനക്ഷത്രം ആയിരിയ്ക്കുന്നത് രണ്ടുപേര്‍ക്കും വളരെ ദുഃഖപ്രദമാകുന്നു.

ആഷഢഭരണീഹസ്തസാര്‍പ്പേന്ദ്രവരുണാനി ഷട്,
ദമ്പത്യോര്‍ജ്ജന്മതാരൈക്യം നഷ്ടായുഃശ്രീവിയോഗദം.
പൂരാടം, ഭരണി, അത്തം, ആയില്യം, തൃക്കേട്ട, ചതയം, മേല്‍പറഞ്ഞ ആറു നക്ഷത്രങ്ങളില്‍ ഒരേ നക്ഷത്രം തന്നെ സ്ത്രീയുടേയും പുരുഷന്റെയും ജന്‍മനക്ഷത്രമെങ്കില്‍, ധന നാശവും വിയോഗവും, അകാല മരണവും കൂടിയും സംഭവിയ്ക്കുന്നതാകുന്നു.

ആയവ്യയങ്ങളെ അറിയുവാന്‍ പറയുന്നു.
സ്ത്രീഭാദ്വരര്‍ക്ഷാന്തം ഗണയിത്വാ ശരൈര്‍ഹതേ
മുനിഭിര്‍ഭാജിതേ, ശേഷോ വ്യയ, ആയോ നൃജന്മഭാത്.
സ്ത്രീയുടെ ജന്മനക്ഷത്രം മുതല്‍ വരന്റെ ജന്മനക്ഷത്രം വരെ എണ്ണിയാല്‍ കിട്ടുന്ന സംഖ്യയെ 5 - ല്‍ പെരുക്കി 7- ല്‍ ഹരിച്ച് കളയുക. ബാക്കി കാണുന്ന സംഖ്യ വ്യയമാകുന്നു. നേരെമറിച്ച് പുരുഷന്റെ ജന്മനക്ഷത്രം മുതല്‍ സ്ത്രീയുടെ ജന്മനക്ഷത്രം വരെ എണ്ണി 5-ല്‍ പെരുക്കി 7-ല്‍ ഹരിച്ചാല്‍ ബാക്കികാണുന്ന ഫലം ആയവുമാകുന്നു. ആയം വ്യയത്തെക്കാള്‍ അധികമുണ്ടായിരിയ്ക്കുന്നത് ശുഭപ്രദവുമാകുന്നു. ഇവിടെ ഏഴില്‍ പൂര്‍ണ്ണമായി (ശിഷ്ടമില്ലാതെ) ഹരിച്ചാല്‍ ബാക്കി 7 എന്നു കല്‍പിയ്ക്കുക.


നക്ഷത്രങ്ങള്‍ ദശാനാഥന്മാര്‍ ദശാസംവത്സരം
അശ്വതി മകം മൂലം കേതു 7
ഭരണി പൂരം പൂരാടം ശുക്രന്‍ 20
കാര്‍ത്തിക ഉത്രം ഉത്രാടം ആദിത്യന്‍ 6
രോഹിണി അത്തം തിരുവോണം ചന്ദ്രന്‍ 10
മകീര്യം ചിത്ര അവിട്ടം ചൊവ്വ 7
തിരുവാതിര ചോതി ചതയം രാഹു 18
പുണര്‍തം വിശാഖം പുരോരുട്ടാതി വ്യാഴം 16
പൂയം അനിഴം ഉത്രട്ടാതി ശനി 19
ആയില്യം തൃക്കേട്ട രേവതി ബുധന്‍ 17

Labels: ,

പന്ത്രണ്ട്‌ രാശികളുടെ പ്രത്യേകതകള്‍


മേടം: സ്വതന്ത്രങ്ങളായ ആശയങ്ങളോടുകൂടിയവരാണ് ഈരാശിരക്കാര്‍. ശാസ്ത്രത്തിലും വേദാന്തത്തിലും അഭിരുചിയുണ്ടായിരിക്കും. ഗുണപരമായ ആശയങ്ങളോടുകൂടിയവരാണിവര്‍. ഈ രാശിക്കധിപതി ചൊവ്വയാണെന്നതിനാല്‍ ധൈര്യശാലികളായിരിക്കും. സാധാരണയായി സ്ഥൂലിച്ചതാണെങ്കിലും നല്ല ഉറച്ച ശരീരമായിരിക്കും. പ്രശ്‌നപരിഹാരമുണ്ടാക്കാന്‍ മണിക്കൂറുകണക്കിന് അദ്ധ്വാനിക്കാന്‍ പോലും ഇക്കൂട്ടര്‍ മടിക്കുകയില്ല. ഈ രാശിയുടെ അഞ്ച്- ഒന്‍പതുകളിലുള്ള ഗുരു സൂര്യന്‍ ഗുണപ്രദം തന്നെയാണ്. 3, 6, 11 ലുള്ള ബുധന്‍, ശനി എന്നിവ ഗുണ പ്രദമല്ല.

എടവം: ഇതിന്റെ പേരുതന്നെ ഇതിന്റെ ഗുണങ്ങളെ സൂചിപ്പിക്കുന്നു. ഇവര്‍ താരതമ്യേന ദീര്‍ഘകായന്മാരായിരിക്കുകയില്ല. ഗണിതമാണ് ഇവര്‍ക്കിഷ്ടപ്പെട്ട വിഷയം. വളരെ ചെറുപ്പത്തില്‍തന്നെ പുസ്തകപാരായണ പ്രിയരായിരിക്കും . നിശിതമായ ഓര്‍മ്മശക്തിയും ഇവര്‍ക്കുണ്ടായിരിക്കും. നല്ല ബുധനാണെങ്കില്‍ എഴുത്തുകാരനായി ശോഭിക്കും. കോപമടക്കാനാവാതെയും വരാം. ഇത് സ്ഥിരരാശിയായതിനാല്‍ ശനി ബാധകാധിപതിയാണ്. എങ്കിലും പത്തിനുടമസ്ഥരും ശനിയാണെന്നതിനാല്‍ ആ ഗ്രഹം നില്‍ക്കുന്നിടത്തേയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

മിഥുനം: ഇവരില്‍ ചിലര്‍മാത്രമായിരിക്കും അലസന്മാര്‍. യാന്ത്രിക മനോഭാവം, മനസ്സില്‍ പലകാര്യങ്ങളും ഉണ്ടായിരിക്കും. ഓരോ തുറയിലും അല്‍പ്പമെങ്കിലും വിവരമുണ്ടായിരിക്കും. ബുധനാണിതിന്റെ അധിപതി. നാഡിസംബന്ധമായത്. ഏതുകാര്യത്തിലും ശ്രീഘ്രഗാമിത്വം കാംക്ഷിക്കുന്നവര്‍. വികാരവിക്ഷുബ്ധരാവും തീ വിപത്ത്, ശസ്ത്രക്രിയ എന്നിവയ്ക്ക് സാദ്ധ്യത. ശുക്രനും, ശനിയും ഗുണ കാരികള്‍. സൂര്യനും, ചൊവ്വയും, ഗുരുവും ഗുണകാരികളല്ല.

കര്‍ക്കടകം: ഈരാശിക്കാരുടെ കൂട്ടത്തില്‍ ബുദ്ധിശാലികളെ കൂടുതലായിക്കാണും. അന്യരെ ബഹുമാനിക്കുന്നവര്‍ ഭാര്യ (ഭര്‍ത്താവ്)യേയും മക്കളേയും അതിരറ്റ് സ്‌നേഹിക്കും. സംസാരത്തില്‍ ഏതോ ഒരു ന്യായംസ്ഥുരിക്കുന്നതായി ക്കാണും. മറ്റുള്ളവരോട് അനുകമ്പയുണ്ടെങ്കിലും ദാനംചെയ്യാന്‍ മടിക്കും. കര്‍ക്കടകം ജലതത്വമായതിനാല്‍ ഇവര്‍ വാഗ്മികളാകും.
ജീവിതത്തില്‍ പൊതുവില്‍ പുരോഗമിക്കുന്നവര്‍ ഇവരത്രേ. ചൊവ്വയും ഗുരുവും നല്ലസ്ഥാനത്ത് ചേര്‍ന്നാല്‍ഫലം അത്ഭുതകരമായിരിക്കും. ജാതകത്തില്‍ ഗുരു ആറിലാണെങ്കില്‍ അതിനാല്‍ നന്മഉണ്ടാകുക വിരളമാണ്. പക്ഷേ ഒന്‍പതിലാണെങ്കില്‍ വിജയലബ്ധി സുലഭമായിരിക്കും.

ചിങ്ങം: ചിങ്ങം അഥവാ സിംഹം എന്നപേരുതന്നെ ഈ രാശിക്കാരെ പറ്റി മനസിലാക്കിത്തരുന്നുണ്ട്. നല്ല കെട്ടുറപ്പുള്ള ശരീരം വിശാലമായ മാറിടം. ആദര്‍ശ ധീരര്‍, കലാഭിരുചിയുള്ളവര്‍ മതാഭിമാനികള്‍ പഴയ ആചാരങ്ങളേയും സമ്പ്രദായങ്ങളേയും വിലമതിക്കുന്നവര്‍ കടുകിട പിഴക്കാന്‍ കൂട്ടാക്കാത്ത ഇവര്‍ക്ക് ചിലപ്പോള്‍ ചുറ്റു പാടുകളുമായി ഇണങ്ങിപ്പോകാന്‍ സാധിക്കാതെ വരും. ഗുരുവും, ചൊവ്വയും ഉപകാരികളും ശുക്രനും, ബുധനും, ശനിയും അപകാരികളുമാകുന്നു.

കന്നി: ഇവര്‍ സാധാരണ സൗന്ദര്യത്തോടുകൂടിയവരാണ്. ക്ഷോഭിച്ച് കാര്യങ്ങള്‍ചെയ്ത് അവസാനം ബുദ്ധിമുട്ടേണ്ടിവരും. മറ്റുള്ളവരെ അപേക്ഷിച്ച് സംഗീതപ്രിയരായിരിക്കും ഇവര്‍. ശുക്രന്‍ രണ്ടാമത്തെ അധിപനായാല്‍ കലാഭിരുചിയോടൊപ്പം വിദ്വാനായി ശോഭിക്കാന്‍ സാദ്ധതയുണ്ട്. ശനി അഞ്ച് ആറ് അധിപനാകയാല്‍ ഈ ഗ്രഹം നില്‍ക്കുന്നിടത്തിനെ അനുസരിച്ച് ഫലം കിട്ടും. ശുക്രനും, ബുധനും ഗുണകാരികള്‍. ഞെരമ്പ്, ഉദരം എന്നിവ സംബന്ധിച്ച് അസുഖങ്ങള്‍ വന്നേക്കാം.

തുലാം: ത്രാസുപോലത്തെ ശരീരഘടനയും മനസ്സുമായിരിക്കും. സുക്ഷമജ്ഞാനതല്‍പ്പരത. വ്യക്തികളേയും കര്യങ്ങളേയും വിശകലനംചെയ്ത് നോക്കും. സമുദായത്തില്‍ കാണുന്ന തിന്മകള എതിര്‍ത്ത് പോരാടും. കുടുംബത്തേയും പരിസ്ഥിതിയേയും സ്‌നേഹിക്കുന്നവര്‍ തങ്ങളെപറ്റി മറ്റുള്ളവര്‍ പറയുന്നത് കാര്യമാക്കിയെടുക്കുകയില്ല. പ്രമുഖരാവാനും സാദ്ധ്യതയുണ്ട്. ദീര്‍ഘദര്‍ശി എന്നപേര് സമ്പാദിച്ചേക്കാം. ശനി യോഗവാന്‍. ബുധനും ശനിയും തക്കസ്ഥാനത്താണെങ്കില്‍ ഫലം ബഹുവിശേഷമായിരിക്കും. ചന്ദ്ര, ബുധ സംയോഗവും ഗുണപ്രദമത്രേ.

വൃശ്ചികം: ഇത്പുരുഷസ്ഥാനം. ചഞ്ചലമാനസര്‍. എളുപ്പത്തില്‍ വികാരാധീനരായിത്തീരും. പെണ്ണുങ്ങളാണെങ്കില്‍ പോലും അല്‍പം ധൈര്യശാലികളായിരിക്കും. സംഗീത പ്രിയരാണെങ്കില്‍ പരിശീലനം മുഖേന വിദ്വാനായിത്തീരാനും വഴിയുണ്ട്. ജനനേന്ദ്രിയ സംബന്ധമായ രോഗങ്ങള്‍ വരാന്‍ സാദ്ധ്യതയുണ്ട്. രണ്ടിനധിപനായ ഗുരു വിദ്യാകാരകനാണ്. ഗുരുവും ചന്ദ്രനും സൂര്യനും ഉപകാരികള്‍. 2,5,9,10 എന്നീ സ്ഥാനങ്ങള്‍ യഥാക്രമം ഗുരുവിന്റേയും ചന്ദ്രന്റെയേയും സൂര്യന്റേയും വീടുകളാകുന്നു. അതിനാല്‍ ശുഭസ്ഥാനങ്ങളില്‍ വന്നു ഭവിച്ചാല്‍ അത്യുന്നത പദവി പ്രതീക്ഷിക്കാം.

ധനു: ഗുരുവിന്റെ സ്ഥാനമാണെന്നതില്‍ ആചാരാനുഷ്ഠാനങ്ങളിലും മറ്റും വിശ്വാസമുണ്ടായിരിക്കും. ജ്യോതിഷത്തിലും മന്ത്രത്തിലും മറ്റും അഭിരുചി. സ്വാഭാവികമായിത്തന്നെ ദൈവഭക്തിയുള്ളവര്‍ ചിലര്‍ കെങ്കേമങ്ങളായ ആചാര്യമര്യാദകള്‍ വെച്ചുപുലര്‍ത്തും. വികാര നിയന്ത്രണശക്തിയുള്ളവര്‍ ചൊവ്വ, സൂര്യസംയോഗം ഗുണപ്രദം.

മകരം: ശനി ആധിക്യക്കാരാണ.് ഏറ്റവും ഉയരമുള്ളവര്‍. ഏതുചുറ്റു പാടും പിറുപ്പില്ലാതെ ഒത്തുപോകും. മിതവ്യയശീലത്തിന് പദ്ധതിയിട്ടാലും പ്രയോഗിക ജീവിതത്തില്‍ പിന്‍പറ്റാതെ പോകും. ശാസ്ത്രത്തിലും ചരിത്രത്തിലും താല്പര്യമുണ്ടായിരിക്കും. അന്യരോട് കരുണയുള്ളവരായിരിക്കും. ഇവരുടെ കോപം ഇളക്കിവിട്ടാല്‍ പകരംചെയ്യാതെ അടങ്ങിയിരിക്കുകയില്ല. ഒന്‍പതാം സ്ഥാനാധിപതിയായ ബുധനും അഞ്ചാം സ്ഥാനധിപതിയായ ശുക്രനും ഗുണകാരികളാണ്. ഇവയുടെ സംയോഗത്താല്‍ സദ്ഭലങ്ങള്‍ ലഭിക്കും. ശരീരത്തില്‍ പിത്തംകൊണ്ട് പീഡയും കൈകാല്‍മുട്ടുകളില്‍ വേദനയും വരാനും സാദ്ധ്യതയുണ്ട്.

കുഭം: ഇവരെ മനസ്സിലാക്കാന്‍ വളരെ വിഷമമാണ്. ഈരാശിക്കാരുടെ കൂട്ടത്തില്‍ പ്രതിഭാശാലികളെ കൂടുതലായി കാണാവുന്നതാണ്. സ്വതവേതന്നെ കൂര്‍മ്മബുദ്ധികളായിരിക്കും ഇക്കൂട്ടര്‍. സ്‌നേഹിതന്മാര്‍ കൂടുതല്‍ കാണും. ക്ഷിപ്രകോപികളായിരിക്കും. അതുപോലെത്തന്നെ പെട്ടെന്ന് ശാന്തരാകുകയുംചെയ്യും. പ്രതിഭാശാലികളാണെങ്കില്‍കൂടിയും ഇടക്കിടെ മൂഡുമാറുന്നതിനാലും സംങ്കോചം കാരണം കുടത്തില്‍വച്ച വിളക്കുപോലെ പുറത്തേക്ക് അധികം പ്രകാശം ചെരിയാത്തവരും ഉണ്ട്. ജ്യോതിഷം, ശാസ്ത്രം എന്നിവയില്‍ അഭിരുചിയുള്ളവരായിരിക്കും. കുടുംബസ്‌നേഹം കൂടുതലായിരിക്കും ഇവര്‍ക്ക്. ജ്ഞാനികളായ ഇവരില്‍ പലരും ലോകത്തില്‍ അജ്ഞാതരത്രേ. ശുക്രന്‍ യോഗവാനണ്. ചൊവ്വ ശുഭസ്ഥാനത്താണെങ്കില്‍ സദ്ഫലം ലഭിക്കും.

മീനം: അടക്കവും ഒതുക്കവും ഉള്ള മനോഭാവം. ദൈവഭക്തി സ്‌നേഹിതന്മാരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍. പുരാവസ്തുക്കളും നാണയങ്ങളും ശേഖരിക്കുന്നതില്‍ അതീവ തല്‍പ്പരര്‍. സ്വതന്ത്രാശയങ്ങളോട് കൂടിയവരാണെന്ന് തോന്നുമെങ്കിലും പ്രായോഗികമനായി അങ്ങനെ ആയിരിക്കുകയില്ല. അഞ്ചാംസ്ഥാനാധിപതിയായചന്ദ്രനും ഒന്‍പതാം ലസ്ഥാനാധിപതിയായ ചൊവ്വയും നന്നായിരുന്നാല്‍ അത്ഭുതകരമായ ഫലസിദ്ധി പ്രതീക്ഷിച്ചേക്കാം.
മുകളില്‍ കാണുന്ന ഗുണങ്ങളെല്ലാം പൊതുവിലുള്ളതാണ്. എങ്കിലും പന്ത്രണ്ട് രാശികള്‍ക്കും ഈ ഗുണങ്ങള്‍ ഒരുപരിധിവരെ കാണുമെന്ന് നിശ്ചയമാണ്.

Labels: ,

മന്ത്രജപം

ദേവീദേവന്മാരെ പ്രീതിപ്പെടുത്താന്‍ നിരവധി മന്ത്രങ്ങളുണ്ട്. അവയില്‍ ചിലത് നാം പ്രയോഗിക്കാറുമുണ്ട്. എന്നാല്‍ മന്ത്രം ജപിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട പലതും ഉണ്ട്. അറിയാത്ത മന്ത്രങ്ങളോ, ഗുണങ്ങള്‍ അറിയാത്തതോ, തെറ്റായതോ ആയ മന്ത്രങ്ങള്‍ ജപിക്കുന്നത് ദോഷങ്ങള്‍ വരുത്തുവാന്‍ ഇടയാക്കുന്നതാണ്. അതിനാല്‍ ശരിയായ മന്ത്രങ്ങള്‍ ഉച്ചരിക്കുന്നതാണ് ഉത്തമം.
ഗൃഹസ്ഥാശ്രമികള്‍ക്കും കുട്ടികള്‍ക്കും ഭാര്യമാര്‍ക്കും എന്നുവേണ്ട എല്ലാവര്‍ക്കും മന്ത്രോച്ചാരണം നടത്താം. ദിവ്യശക്തിയുള്ള അക്ഷരങ്ങളോ, അക്ഷരങ്ങളുടെ കൂട്ടങ്ങളോ ആണ് മന്ത്രങ്ങള്‍. മനനംകൊണ്ട് നമ്മെ രക്ഷിക്കുന്നതെന്തോ അതാണ് മന്ത്രങ്ങള്‍. എല്ലാ മന്ത്രങ്ങളും ഓംകാരത്തില്‍നിന്ന് പിറക്കുന്നതാണ്. ഓം എന്ന മന്ത്രത്തില്‍ അ, ഉ, മ എന്നീ മൂന്നക്ഷരങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരെ കുറിക്കുന്നു.

മന്ത്രജപം നടത്തുമ്പോള്‍ നമ്മുടെ മനസ്സും ശരീരവും ഒന്നുപോലെ ശുദ്ധമായിരിക്കണം. നാം ജപിക്കുന്ന മന്ത്രങ്ങള്‍ വെറും അക്ഷരങ്ങളല്ല; മറിച്ച് അവ ഭഗവദ്ശക്തി വര്‍ദ്ധിപ്പിക്കുന്ന ഔഷധമാണ്. അതിനാല്‍ വളരെ കൃത്യമായും ഉച്ചരിക്കേണ്ട രീതിപോലെയും തന്നെ മന്ത്രങ്ങള്‍ ഉച്ചരിക്കണം. പൂര്‍ണ്ണവിശ്വാസമുള്ള ആര്‍ക്കും മന്ത്രോപാസന നടത്താവുന്നതാണ്. മന്ത്രജപത്തിന് മന്ത്രം തെരഞ്ഞെടുക്കുമ്പോള്‍ ഇഷ്ടദേവതാ മന്ത്രം ജപിക്കുന്നതാണ് ഉത്തമം. കറകളഞ്ഞ ഈശ്വരവിശ്വാസം, സ്‌നേഹം, ക്ഷമ, ഉത്തമസ്വഭാവം, സമാധാനം, നിശ്ചയദാര്‍ഢ്യം, സമയം, കൃത്യസംഖ്യ (108, 1008), നിരാഹാരം എന്നീ ഗുണങ്ങള്‍ മന്ത്രോച്ചാരണ വേളയില്‍ നാം പാലിക്കേണ്ടതാണ്. ഒരിക്കലും മന്ത്രങ്ങള്‍ മാറിമാറി ഉച്ചരിക്കരുത്. വിശ്വാസത്തില്‍ എടുക്കുന്ന മന്ത്രം തന്നെ നിത്യവും ജപിക്കുന്നത് ഉത്തമമാണ്.

Labels: ,

ദൈവത്തെ ശരിയായിഅറിയാതെ ശരീരധാരികളെ ദൈവമെന്നുകരുതുന്നവർക്കായി.....

ദൈവത്തെ ശരിയായിഅറിയാതെ ശരീരധാരികളെ ദൈവമെന്നുകരുതുന്നവർക്കായി.....
ഈ ദൈവം ദൈവം എന്ന് വിളിക്കപ്പെടുന്ന കക്ഷിയുണ്ടല്ലോ. മൂപ്പരുടെ സ്ഥാനത്ത് ഞാനായിരുന്നു എങ്കിൽ എന്നാലോചിച്ചപ്പോൾ തോന്നിയ ചില കാര്യങ്ങൾ (കൂടുതൽ ആലോചിച്ചാൽ തീർച്ചയായും ഇതിലും കൂടുതൽ കാണും):
► ഇത്രയും വലിയ ഒരു പ്രപഞ്ചം ഉണ്ടാക്കിയിട്ടിട്ട്, അതിനകത്ത് കടുകുമണിയുടെ പോലും വലിപ്പമില്ലാത്ത ഒരു ഗോളത്തിൽ ലക്ഷക്കണക്കിന് ജീവികളെ സൃഷ്ടിച്ചുവിട്ടിട്ട്, അതിൽ ഒരു ജീവിവർഗം മാത്രം ചെയ്യുന്നതും പറയുന്നതും നോക്കി പ്രതിഫലോം ശിക്ഷേം വിതരണം ചെയ്തോണ്ടിരിക്കില്ലായിരുന്നു.
► ഞാൻ തന്നെ ഉണ്ടാക്കിവിട്ട കുറേ മനുഷ്യജീവികൾ ദൈവമായ ഞാനിങ്ങനെയാണ് അങ്ങനെയാണ് എന്നുംപറഞ്ഞ് നൂറ്റിക്കണക്കിന് വ്യാഖ്യാനം ഉണ്ടാക്കി നൂറ്റിക്കണക്കിന് മതങ്ങൾ ഉണ്ടാക്കാൻ സമ്മതിക്കില്ലായിരുന്നു. ദൈവമായ ഞാൻ ഒന്നെങ്കിൽ, എന്നെ പൂജിക്കാൻ ഒരു മതം ആവശ്യമാണെങ്കിൽ, അതിന് ഒരൊറ്റ മതം മാത്രം മതിയെന്ന് തീരുമാനിക്കാനും അതങ്ങനെ തന്നെ സംഭവിക്കുമെന്ന് ഉറപ്പിക്കാനും എനിയ്ക്ക് കഴിയുമായിരുന്നു.
► എല്ലാവരേയും സൃഷ്ടിക്കാൻ എനിയ്ക്ക് കഴിഞ്ഞെങ്കിൽ, അവരെയെല്ലാം എന്റെ വിശ്വാസികളാക്കി തന്നെ സൃഷ്ടിക്കാനും എനിയ്ക്ക് കഴിഞ്ഞേനെ.
► ഞാനുണ്ടാക്കിവിട്ട ജീവികളിൽ കുറേ പേർ എനിക്കെതിരേ തിരിയുകയും ഞാനില്ല എന്ന് പറയുകയും ചെയ്യുന്ന സാഹചര്യം വന്നാൽ എന്നെ വിശ്വസിക്കുന്ന മറുസംഘത്തിനെ പണിയേൽപ്പിക്കുന്നതിന് പകരം ഞാൻ തന്നെ ചെന്ന് ആ തെറ്റിദ്ധാരണ തിരുത്തിയേനെ. പക്ഷേ അങ്ങനെ വന്നാൽ, ഞാൻ സ്വയം ഉണ്ടാക്കിയ ജീവികൾക്ക് തന്നെ എന്നിൽ വിശ്വാസമില്ലാതായല്ലോ എന്നതിൽ ഞാൻ ലജ്ജിച്ചേനെ.
► ഞാൻ തീരുമാനിക്കുന്ന നല്ല കാര്യങ്ങൾ ചെയ്യാനും, മോശം കാര്യങ്ങൾ ചെയ്യാതിരിക്കാനുമുള്ള നിർദ്ദേശം ഞാൻ തന്നെ സൃഷ്ടിച്ച ജീവികൾക്കായി പുസ്തകത്തിൽ എഴുതി ഇറക്കുന്നതിന് പകരം, അവരെ സൃഷ്ടിക്കുമ്പോൾ തന്നെ അവരെ നല്ലതുമാത്രം ചെയ്യുന്നവരാക്കി ഡിസൈൻ ചെയ്തേനെ.
► എന്റെ സൃഷ്ടികളെല്ലാം എന്നെ പൂജിക്കണമെന്നും പുകഴ്ത്തണമെന്നും ആവശ്യപ്പെടുന്ന അല്പത്തരം കാണിക്കില്ലായിരുന്നു. അഥവാ ഞാനങ്ങനെയൊരു അല്പനാണെങ്കിൽ, അവരത് കൃത്യമായി ചെയ്യുന്ന രീതിയിൽ തന്നെ ഞാനവരെ ഡിസൈൻ ചെയ്തേനെ. (അത് പറ്റിയില്ലെങ്കിൽ പിന്നെ ഞാനിങ്ങനെ സ്രഷ്ടാവെന്നും പറഞ്ഞ് നടക്കുന്നതെന്തിനെഡെയ്!)
► ഇനി അഥവാ ഒരു തമാശയ്ക്ക് പുസ്തകം എഴുതി ഇറക്കിയാൽ തന്നെ, അത് എല്ലാവർക്കും ഒരേ പോലെ മനസിലാകുന്ന ഭാഷയിൽ നേരെ ചൊവ്വേ അങ്ങോട്ട് എഴുതിയേനെ. പുസ്തകവും ഭാഷയും അത് വായിക്കുന്നവരും എന്റെ തന്നെ സൃഷ്ടികളാണെങ്കിൽ, അതിൽ ഓരോരുത്തരും ഓരോന്നാണ് വായിച്ചെടുക്കുന്നത് എന്ന കാര്യം എനിക്ക് നാണക്കേടായി തോന്നിയേനെ.
► ഇനി അഥവാ എന്റെ പുസ്തകം തെറ്റായി വായിച്ചിട്ട് എന്റെ തന്നെ സൃഷ്ടികളിൽ കുറേ പേർ മറ്റ് സൃഷ്ടികളെ കൊല്ലാനിറങ്ങിയാൽ നോക്കിയിരുന്ന് ഇളിക്കുന്നതിന് പകരം ആ നിമിഷം അവിടെ ഇടപെട്ട്, “നിർത്തെടാ മലരേ, ഞാൻ ഇതല്ല അവിടെ എഴുതിയേക്കുന്നത്” എന്ന് വ്യക്തമായി പറഞ്ഞേനെ.
►ജീവികളെ സൃഷ്ടിക്കുമ്പോൾ, ഒരിടത്ത് തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറുന്നവരേയും മറ്റൊരിടത്ത് തിന്നാൻ കിട്ടാതെ എല്ല് മാത്രം ആയവരേയും ഉണ്ടാക്കി വിടില്ലായിരുന്നു.
►ഞാൻ തന്നെ ഉണ്ടാക്കിവിട്ട ജീവികളെ ‘പരീക്ഷിക്കേണ്ട’ ആവശ്യം എനിക്കുണ്ടാകുമായിരുന്നില്ല. പരീക്ഷിച്ച് നോക്കിയാലേ അവരെക്കുറിച്ച് എന്തെങ്കിലും എനിക്ക് മനസിലാകൂ എങ്കിൽ പിന്നെ സർവജ്ഞനെന്നും പറഞ്ഞ് ഞെളിഞ്ഞിരിക്കാൻ എനിക്ക് ഉളുപ്പ് തോന്നിയേനെ.
പിന്നെ,
►ഞാനായിരുന്നു ദൈവമെങ്കിൽ എന്നെ ഇങ്ങനെ ദൈവദോഷം പറയുന്ന പോസ്റ്റിടാൻ സമ്മതിക്കത്തുമില്ലായിരുന്നു!
😁ഇത്രയും എനിക്ക്ചിന്തിക്കാമെങ്കിൽ സർവ്വജ്ഞനും സർവശക്തിവാനുമായ ദൈവത്തിന്ഇതിനേക്കാൾ കോടിമടങ് കൃത്യതയോടെ എല്ലാം കഴിയുമെന്ന് ബുദ്ധിയുള്ളവരെങ്കിലും തിരിച്ചറിയണം....!!

കടപ്പാട് ഫേസ് ബുക്ക് പോസ്റ്റ് 

Labels: