ലഗ്നം കൊണ്ടു വധുവിന്റെ ലക്ഷണങ്ങളേയും ഏഴാംഭാവംകൊണ്ട് വരന്റെ ലക്ഷണങ്ങളേയും ചിന്തിക്കണം
ലഗ്നം കൊണ്ടു വധുവിന്റെ ലക്ഷണങ്ങളേയും ഏഴാംഭാവംകൊണ്ട് വരന്റെ ലക്ഷണങ്ങളേയും ചിന്തിക്കണം
വധ്വാ വരസ്യാപ്യുഡു നാമ ചോക്ത്വാ
പ്രശ്നസ്തഥാപ്യേഷ വധൂപ്രധാനഃ
ലഗ്നാത്തതോƒസ്യാ മദതശ്ച പത്യുർ-
വാച്യം ഹി ലക്ഷ്മേഹ ഗുരുസ്തഥാഹ.
സാരം :-
വിവാഹപ്രശ്നത്തിൽ വധുവിന്റേയും വരന്റേയും നക്ഷത്രങ്ങളും പേരും സങ്കല്പിച്ചുവേണം വിവാഹപ്രശ്നം ആരംഭിക്കേണ്ടത്. ഇങ്ങനെ രണ്ടുപേരുടേയും നാമനക്ഷത്രങ്ങൾ സങ്കല്പിക്കുന്നു എങ്കിലും ഇവിടെ വധുവിനാണ് പ്രാധാന്യം നൽകേണ്ടത്. ആകയാൽ ലഗ്നം കൊണ്ടു വധുവിന്റെ ലക്ഷണങ്ങളേയും ഏഴാംഭാവംകൊണ്ട് വരന്റെ ലക്ഷണങ്ങളേയും ചിന്തിക്കണം.
ലഗ്നാൽ രണ്ടാംഭാവംകൊണ്ട് വധുവിന്റെ വിദ്യാ, ധനകുടുംബാദികളേയും മൂന്നാം ഭാവംകൊണ്ട് വധുവിന്റെ സഹോദരാദികളേയും നാലാംഭാവംകൊണ്ട് മാതൃ മാതുലാദികളേയും ഇങ്ങനെ ക്രമേണ ചിന്തിച്ചുകൊള്ളണം.
---------------------------------------------
ഏവം ഭർത്തൃസ്വഭാവാദിവയോഗുണസുഖാദയഃ
സപ്തമർക്ഷാൽ ഭവന്ത്യേവം ലഗ്നാൽ കന്യാഗുണാദയഃ. ഇതി.
സാരം :-
വധുവിന്റെ വയസ്സ്, സ്വഭാവം, ഗുണങ്ങൾ തുടങ്ങിയ എല്ലാ ലക്ഷണങ്ങളും കുടുംബാദികളായ മറ്റു ഫലങ്ങളും ലഗ്നം ആദിയായി പന്ത്രണ്ടു ഭാവങ്ങളെക്കൊണ്ട് ചിന്തിച്ചറിഞ്ഞുകൊള്ളണം.
അതുപോലെ ഭർത്താവിന്റെ വയസ്സ്, സ്വഭാവം, ഗുണങ്ങൾ, ധന കുടുംബാദികളായ മറ്റു ഭാവഫലങ്ങൾ ഇവയെല്ലാം ഏഴാംഭാവം ലഗ്നമെന്നു കരുതി ക്രമേണ പന്ത്രണ്ടുഭാവങ്ങളെക്കൊണ്ടു വിചാരിക്കേണ്ടതാണ്.
ലഗ്നത്തിന്റെ ഒമ്പതാംഭാവംകൊണ്ടു സ്ത്രീയുടെ പിതാവും, ഭാഗ്യം, പുണ്യം ഇത്യാദി ഫലങ്ങളുടെ ശുഭാശുഭത്വവും ഏഴാംഭാവത്തിൽ നിന്ന് അതിന്റെ ഒൻപതാം ഭാവംകൊണ്ടു പുരുഷന്റെ (ഭർത്താവിന്റെ / വരന്റെ) പിതാവ്, ഭാഗ്യം, പുണ്യം ഇത്യാദി ഫലങ്ങളും ചിന്തിക്കപ്പെടാമെന്നു സാരം.
ലഗ്നംകൊണ്ടു വധുവിന്റേയും ലഗ്നത്തിൽ നിന്ന് സിദ്ധിക്കുന്ന ഏഴാംഭാവം കൊണ്ടു വരന്റേയും ശുഭാശുഭങ്ങൾ പറയേണ്ടതാണെന്നുള്ള ഈ ബൃഹസ്പതി വാക്യം കൊണ്ടാണ് വിവാഹപ്രശ്നം വധൂപ്രധാനമാണെന്നും മേൽ പറഞ്ഞിട്ടുള്ളത്. ഇതുകൊണ്ടു ലഗ്നത്തിന്റേയും ഏഴാംഭാവത്തിന്റെയും അഞ്ചാംഭാവംകൊണ്ടു ഇവരുടെ സന്താനചിന്ത ചെയ്യാമെങ്കിലും "വധൂപ്രധാന" എന്ന ഭാഗംകൊണ്ടു ലഗ്നഭാവത്തിനാണ് ആ വക ചിന്തകൾക്ക് പ്രാധാന്യമെന്നുള്ള വിശേഷംകൂടി ഗ്രാഹ്യമാകുന്നു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home