Saturday, 3 September 2016

വിവാഹ പൊരുത്തം നോക്കുന്നത് എന്തിന്?

വിവാഹ പൊരുത്തം നോക്കുന്നത് എന്തിന്?

ഗംഗാ യമുനാ നദികള്‍  രണ്ടു ദിക്കുകളില്‍ നിന്ന് ഒഴുകി വന്ന് ഒരുമിച്ച് ഒന്നായി ഒഴുകുന്നതുപോലെയാണ് രണ്ടു കുടുംബത്തില്‍ നിന്നും വരുന്ന സ്ത്രീയും പുരുഷനും വിവാഹത്തിനുശേഷം ഒരുമിച്ച് ജീവിക്കുന്നത്. വിവാഹത്തോടൊപ്പം അവ൪ രണ്ടുപേരുടേയും പ്രത്യേക വ്യക്തിത്വം മാറി പുതിയ മൂന്നാമതൊരു ഗുണമാണ് അവരില്‍ പ്രത്യേക്ഷപ്പെടുന്നത്. മഞ്ഞളും ചുണ്ണാമ്പും ഒന്നുചേരുമ്പോള്‍ അവ സ്വന്തം നിറങ്ങള്‍ കൈവിട്ട് പുതിയ ചുവപ്പുനിറം സ്വീകരിക്കുന്നതിനോട് സ്ത്രീ പുരുഷ ബന്ധത്തെ താരതമ്യപെടുത്താം. വിവാഹത്തിനുശേഷം ഭ൪ത്താവിന്‍റെ ഗൃഹം സ്ത്രീയുടെ ഗൃഹമാകുന്നു. ഭ൪ത്താവിന്‍റെ മാതാപിതാക്കള്‍ സ്വന്തം മാതാപിതാക്കളെപ്പോലെയാകുന്നു. ഭ൪ത്താവിന്‍റെ ധനം സ്വന്തം ധനമാകുന്നു. ഭ൪ത്താവിന്‍റെ ലാഭം സ്വന്തം ലാഭമാകുന്നു. ഭ൪ത്താവിന്‍റെ സുഖദുഃഖങ്ങള്‍ സ്ത്രീയുടെ സുഖദുഃഖങ്ങളാകുന്നു. മാനവരാശിയുടെ നിലനില്‍പ്പിനുവേണ്ടി ഇവരില്‍ പ്രകടമാകുന്ന ലൈംഗികാഗ്രഹങ്ങളെ പൂ൪ത്തിയാക്കാന്‍ ഇവ൪ പരസ്പരം സഹകരിക്കുന്നതിന്‍റെ ഫലമായി സന്താനോല്‍പാദനം നടക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഭ൪ത്താവിന്‍റെ എല്ലാ അനുഭവങ്ങളും സ്ത്രീയുടെ സ്വന്തം അനുഭവങ്ങളായി മാറുന്നു. വിശേഷിച്ചും ഭാരതീയമായ കൂട്ടുകുടുംബ വ്യവസ്ഥയില്‍ ഭ൪ത്താവിന്‍റെ ഗൃഹത്തില്‍ വരുന്ന സ്ത്രീയ്ക്ക് എല്ലാമെല്ലാം ഭ൪ത്താവിന്‍റെ ഗൃഹം തന്നെയാണ്. ക്രമേണ സ്ത്രീ ഭ൪ത്താവിന്‍റെ ഗൃഹത്തിന്‍റെ ചുറ്റുപാടുമായി ഇണങ്ങിച്ചേരുന്നു. മാതൃഗൃഹവും പിതൃഗൃഹവുമെല്ലാം ഓ൪മ്മയില്‍ മാത്രം തങ്ങുന്ന കാര്യങ്ങളായി മാറുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ വിവാഹത്തിനുശേഷം ഭ൪തൃജാതകവും പത്നീജാതകവും ഒന്നായിതീരുന്നു. പത്നിയുടെ (ഭാര്യയുടെ) ജാതകത്തില്‍ ഏഴാം ഭാവം ഭ൪ത്താവിന്‍റെ ലഗ്നമായും ഭ൪തൃജാതകത്തില്‍ ഏഴാം ഭാവം ഭാര്യയുടെ ലഗ്നമായും മാറുന്നു. ഇന്നാണെങ്കില്‍ കൂട്ടുകുടുംബ വ്യവസ്ഥ ക്ഷയിച്ചു വരുന്ന ചുറ്റുപാടില്‍ ഭാര്യാഭ൪ത്താക്കന്മാ൪ ദേശാന്തരത്തില്‍ തനിച്ചു ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ഈ പരസ്പരാശ്രയാനുഭവങ്ങള്‍ക്ക് പ്രസക്തി കുറേകൂടി വ൪ദ്ധിക്കുന്നു.

ഇങ്ങനെ പുരുഷജാതകത്തെ പുരുഷന്‍റെ സ്വഭാവവിശേഷങ്ങളുടെയും ഭാവി അനുഭവങ്ങളുടെയും സംപൂ൪ണ്ണവിവരണമായും, സ്ത്രീജാതകത്തെ സ്ത്രീയുടെ സ്വഭാവവിശേഷങ്ങളുടെയും ഭാവി അനുഭവങ്ങളുടെയും സംപൂ൪ണ്ണ വിവരണമായും, വിവാഹശേഷം രണ്ടു ജാതകങ്ങളും ഒന്നുചേ൪ന്ന് ഒരേ ഫലങ്ങള്‍ അനുഭവിക്കുന്നതായും സങ്കല്‍പ്പിച്ചുകൊണ്ടാണ് പൊരുത്തശോധനയുടെ നിയമങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പൊരുത്തമില്ലാത്ത ജാതകങ്ങളെ യോജിപ്പിക്കുന്നത് പാപമാണെന്ന് മാത്രമല്ല രണ്ടു ജീവിതങ്ങളെ പാഴാക്കല്‍ കൂടിയാണ്. നല്ല മോരിനെ പിത്തള പാത്രത്തിലൊഴിക്കുന്നതിനോടാണ് ഈ പ്രക്രിയയെ പണ്ഡിതന്മാ൪ താരതമ്യപ്പെടുത്തിയിട്ടുള്ളത്. യോജിക്കാത്ത ഭാര്യ യോജിക്കാത്ത പുരുഷനുമായും യോജിക്കാത്ത പുരുഷന്‍ യോജിക്കാത്ത സ്ത്രീയുമായും ബലം പ്രയോഗിച്ചോ, നി൪ബന്ധബുദ്ധികൊണ്ടോ, അറിവില്ലായ്മകൊണ്ടോ യോജിപ്പിക്കപ്പെട്ടാല്‍ രണ്ടുപേരുടെ ജീവിതം വ്യ൪ഥമാകും. സംഭോഗത്തിന് മാത്രമുള്ള വെറും ശാരീരിക ബന്ധമല്ല വിവാഹം. മനുഷ്യദമ്പതികളുടെ ബന്ധത്തേയും പക്ഷിമൃഗാദികളുടെ ശരീരസംയോഗം പോലെ വ്യാഖ്യാനിക്കുന്നവരോട് ഒരു കാര്യമേ ചോദിക്കാനുള്ളു. പക്ഷിമൃഗാദികള്‍ പാതിവ്രതം പാലിക്കാറില്ല എന്ന അടിസ്ഥാനത്തില്‍ സ്വന്തം ഭ൪ത്താവോ ഭാര്യയോ അവയെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ അത് ഇന്നത്തെ മനുഷ്യന് എത്രത്തോളം ഇഷ്ടപ്പെടും. വിവാഹത്തെ അഥവാ സ്ത്രീപുരുഷ ബന്ധത്തെ നിയന്ത്രിക്കുന്ന മറ്റു ചില അദൃശ്യഘടകങ്ങള്‍ കൂടിയുണ്ട്. ഭാര്യയും ഭ൪ത്താവും ജീവിതത്തിലെ സുഖദുഃഖങ്ങള്‍ പരസ്പരം തുല്യമായും ആത്മാ൪ത്ഥമായും ഉള്ളുതുറന്നും പങ്കിടുന്നത് സ്നേഹത്തില്‍ക്കൂടിയാണ്. ഈ ബന്ധം ലൈംഗീക സുഖലാഭത്തിനും കൂടി പ്രയോജനപ്പെടുന്നെങ്കിലും അതുമാത്രമല്ല ഈ ബന്ധത്തിന്‍റെ ലക്‌ഷ്യം. ജനനേന്ദ്രിയ ശേഷി നശിച്ച വൃദ്ധ ദമ്പതികളുടെ പരസ്പര സ്നേഹവും, സമ൪പ്പണ ബുദ്ധിയും, സേവനതാല്‍പര്യവും കാണുമ്പോള്‍ മാത്രമേ ഈ ബന്ധത്തിന്‍റെ പ്രത്യേകത മനസ്സിലാകൂ. പ്രതിഫലം പറ്റിക്കൊണ്ട്‌ ലൈംഗികസുഖലാഭത്തിന് കൂട്ടുനില്‍ക്കുന്ന ഒരു വേശ്യയ്ക്ക് ഒരിക്കലും ജീവിതാന്ത്യം വരെ ഒരു സഹധ൪മ്മിണിയായി വിശേഷിച്ചും വൃദ്ധാവസ്ഥയില്‍ ജീവിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് തന്നെയാണ് ഭാരതീയ ജ്യോതിഷത്തില്‍ സ്ത്രീപുരുഷബന്ധത്തെ പവിത്രവും ദിവ്യവുമായി കണക്കാക്കിവരുന്നത്. വിവാഹപൊരുത്തശോധനയിലും ദാമ്പത്യത്തെ ഈ ദൃഷ്ടികോണില്‍ക്കൂടി വേണം കാണാന്‍.

ജാതകപൊരുത്തം നോക്കി വിവാഹം വിശ്ചയിക്കുന്ന സമ്പ്രദായത്തെ തള്ളിപ്പറയുന്ന ഒരു പ്രവണത ഇന്ന് ചില ഭാഗങ്ങളില്‍ കാണുന്നുണ്ട്. വിവേകശൂന്യമായ ഒരു കാല്‍വെയ്പാണ് ഇത്. സ്ത്രീ പുരുഷന്മാ൪ തമ്മില്‍ പരിചയപ്പെട്ടു നടക്കുന്ന വിവാഹമാണ് നല്ലതെന്നും ജാതകപൊരുത്തം നോക്കി ചെയ്യുന്ന വിവാഹത്തില്‍ വലിയ യുക്തി ഇല്ലെന്നും വാദിക്കുന്നവ൪ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

സ്ത്രീ പുരുഷന്മാ൪ എത്ര അടുത്തു പരിചയിച്ചാലും അറിയാന്‍ സാധിക്കാത്തതും പരസ്പരം മറച്ചുവയ്ക്കാന്‍ കഴിയുന്നതുമായ പല വൈകല്യങ്ങളുമുണ്ട്.
രഹസ്യ രോഗങ്ങള്‍
ഹൃദ്രോഗം
അപസ്മാരാദിരോഗങ്ങള്‍
കുടുംബദോഷം
ഋണബാധ്യത (കടം)
ലഹരിപ്രിയം (മദ്യപാനം, പുകവലി, മയക്കുമരുന്ന്)
നപുംസകത്വം
മുന്‍വിവാഹം
പരപുരുഷസ്ത്രീസമ്പ൪ക്കം
പാരമ്പര്യരോഗങ്ങള്‍
മാനസികരോഗങ്ങള്‍
സന്താനോത്പാദന ശക്തി ഇല്ലായ്മ
അല്പായുസ്സ്, അകാലമരണം
കലഹപൂ൪ണ്ണവും ദുരിതപൂ൪ണ്ണവുമായ ദാമ്പത്യജീവിതം ഉണ്ടാകുമോ 
Divorce ഉണ്ടാകുമോ 
താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിയില്‍ മുകളില്‍ പറഞ്ഞ ദോഷങ്ങള്‍ കാണാന്‍ ഒരു പുരുഷനും സ്ത്രീയും ഇഷ്ടപ്പെടുകയില്ല എന്ന കാര്യത്തില്‍ സംശയമില്ലല്ലോ. പക്ഷെ എത്ര രഹസ്യമായി അന്വേഷിച്ചാലും മുന്‍പറഞ്ഞ ദോഷങ്ങളെ മറച്ചുപിടിക്കാന്‍വിഷമമില്ല. വളരെ അടുത്തു പരിചയിച്ചതിനുശേഷം വിവാഹം കഴിക്കുന്ന പല സിനിമാതാരങ്ങളും, പല നാള്‍ ഒരുമിച്ചു പഠിച്ച അനേകം സഹപാഠികളും, വിശ്വവിഖ്യാതരായ കളിക്കാരും ഏതാനും ദിവസങ്ങള്‍ക്കുശേഷം വിവാഹബന്ധം ഉപേക്ഷിച്ച് ജീവിതത്തെ നിത്യനരകമാക്കിയിട്ടുള്ള ഉദാഹരണങ്ങള്‍ നാം നിത്യേന കാണുന്നുണ്ടല്ലോ. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ ഇന്ന് വിവാഹത്തിനു മുമ്പേ വൈദ്യപരിശോധന നി൪ബന്ധമാക്കണമെന്ന അഭിപ്രായവും ഉയ൪ന്നു വന്നിട്ടുണ്ട്.

പക്ഷെ ഒരു വ്യക്തിയുടെ ശരിയായ ജാതകത്തില്‍ മുകളില്‍ പറഞ്ഞ എല്ലാ ദോഷങ്ങളും സ്പഷ്ടമായി ഒരു നല്ല ജ്യോതിഷിക്ക് കണ്ണാടിയില്‍ എന്നപോലെ കാണാനും രക്ഷാക൪ത്താക്കളെ ബോധ്യപ്പെടുത്താനും സാധിക്കും. രഹസ്യപ്പോലീസിലെ അന്വേഷണോദ്യോഗസ്ഥന്മാ൪ക്ക് സാധിക്കാത്ത കാര്യമാണ് ഇവിടെ ജാതകം വെളിപ്പെടുത്തുന്നത്. നമുക്ക് ലഭിച്ച ഈ ഒരു വഴികാട്ടിവിദ്യയെ പുച്ഛിച്ചു തള്ളുന്നത് സ്വയം കണ്ണുകുത്തിപ്പൊട്ടിക്കുന്നതിന് തുല്യമാണ്. കയ്യിലിരിക്കുന്ന ദീപം ഉപയോഗിക്കാതെ ഇരുട്ടില്‍ തപ്പിതടഞ്ഞ് ഉരുണ്ടുവീഴുന്ന മ൪ക്കടമുഷ്ടിയാണ് ഇന്ന് പലരും കാണിക്കുന്നത് എന്നത് ഒരു ദുഃഖസത്യമാണ്.

പൊരുത്തശോധന പലപ്പോഴും ശരിയാകാതെ വരുന്നുണ്ട്. അതിനുകാരണം സ്ത്രീപുരുഷ ജാതകത്തെപ്പറ്റി വിശദമായും വ്യക്തമായും വിശകലനം ചെയ്യാന്‍ ജ്യോതിഷി തയ്യാറാകുന്നില്ല എന്നതാണ് അഥവാ അതിന് കഴിവില്ലാത്ത ജ്യോതിഷി ജാതകം പരിശോധന നടത്തുന്നു എന്നതാണ്. ഇന്നത്തെ ജാതകപ്പൊരുത്തശോധന വെറും നക്ഷത്രപ്പൊരുത്തശോധനയും പാപസാമ്യചിന്തയുമായി ചുരുങ്ങിയിരിക്കുകയാണ്. പൊരുത്തശോധനയുടെ ഉദ്ദേശത്തില്‍ നിന്നും അത് വളരെ അകന്ന് പോയിരിക്കുന്നു. ജാതകത്തില്‍ നിന്ന് സ്ത്രീയുടെയും പുരുഷന്‍റെയും സത്സ്വഭാവത്തെപ്പറ്റിയും ദുശ്ശീലങ്ങളെപ്പറ്റിയും രോഗങ്ങളെപ്പറ്റിയും ഭാവി അനുഭവങ്ങളെപ്പറ്റിയും വിശേഷിച്ച് ആയുസ്സ്, സന്താനം എന്നിവയെപ്പറ്റിയും മനസ്സിലാക്കാന്‍ കഴിയുമെങ്കിലും അതിനു ശ്രമിച്ചുകാണാറില്ല. ഈ വക കാര്യങ്ങള്‍ കൂടി നോക്കിയാലേ പൊരുത്തശോധന പൂ൪ണ്ണം ആകുകയുള്ളൂ.

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home