Saturday, 27 August 2016

62.സീമന്തം

സീമന്തം
         വിവാഹാനന്തരം ആദ്യമായി ഉണ്ടാകുന്ന ഗര്‍ഭത്തിന്റെ നാലാംമാസത്തിലാണ് സ്ത്രീകള്‍ സീമന്തരേഖയില്‍ കുങ്കുമം അണിയേണ്ടത്. എന്നാല്‍ സാധാരണയായി വിവാഹസമയത്ത് തന്നെ വരന്‍ വധുവിനെ കുങ്കുമം അണിയിക്കുന്നു. ഇത് സ്ത്രീകള്‍ക്കൊരു രക്ഷാകവചമാണ് കാരണം മറ്റുപുരുഷന്മാരാല്‍ താന്‍ നോക്കപ്പെടുന്നത് ഇതില്‍നിന്ന് ഒഴിവാക്കാം. താന്‍ ഭര്‍ത്താവുള്ള സ്ത്രീയാണ് എന്ന് വിളിച്ചോതുന്ന തരത്തില്‍ സ്ത്രീകള്‍ തങ്ങളുടെ കറുത്തമുടി രണ്ടായി പകുത്തെടുത്ത് അവിടെ സിന്ദൂരം അണിയുന്നു. ഇതാണ് സീമന്തം എന്ന പേരില്‍ അറിയപ്പെടുന്നത്.

Labels: ,

63.പ്രധാന ഹോമങ്ങളും ഫലങ്ങളും

പ്രധാന ഹോമങ്ങളും ഫലങ്ങളും
        നിത്യജീവിതത്തില്‍ നമ്മള്‍ ഓരോരുത്തരും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഏതൊരു പ്രശ്നങ്ങള്‍ക്കും പരിഹാരമായി ചില വൈദീകകര്‍മ്മങ്ങളും വിധിച്ചിട്ടുണ്ട്. അത്തരം കര്‍മ്മങ്ങളില്‍ പ്രധാനമാണ് ഹോമം. പ്രധാനഹോമങ്ങളും പുണ്യഫലങ്ങളും.

ഗണപതിഹോമം :- പുതിയ വീട് വച്ച് താമസിക്കുക, തൊഴില്‍ സ്ഥാപനം തുടങ്ങുക, പുതിയ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയ എല്ലാ മംഗളകര്‍മ്മങ്ങള്‍ക്കും മുന്നോടിയായി ഗണപതിഹവനം നടത്തിയാല്‍ തടസ്സങ്ങള്‍ മാറി എല്ലാം ശുഭമായി പര്യവസാനിക്കും. സര്‍വ്വവിഘ്നങ്ങള്‍ക്കും പരിഹാരം വിഘ്നേശ്വരനെ പ്രീതിപ്പെടുത്തുക തന്നെയാണ്.

ലക്ഷ്മികുബേരഹോമം :- സമ്പത്തിന്റെ ദേവതയാണ് മഹാലക്ഷ്മി. ലക്ഷ്മികുബേരഹോമം നടത്തിയാല്‍ ഒരു പരിധിവരെ സാമ്പത്തിക അഭിവൃദ്ധിയും ക്ഷേമൈശ്വര്യങ്ങളും അനുഭവഫലങ്ങളാകും.

സുദര്‍ശനഹോമം :- ഏതൊരു വ്യക്തിക്കും ചില ലക്ഷ്യങ്ങളും ആശങ്കകളുമുണ്ടായിരിക്കും. ആശങ്കളകറ്റി ലക്ഷ്യസ്ഥാനത്തെത്താന്‍ വേണ്ടിയാണ് സുദര്‍ശനഹോമം നടത്തുന്നത്.

മൃത്യുഞ്ജയഹോമം :- ശിവനെ പ്രീതിപ്പെടുത്തി മരണഭയത്തില്‍ നിന്ന് മോചനം നേടി സമാധാനത്തോടെയും ദീര്‍ഘായുസ്സോടെയും ജീവിക്കാന്‍ ശിവങ്കല്‍ മൃത്യുഞ്ജയഹോമം നടത്തുന്നു.

നവഗ്രഹഹോമം :- രോഗാദി ദുരിതങ്ങളില്‍ നിന്ന് ശാന്തി നേടാനും കാലദോഷപരിഹാരമായി നവഗ്രഹഹോമം നടത്തി നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നു.

ആയുര്‍ഹോമം :-  ആയുര്‍ഹോമം നടത്തുന്നത് ദീര്‍ഘായുസ്സിനുവേണ്ടിയാണ്.

സ്വയംവരഹോമം :- വിവാഹതടസ്സങ്ങള്‍ നീങ്ങുവാനും നല്ല ദാമ്പത്യജീവിതം നയിക്കുവാനും വേണ്ടി ശ്രീപാര്‍വ്വതീപരമേശ്വരന്മാരെ പ്രീതിപ്പെടുത്താനായി സ്വയംവരഹോമം നടത്തുന്നു.

ചണ്‍ഡികാഹോമം :- ജീവിതപാതയിലെ തടസ്സങ്ങളെയും ശത്രുക്കളെയും നീക്കുവാനായി ചണ്‍ഡികാഹോമം നടത്തുന്നു.

ഐക്യമത്യഹോമം :- അഭിപ്രായഭിന്നതകളും കുടുംബകലഹങ്ങളും അകറ്റി കുടുംബാംഗങ്ങള്‍ക്ക് ഐക്യവും ശാന്തിയും പുരോഗതിയുമുണ്ടാകാനായി ഐക്യമത്യഹോമം നടത്തുന്നു.

Labels: ,

64.നാളീകേരം ഉടയ്ക്കല്‍

നാളീകേരം ഉടയ്ക്കല്‍
     നാളീകേരമുടയ്ക്കല്‍  ഇന്ന് സാധാരണയായി നടന്നുവരാറുള്ള ഒരു ആചാരമാണ്. ഗണപതി ഭഗവാനാണ് സാധാരണയായി നാളീകേരം ഉടയ്ക്കുന്നത്. നാളീകേരം തലയ്ക്കുഴിയുമ്പോള്‍ സര്‍വ്വപാപങ്ങളും ദോഷങ്ങളും മാറി കിട്ടുന്നു. നാളീകേരം ഒരിയ്ക്കല്‍ പോട്ടിയില്ലെങ്കില്‍ അത് വീണ്ടും എടുത്ത് ഉടയ്ക്കരുത്. വേറെ തേങ്ങ വാങ്ങി വീണ്ടും ഉടയ്ക്കുന്നതാണ് ഉത്തമം. തേങ്ങ എറിഞ്ഞുടയ്ക്കാന്‍ താന്‍ അശക്തനാണ് എന്ന് തോന്നിയാല്‍ വേറൊരു വ്യക്തി വശം തേങ്ങ നല്‍കി ഉടപ്പിക്കാം. മംഗല്യതടസ്സം മാറാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വനഗണപതിയ്ക്കും സന്താനസൌഭാഗ്യത്തിന് മലയാലപ്പുഴക്ഷേത്രത്തിലെ ഗണപതിയ്ക്കും തേങ്ങ ഉടയ്ക്കുന്നത് ഉത്തമമാണ്.

Labels: ,

65.ഗോ മാഹാത്മ്യം

ഗോ മാഹാത്മ്യം

     ഹിന്ദുധര്‍മ്മത്തിന്റെ അടിസ്ഥാനഘടകമാണ് ഗോരക്ഷ. വേദങ്ങളിലും പുരാണങ്ങളിലും ഗോക്കള്‍ക്കുള്ള സ്ഥാനം മഹത്തരമാണെന്ന് പറയുന്നു. ഋഷിമാര്‍ ഗോക്കളെ പരിപാലിച്ച് അവയുടെ പാലില്‍നിന്ന് കിട്ടുന്ന നെയ്യ് എടുത്താണ് ലോകനന്മാക്കായി യജ്ഞകര്‍മ്മങ്ങള്‍ നടത്തിയിരുന്നത്. ഗോവിന്റെ നെറ്റിയില്‍ ശിവനും, കഴുത്തില്‍ പാര്‍വ്വതിയും, കൊമ്പുകളില്‍ ഇന്ദ്രനും വിഷ്ണുവും ചുണ്ടില്‍ വസുക്കളും ദന്തങ്ങളില്‍ മരുത്തുക്കളും നാക്കില്‍ സരസ്വതിയും നിശ്വാസത്തില്‍ നാല് വേദങ്ങളും ആറ് വേദാംഗങ്ങളും വായില്‍ അഗ്നിയും കണ്ണില്‍ സൂര്യചന്ദ്രന്മാരും മദ്ധ്യത്തില്‍ ബ്രഹ്മാവും ചര്‍മ്മത്തില്‍ പ്രജാപതിയും ചെവികളില്‍ ആശ്വനീദേവന്മാരും കക്ഷത്തില്‍ സാധുദേവതകളും മുതുകില്‍ നക്ഷത്രങ്ങളും അപാനത്തില്‍ സര്‍വ്വതീര്‍ത്ഥങ്ങളും മൂത്രത്തില്‍ ഗംഗയും ചാണകത്തില്‍ ലക്ഷ്മിയും വക്ഷസ്സില്‍ സുബ്രഹ്മണ്യനും വാലില്‍ രമയും പാര്‍ശ്വത്തില്‍ വിശ്വദേവന്മാരും കാല്, മുട്ട്, തുട എന്നിവടങ്ങളില്‍ പഞ്ചവായുക്കളും കുളമ്പിന്റെ അംഗത്തില്‍ സര്‍പ്പങ്ങളും മധ്യത്തില്‍ ഗന്ധര്‍വ്വന്മാരും അകിടില്‍ ചതുര്‍സ്സമുദ്രങ്ങളും സ്ഥിതിചെയ്യുന്നു. അങ്ങനെയുള്ള ഗോമാതാവിനെ നിത്യം വണങ്ങുന്നത് അഭീഷ്ടഫലസിദ്ധി പ്രദാനം ചെയ്യും.

Labels: ,

60.താലിചാര്‍ത്തല്‍

താലിചാര്‍ത്തല്‍

         വിവാഹം എന്ന വ്യവസ്ഥയിലെ പരമപ്രധാനമായ ഒരു ചടങ്ങാണ് താലി ചാര്‍ത്തല്‍. വരന്‍ വധുവിന്റെ കഴുത്തില്‍ അണിയുന്ന താലിയ്ക്ക് മംഗല്യസൂത്രം എന്നും പേരുണ്ട്. ആലിലയുടെ ആകൃതിയിലോ ത്രികോണാകൃതിയിലോ ഉള്ള താലി മഞ്ഞച്ചരടില്‍ ഇട്ടാണ് താലി ചാര്‍ത്തുന്നത്. ഇതുവഴി അവര്‍ക്ക് ഭാര്യ - ഭര്‍തൃബന്ധം സ്ഥാപിക്കാം. താലിയുടെ ചുവട്ടില്‍ ശിവസാന്നിധ്യവും, മധ്യത്തില്‍ വിഷ്ണുസാന്നിധ്യവും, തുമ്പത്ത് ബ്രഹ്മസാന്നിധ്യവുമുണ്ട്. അതിനാല്‍ ഭാരതിയാചാരപ്രകാരം താലിയ്ക്ക് വലിയ വിലയാണ് സ്ത്രീകള്‍ നല്‍കുന്നത്. സത്വരജതമഗുണങ്ങള്‍ വഹിക്കുന്ന താലി ചരടില്‍ വീഴുന്ന കെട്ടില്‍ മായാശക്തി സ്ഥിതിചെയ്യുന്നു. താലിയുടെ പവിത്രമായ ആശയം ഭാരതീയ സംസ്ക്കാരത്തിന്റെ മുഖമുദ്രയാണ് എന്ന്‍ തന്നെ പറയാം.

Labels: ,

61.വരണമാല്യം

വരണമാല്യം
       വരണമാല്യം ചാര്‍ത്തുന്നതിലൂടെ സ്ത്രീയും പുരുഷനും പരസ്പരം ബന്ധം പുലര്‍ത്തുന്നു എന്നതിന് തെളിവാണ്. വരന്‍ അണിയിക്കുന്ന മാല്യത്തിലൂടെ വധു തന്റെ സര്‍വ്വസ്വവും വരനായി നല്‍ക്കണമെന്നും, വധു അണിയിക്കുന്ന മാല്യത്തിലൂടെ വരന്റെ സര്‍വ്വസ്വവും വധുവിനാകണമെന്നുമാണ് വ്യവസ്ഥ. വരണമാല്യം വധുവിന്റെയും വരന്റെയും ചെവി, ചുണ്ട്, കഴുത്ത്, ഹൃദയം, നാഭി, ലിംഗം എന്നിവയിലൂടെ കടന്നുപോകണം. ഇതിനര്‍ത്ഥം ചെവി ഞാനസ്വരൂപമായും, ചുണ്ട് വാക്ദേവതയായും, കഴുത്ത് പ്രാര്‍ത്ഥനയേയും, ഹൃദയം പരിശുദ്ധിയേയും, നാഭി പൂര്‍വ്വകാലബന്ധങ്ങളെയും, ലിംഗം അടുത്ത സംസ്കാരത്തേയും സൂചിപ്പിക്കുന്നു. വരണമാല്യം ചാര്‍ത്തുന്നതിലൂടെ സ്ത്രീയ്ക്ക് പുരുഷനും, പുരുഷന് സ്ത്രീയും സ്വന്തമാകുന്നു. ഈ ആറംഗങ്ങള്‍ കാമക്രോധമോഹ ലോഭമതമാല്‍സര്യത്തെ സൂചിപ്പിക്കുന്നു

Labels: ,

59.പുടവകൊടുക്കല്‍

പുടവകൊടുക്കല്‍

        വിവാഹം എന്ന ആചാരത്തിന്റെ ഒരു പ്രധാന ചടങ്ങാണ് മന്ത്രകോടി കൊടുക്കല്‍ എന്ന പുടവ കൊടുക്കല്‍. വസ്ത്രത്തിന് നിരവധി ധര്‍മ്മങ്ങളുണ്ട്. നാണം മറയ്ക്കുക, തണുപ്പ്, ചൂട് എന്നിവയില്‍ നിന്ന് രക്ഷിക്കുക, സൗന്ദര്യം സൃഷ്ടിക്കുക, വ്യക്തിത്വം പ്രകടിപ്പിക്കുക, ആശ്രയം നല്‍കുക. ഈവിധ ഗുണങ്ങള്‍ നിര്‍വഹിക്കുന്ന പുടവ വരന്‍ വധുവിന് നല്‍കുന്നതിലൂടെ അവളെ എല്ലാ നിലയിലും സംരക്ഷിക്കും എന്ന ഉറപ്പാണ് സാക്ഷാത്കരിക്കുന്നത്. ഗൃഹസ്ഥാശ്രമിയായ പുരുഷന്‍ ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുമ്പോള്‍ ഈ അഞ്ച് ധര്‍മ്മവും പാലിക്കണം എന്ന് ആണ് വ്യവസ്ഥ.

Labels: ,

58.മോതിരമണിയല്‍

മോതിരമണിയല്‍
       വിവാഹസമയത്തെ മറ്റൊരു പ്രധാന ചടങ്ങാണ് മോതിരമണിയല്‍. പുരുഷന്റെ ശക്തമായ വലതുകൈയിലും സ്ത്രീയുടെ ശക്തമായ ഇടതുകൈയിലും ഉള്ള മോതിരവിരലിലാണ് മോതിരം ധരിക്കുന്നത്. ഇത് ആത്മീയ ദാമ്പത്യത്തിന്റെ പ്രതീകമാണ്.

       പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായിരിക്കുന്ന മനുഷ്യശരീരത്തില്‍ മോതിരവിരല്‍ ജലത്തെ പ്രതിനിധാനം ചെയ്യുന്നു. ജലത്തില്‍നിന്നു ഉരുത്തിരിഞ്ഞ ജ്ഞാനെന്ദ്രിയം നാവും, കര്‍മ്മേന്ദ്രിയം ലൈംഗീകാവയവുമാണ്. അതിനാല്‍ സ്ത്രീപുരുഷ ബന്ധത്തെയും ലൈംഗീകജീവിതാഭിലാഷത്തെയും സൂചിപ്പിക്കാനാണ്   മോതിരം മോതിരവിരലില്‍ അണിയുന്നത്.  

Labels: ,

57.കന്യാദാനം

കന്യാദാനം

       വിവാഹസമയത്തെ പ്രധാന ചടങ്ങാണ് കന്യാദാനം. പിതാവ് തന്റെ പുത്രിയുടെ വലതുകരം വരന്റെ വലതുകരത്തില്‍ വെറ്റിലസമേതം പിടിപ്പിക്കുന്നതാണ് ഈ കര്‍മ്മം. തന്റെ പുത്രിയുടെ ഇനിയുള്ളകാലം നിനക്കായി നല്‍കിയിരിക്കുന്നു എന്നാണ് ഈ കീഴ്വഴക്കത്തിനാധാരം. സ്ത്രീയ്ക്ക് പുരുഷനും, പുരുഷന് സ്ത്രീയും തുണയായി ഇരുവരും സന്തോഷപൂര്‍വ്വം സുഖപ്രദമായി ജീവിതം നയിച്ച്‌ പുത്തന്‍തലമുറയിലൂടെ അവരുടെ പാരമ്പര്യം നിലനിര്‍ത്തും എന്നതാണ് വ്യവസ്ഥ. ഭാരതീയ ആചാരപ്രകാരം ഇത് പിതൃപുത്രി ബന്ധത്തിന്റെ മഹത്വവും പാവനവുമായ ധര്‍മ്മമാണ്. വിവാഹനാള്‍വരെ പുത്രിക്ക് പിതാവ് എത്ര വലുതാണോ അതിനേക്കാള്‍ വലുത് ഭര്‍ത്താവ് എന്നത് കന്യാദാനത്തിന്റെ മഹത്വമാണ്. അച്ഛന്‍ മകള്‍ക്ക് എപ്രകാരം തുണ നല്‍കി പോറ്റി വളര്‍ത്തി സംരക്ഷിച്ചോ അതുപോലെതന്നെ ഭര്‍ത്താവും ഭാര്യയെ നോക്കുമെന്ന വിശ്വാസത്തിനടിസ്ഥാനമാണ് കന്യാദാനം. പിതൃസ്ഥാനത്തു നിന്ന് സഹോദരനും കന്യാദാനം നടത്താം

Labels: ,

56.കര്‍ക്കിടക സങ്ക്രാന്തി

കര്‍ക്കിടക സങ്ക്രാന്തി
     സങ്ക്രമത്തിന്റെ തലേദിവസം, ഭവനം അകവും പുറവും, സാധിക്കുന്നെടത്തോളം പറമ്പ്മുഴുവനും, വെടുപ്പാക്കണം. ഈ ചടങ്ങ് ഇന്നേറെക്കുറെ വിസ്മൃതമായിക്കാണുന്നത്‌  ഖേദകരം തന്നെ. അടിക്കാടുകളെല്ലാം അടിച്ചുകൂട്ടി ഒരു പോട്ടകലത്തിലാക്കി,നാറത്തുണികളും കീറത്തുണികളുമുണ്ടെങ്കില്‍ അതൊക്കെകൂടി ഒരു കീറപ്പായിലെടുത്തു ചുരുട്ടി, ഈ കലവും പായും കൊണ്ട് ഒരാള്‍ സങ്ക്രമ ദിനത്തിന്റെ തലേന്ന് സന്ധ്യക്ക്‌, ഭവനത്തിലെ ആര്‍ക്കും ശല്യമില്ലാത്ത ഏതെങ്കിലും ഒരൊഴിഞ്ഞ സ്ഥലത്തുകൊണ്ടിടണം. കലത്തില്‍ കനത്തിലൊരു പച്ചത്തിരി (എണ്ണനനയ്ക്കാത്ത തിരി) കത്തിച്ചുവചിരിക്കും. "അശ്രീകര" ത്തിന്റെ പ്രതീകമാണ് ഈ പായും കലവും. ചേട്ടാഭഗവതിയാണ് അശ്രീകരം. "ചേട്ടയെക്കളയല്‍" എന്നാണീ ചടങ്ങിന്റെ പേര്. "പൊട്ടിയെകളയല്‍" എന്നും പ്രാദേശികഭേദത്തില്‍ പ്രയോഗമുണ്ട്. ഈ യാത്രയില്‍ "ഫാ" "ഫൂ" ചേട്ടാഭഗവതി പുറത്ത്; ശ്രീഭഗവതി അകത്ത്" എന്നാര്‍ത്തുവിളിച്ചുകൊണ്ട് കുട്ടികള്‍ പിന്നാലെ കൂടും. ആശ്രിത ജനങ്ങളിലാരെങ്കിലുമാണ് ചേട്ടയെകളയുന്നതെങ്കില്‍ അവര്‍ക്ക് ഈ കൃത്യം കഴിഞ്ഞു കുളിച്ചുവന്നാല്‍ (കുളി, ആരായാലും നിര്‍ബന്ധം തന്നെ.) ഒരു കോടിമുണ്ട് കൊടുക്കും. തറവാട്ടില്‍ കാരണവത്തിയാണ് കൊടുക്കുക. കൂട്ടുകുടുംബത്തിന്റെ അഭാവത്തില്‍ ഈ വക പതിവുകളുടെ പ്രാധാന്യം കുറഞ്ഞുപോകുന്നത് സ്വാഭാവികം തന്നെ. എന്നാലും സങ്ക്രാന്തിത്തലേന്നുള്ള ശുചീകരണം അണ്കുടുംബക്കാരും  ഒഴിവാക്കരുതാത്തതാണ്. മുറ്റം മുഴുവന്‍ ചാണകം മെഴുകലും ഈ ശുചീകരണത്തിന്റെ ഭാഗംതന്നെ.

     കര്‍ക്കിടകമാസം മുഴുവന്‍ "ചീപോതിയ്ക്കു വയ്ക്കല്‍" എന്നൊരാചാരമുണ്ട്. ബ്രഹ്മമുഹൂര്‍ത്തത്തിലെഴുനേറ്റു കുളിച്ചുവന്നാല്‍ അഷ്ടമംഗല്യത്തിനടുത്ത് ഒരു നിലവിളക്ക് കിഴക്കോട്ടു തിരിയിട്ടു കത്തിച്ചുവയ്ക്കുന്നതാണ് 'ശ്രീഭഗവതിയ്ക്ക് വയ്ക്കലിന്റെ' ചടങ്ങ്. ഒരു കിണ്ടി വെള്ളവും വിളക്കിന്റെ അടുത്തു വയ്ക്കാറുണ്ട്.

Labels: ,