Monday, 5 September 2016

മദ്ധ്യമരജ്ജു പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?

മദ്ധ്യമരജ്ജു പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?

ഗണയേത് ക്രമോത്ക്രമാഭ്യാ-
മശ്വിന്യാദീന്യഥാംഗുലിത്രിതയേ

തത്രൈകാംഗുലിയാതം
ദമ്പത്യോ൪ജ്ജന്മതാരകാദ്വിതയം
നിന്ദ്യം, മദ്ധ്യാംഗുലികം
കഷ്ടതരം തദ്ധി "മദ്ധ്യരജ്ജ്വാ"ഖ്യം

സാരം :-

അശ്വതി ആദ്യത്തെ വിരല്‍ (കൈ വിരല്‍) മടക്കിയും, ഭരണി രണ്ടാമത്തെ വിരല്‍ മടക്കിയും, കാ൪ത്തിക മൂന്നാമത്തെ വിരല്‍ മടക്കിയും എണ്ണുക. പിന്നെ നേരെ വിപരീതം, രോഹിണി മൂന്നാം വിരല്‍ നിവ൪ത്തിയും, മകീര്യം രണ്ടാം വിരല്‍ നിവ൪ത്തിയും തിരുവാതിര ഒന്നാം വിരല്‍ നിവ൪ത്തിയും  എണ്ണുക, ഇങ്ങനെ മുമ്മൂന്നു നക്ഷത്രങ്ങളായിട്ട്, ക്രമേണ മുമ്മൂന്നു വിരലുകള്‍ മടക്കിയും നിവ൪ത്തിയും എണ്ണുക. അതില്‍ ഒരേ വിരലിന്മേല്‍ വരുന്ന നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീപുരുഷന്മാ൪ തമ്മിലുള്ള വിവാഹം നിന്ദ്യമാണ്. നടുവിലത്തെ വിരലിന്മേല്‍ വരുന്ന - ഭരണി, മകീര്യം, പൂയ്യം, പൂരം, ചിത്ര, അനിഴം, പൂരാടം, അവിട്ടം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളില്‍ സ്ത്രീപുരുഷന്മാ൪ തമ്മിലുള്ള വിവാഹം അത്യാപല്‍ക്കരവുമാണ്.  നടുവിലത്തെ .വിരലിന്മേല്‍ സ്തീപുരുഷന്മാരുടെ നക്ഷത്രങ്ങള്‍ വരുന്നതിനെയാണ് "മദ്ധ്യമരജ്ജു" ദോഷം എന്ന് പറയുന്നത്. മദ്ധ്യമരജ്ജു ദോഷമുള്ള സ്ത്രീപുരുഷന്മാ൪ തമ്മില്ലുള്ള വിവാഹം നിന്ദ്യമാണ്.


*******************************


മൂന്ന് വിരലുകളില്‍ ക്രമാനുക്രമങ്ങളായിട്ട് അശ്വതി മുതല്‍ രേവതി വരെ ഉള്ള നക്ഷത്രങ്ങളെ അശ്വതി, ഭരണി, കാര്‍ത്തിക എന്ന് ഒരുവശത്തോട്ടും, രോഹിണി, മകയിരം, തിരുവാതിര എന്നു മറുവശത്തോട്ടും അനുലോമ പ്രതിലോമങ്ങളായി എണ്ണുമ്പോള്‍ രണ്ടുപേരുടേയും നക്ഷത്രങ്ങള്‍ രണ്ട് വിരലുകളിലായി വന്നാല്‍ രജ്ജുപ്പൊരുത്തം ഉത്തമമാകുന്നു.

മദ്ധ്യമ രജ്ജുദോഷം വന്നാല്‍ സന്താനങ്ങള്‍ ഉണ്ടാകാതിരിക്കുകയോ ഉണ്ടായാല്‍ അവരില്‍ നിന്നുമുള്ള അനുഭവം കുറയുകയോ ചെയ്യാനിടയുള്ളതാണ്.

രജ്ജുദോഷഫലം
ഏകാംഗുലിഗതേ വര്‍ജ്ജ്യേ
ദമ്പത്യോര്‍ ജന്മതാരകേ
മദ്ധ്യാംഗുലി ഗതേ താരൌ
മൃതിരുക് വൈരമിതൃതി

സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങള്‍ ഒരു വിരലില്‍ത്തന്നെ വന്നാല്‍ അത് വര്‍ജ്ജ്യമാണെന്നും രണ്ടു നക്ഷത്രങ്ങളും മദ്ധ്യവിരലില്‍ വരുകയാണെങ്കില്‍ വൈരം, രോഗം, മരണം എന്നീ ഫലങ്ങള്‍ ഉണ്ടാകുമെന്നും സാരം.

സ്ത്രീപുരുഷന്മാരുടെ  നക്ഷത്രങ്ങള്‍ രണ്ട് വിരലുകളിലായി വരുകയാണെങ്കില്‍ രജ്ജുപ്പൊരുത്തം ഉത്തമമാണ്.


കാലദീപത്തില്‍ പറയുന്നത്.
നടുവിരലിലേറ്റവും വരികിലഴകല്ലേംതും എന്നു പറഞ്ഞിരിക്കുന്നു.

ഫലപ്രവചനങ്ങളില്‍ മദ്ധ്യമരജ്ജുദോഷത്തില്‍പ്പെടുന്ന വധൂവരന്മാര്‍ക്ക് ഇതില്‍ ഏതെങ്കിലും ഒന്നോ അതിലധികമോ ആയ ദോഷഫലങ്ങള്‍ അനുഭവപ്പെടാതിരിക്കുകയില്ല. എന്നാല്‍ വധൂവരന്മാരില്‍ ഏതെങ്കിലും ഒരാള്‍ക്ക് മാരകമോ അല്ലെങ്കില്‍ തുടര്‍ച്ചയായുള്ള രോഗങ്ങള്‍ക്കോ ഇടയായിക്കൊണ്ടിരിക്കുന്നതും അനുഭവമുള്ള കാര്യമാണ്.

രോഗം, വൈരം അഥവാ മരണം എന്നീ കഷ്ടാനുഭവങ്ങളും സന്താനങ്ങളില്‍ നിന്നും അതൃപ്തമായ അനുഭവങ്ങളും ദമ്പതികളില്‍ ഏതെങ്കിലും ഒരാള്‍ രോഗിയായിതീരുക മുതലായ അനുഭവങ്ങളുമുണ്ടാകും.


മദ്ധ്യമരജ്ജുവിനെക്കുറിച്ചുള്ള ഭാഷാശ്ലോകം

നാളൊക്കെ മൂന്നു വിരല്‍ മടക്കി നീ൪ത്തി-
യെണ്ണുമ്പൊളൊന്നില്‍ വരുമായവ ചേ൪ക്ക വയ്യ;
എന്നാല്‍ നടുക്കു വരുമൊമ്പതു തീരെ വ൪ജ്ജ്യ-
മാകുന്നിതായതുകള്‍ മദ്ധ്യമരജ്ജുവല്ലോ.

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home