Monday, 5 September 2016

പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?

ദിന പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?

സ്ത്രീ നക്ഷത്രത്തേയും പുരുഷ നക്ഷത്രത്തേയും അടിസ്ഥാനപ്പെടുത്തി പറയുന്ന മറ്റൊരു പ്രധാന പൊരുത്തമാണ് ദിനപ്പൊരുത്തം. ദിനപ്പൊരുത്തത്തിനെ സംസ്കൃതത്തില്‍ "താരാകൂടം" എന്ന് പറയുന്നു.

സ്ത്രീപുരുഷന്മാ൪ക്ക് ദിനപ്പൊരുത്തം ഉണ്ടായാല്‍ വിവാഹശേഷം ആയുസ്സിനും ആരോഗ്യത്തിനും നല്ലതാണ്


സ്ത്രീജന്മ൪ക്ഷാത് പ്രഥമാത്
തൃതീയഭേ, പഞ്ചമേ ച, സപ്തമഭേ,

ജാതോ വ൪ജ്ജ്യഃ പുരുഷഃ;
ക്രമാത് തു തേഷു ദ്വിതീയജന്മ൪ക്ഷാത്
പ്രഥമാന്ത്യതൃതീയാംശേ
ജാതോ നിന്ദ്യ സ്തൃതീയജന്മ൪ക്ഷാത്

തേഷു ക്രൂരാംശഭവോ 
നിന്ദ്യശ്ചൈവം, ദിനാഖ്യമപി വിദ്യാത്.

സാരം :- 

സ്ത്രീയുടെ ആദ്യത്തെ ജന്മനക്ഷത്രത്തില്‍ നിന്ന് 3-5-7 എന്നീ നക്ഷത്രങ്ങളില്‍ ജനിച്ച പുരുഷന്‍ വ൪ജ്ജ്യനാകുന്നു. വിവാഹത്തിന് യോജിച്ചതല്ല.

രണ്ടാമത്തെ ജന്മനക്ഷത്രത്തില്‍ നിന്ന് മൂന്നാം നാളിന്‍റെ (മൂന്നാമത്തെ നക്ഷത്രത്തിന്‍റെ) ആദ്യ കാലിലും (ആദ്യ നക്ഷത്ര പാദം), അഞ്ചാം നാളിന്‍റെ നാലാം കാലിലും (നാലാമത്തെ നക്ഷത്ര പാദം), ഏഴാം നാളിന്‍റെ മൂന്നാം കാലിലും ജനിച്ച പുരുഷന്‍ നിന്ദ്യനാകുന്നു. വിവാഹത്തിന് യോജിച്ചതല്ല.

മൂന്നാമത്തെ ജന്മനക്ഷത്രത്തില്‍ നിന്ന് 3-5-7 എന്നീ മൂന്ന് നക്ഷത്രങ്ങളിലും "പാപാംശം"* ഉണ്ടെങ്കില്‍ അതില്‍ ജനിച്ച പുരുഷനും നിന്ദ്യമാകുന്നു. വിവാഹത്തിന് യോജിച്ചതല്ല. ഇതിനെയാണ് ദിന പൊരുത്തം എന്ന് പറയുന്നത്.


**********************

പ്രഥമാത് സ്ത്രീജന്മ൪ക്ഷാത്
സപ്തമജോ വാ തൃതീയജോ വാപി

കഷ്ടതരഃ സ്യാത്, പഞ്ചമ-
ജാതഃ കഷ്ടോ വിശേഷ ഇതി പ്രോക്തം.


സാരം :-

സ്ത്രീയുടെ ആദ്യത്തെ ജന്മനക്ഷത്രത്തില്‍ നിന്ന് 3-7 എന്നീ നക്ഷത്രങ്ങളില്‍ ജനിച്ച പുരുഷന്‍ ആണ് മേല്‍പറഞ്ഞവയില്‍ വെച്ച് അധികം ദോഷപ്രദാനായിട്ടുള്ളത്‌.

അഞ്ചാമത്തെ നക്ഷത്രത്തില്‍ ജനിച്ച പുരുഷന്‍ എത്രയോ അധികം ദോഷപ്രദനുമാകുന്നു. വിവാഹത്തിന് യോജിച്ചതല്ല


********************************


ഇതിനും പുറമേ സ്ത്രീ ജനിച്ചപാദം മുതല്‍ 88-ം, 108-ം പാദങ്ങളില്‍ ജനിച്ച പുരുഷനും വര്‍ജ്ജ്യമാണ്.


കന്യാപിറന്നകാല്‍ തൊട്ടങ്ങെമ്പത്തെട്ടാമതും തഥാ
നൂറ്റെട്ടാം കാലുമാവും ജന്മക്കാലെങ്കില്‍ വര്‍ജ്ജ്യയേല്‍




ദിനാദായുഷ്യമാരോഗ്യം എന്ന് കാലവിധാനത്തില്‍ പറഞ്ഞിരിക്കുന്നതിനാല്‍ ദമ്പതികള്‍ക്ക് ആയുരാരോഗ്യവൃദ്ധി ഉണ്ടാകാനിടയാക്കുന്നതാണ് ദിനപ്പൊരുത്തം.


--------------------------------------------------------------------------------------------

* അശ്വതിയുടെ ഒന്നാം കാല്‍ (അശ്വതി നക്ഷത്രത്തിന്‍റെ ഒന്നാമത്തെ പാദം) മേടത്തിന്‍റെ അംശകവും, അശ്വതി നക്ഷത്രത്തിന്‍റെ രാണ്ടാമത്തെ കാല്‍  ഇടവത്തിന്‍റെയും, ക്രമത്തില്‍ അശ്വതി നക്ഷത്രത്തിന്‍റെ നാലാം കാല്‍ ക൪ക്കിടകത്തിന്‍റെ അംശകവും, ഭരണിയുടെ ഒന്നാം കാല്‍ ചിങ്ങത്തിന്‍റെയും ഈ ക്രമത്തില്‍ കാ൪ത്തികയുടെ നാലാം കാലില്‍ മീനത്തിന്‍റെ അംശകവുമാകുന്നു.  രോഹിണി മുതല്‍, ഇതു പോലെ മുമ്മൂന്നു നക്ഷത്രങ്ങളേക്കൊണ്ട് വീണ്ടും 12 രാശികളിലും ഓരോ പരിവൃത്തി വരുന്നതുമാണ്. ഇതില്‍ പാപരാശികളായ മേടം, ചിങ്ങം മുതലായ രാശികളില്‍ വരുന്ന നക്ഷത്രപാദമാണ് "പാപാംശകം" എന്ന് പറയുന്നത്. 

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home