വേധപൊരുത്തം
വേധപൊരുത്തം
ഗേഹാരംഭനിഷിദ്ധവേധവിരഹഃ ശ്ലാഘ്യോത്ര ജന്മർക്ഷയോ-
സ്തദ്വർഗ്ഗക്രമതഃ ഫലം വിദധതേ വൈധവ്യമർത്ഥക്ഷയം
നാനാദേശപരിഭ്രമവ്യസനിതാം മൃത്യും ച പുത്രക്ഷയം
വേധാഃ കണ്ഠകടീപദദ്വയശിരഃ കുക്ഷ്യുൽഭവാഃ സംജ്ഞയാ.
ധാതൃശ്രീനാഥരുദ്രാനിലരവിവരുണാഃ കാലമിത്രാര്യമാംഭോ
ബുദ്ധ്ന്യാര്യാഃ ശക്രപൂഷാശ്വ്യഹിനിര്യതിമഘാസ്ത്വാഷ്ട്രവസ്വൈന്ദവാനി
ഭാദ്രേന്ദ്രാഗ്ന്യർക്ഷവിശ്വാദിതിദഹനഭഗാഃ പഞ്ചവർഗ്ഗാഃ സ്യുരേഷാം
വർഗ്ഗം തം വേധദുഷ്ടം ത്യജതു ഗൃഹകൃതൗ സഗ്രഹാ യത്ര താരാഃ. - ഇതി.
സാരം :-
1). രോഹിണി, തിരുവാതിര, അത്തം, ചോതി, തിരുവോണം, ചതയം.
2). ഭരണി, പൂയം, പൂരം, അനിഴം, പൂടാരം, ഉത്രട്ടാതി
3). അശ്വതി ആയില്യം മകം തൃക്കേട്ട മൂലം രേവതി
4). മകയിരം ചിത്തിര അവിട്ടം
5). കാർത്തിക പുണർതം ഉത്രം വിശാഖം ഉത്രാടം പൂരോരുട്ടാതി
എന്നിങ്ങനെ നക്ഷത്രങ്ങൾ അഞ്ചു വർഗ്ഗങ്ങളാണ്.
ഇങ്ങിനെ അഞ്ചുവർഗ്ഗങ്ങളുള്ളതിൽ ഏതു വർഗ്ഗത്തിൽ ഗ്രഹങ്ങൾ നിൽക്കുന്നുവോ ആ വർഗ്ഗം വേധമുള്ള വർഗ്ഗമാകുന്നു. അതിനെ ഗൃഹാരംഭമുഹൂർത്തത്തിങ്കൽ വർജ്ജിക്കണം. (ഒരു വർഗ്ഗത്തിലുള്ള ഏതെങ്കിലും ഒരു നക്ഷത്രത്തിൽ ഒരു ഗ്രഹം നിന്നാൽ ആ വർഗ്ഗം മുഴുവൻ വേധമുള്ളതായിത്തീരും. ആ നക്ഷത്രങ്ങളെന്നു താൽപര്യം)
എന്നാൽ സ്ത്രീപുരുഷന്മാരുടെ പൊരുത്ത ചിന്തയിലും ഈ വേധം വർജ്ജിക്കേണ്ടതാണ്. അതിന്റെ ക്രമം ഇപ്രകാരമാണ്. മേൽപറഞ്ഞ അഞ്ചുവർഗ്ഗങ്ങളിൽ വച്ച് ഒന്നാമത്തെ വർഗ്ഗത്തിൽ സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ വന്നാൽ കണ്ഠവേധമെന്നു പറയും. വൈധവ്യം അനുഭവിക്കാനിടവരും.
രണ്ടാമത്തെ വർഗ്ഗത്തിൽപ്പെട്ട നക്ഷത്രങ്ങൾ സ്ത്രീപുരുഷന്മാരുടെ ജന്മനക്ഷത്രങ്ങളായി വന്നാൽ കടീവേധമെന്നു പറയും. ദാരിദ്ര്യം ഫലമായിരിക്കും.
സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ മൂന്നാംവർഗ്ഗത്തിൽപ്പെട്ടവ ആയാൽ പാദവേധമെന്നു പറയും. ദേശസഞ്ചാരം ഫലമാകുന്നു.
സ്ത്രീപുരുഷന്മാരുടെ ജന്മനക്ഷത്രങ്ങൾ നാലാംവർഗ്ഗത്തിൽപ്പെട്ടവ ആയാൽ ശിരോവേധം എന്ന് പറയും, മരണം ഫലമാകുന്നു.
സ്ത്രീപുരുഷന്മാരുടെ ജന്മനക്ഷത്രങ്ങൾ അഞ്ചാംവർഗ്ഗത്തിൽപ്പെട്ടവ ആയാൽ കുക്ഷിവേധമെന്നു പറയും. സന്താനനാശം ഫലമായിരിക്കും.
സ്ത്രീപുരുഷന്മാരുടെ ജന്മനക്ഷത്രങ്ങൾ രണ്ടും ഒരു വർഗ്ഗത്തിൽതന്നെപെടാതിരുന്നാൽ ശോഭനമാണ്
ഇങ്ങനെയാണ് മാധവീയവചനം.
-------------------------------------------------
വൈധവ്യമർത്ഥനാശം സ്ഥാനഭ്രംശം സുതക്ഷയം നിധനം
കണ്ഠോരുചരണകുക്ഷിജമൂർദ്ധോഥാസ്താഃ ക്രമാൽ ഫലം ദദ്യുഃ. - ഇതി.
സാരം :-
കണ്ഠവേധം ഉണ്ടായാൽ ഭർത്താവിനു അല്പായുസ്സായിരിക്കും. (വൈധവ്യം)
ഊരുവേധം ഉണ്ടായാൽ ധനനാശം സംഭവിക്കും.
പാദവേധം ഉണ്ടായാൽ സ്ഥാനഭ്രംശം.
കുക്ഷിവേധം ഉണ്ടായാൽ പുത്രനാശം
ശിരോവേധം ഉണ്ടായാൽ മരണം സംഭവിക്കും.
ഇതാണ് മുഹൂർത്താഭരണവചനം.
--------------------------------------------------------
ശിരോവേധഃ പതിം ഹന്തി കണ്ഠവേധസ്തു യോഷിതം
നാഭിവേധഃ പ്രജാം ഹന്തി സക്ഥിവേധഃ കുലക്ഷയം
പാദവേധോƒതിവിഭ്രംശം ദാരിദ്ര്യം ച പ്രയച്ഛതി
അർദ്ധഭേഷു ശിരോവേധസ്തദൂർധ്വാധസ്തു കണ്ഠഗഃ
തത്സമീപഗഭേഷ്വന്യേ വേധാ അഭിമതാഃ ക്രമാൽ. - ഇതി
സാരം :-
മകയിരം ചിത്തിര അവിട്ടം എന്നിവ ശിരോവേധനക്ഷത്രങ്ങളാണ്. ഭർത്തൃനാശം ഫലം.
രോഹിണി തിരുവാതിര അത്തം ചോതി തിരുവോണം ചതയം എന്നിവ കണ്ഠവേധനക്ഷത്രങ്ങളാണ്. ഭാര്യാനാശം ഫലം.
കാർത്തിക പുണർതം ഉത്രം വിശാഖം ഉത്രാടം പൂരോരുട്ടാതി എന്നീ നക്ഷത്രങ്ങൾ നാഭിവേധനക്ഷത്രങ്ങളാണ്. പുത്രനാശം സംഭവിക്കും.
ഭരണി പൂയം പൂരം അനിഴം പൂരാടം ഉത്രട്ടാതി എന്നീ നക്ഷത്രങ്ങൾ കുക്ഷിവേധനക്ഷത്രങ്ങളാണ്. വംശനാശം ഫലം.
അശ്വതി ആയില്യം മകം തൃക്കേട്ട മൂലം രേവതി എന്നിവ പാദവേധനക്ഷത്രങ്ങളാണ്. സ്ഥാനഭ്രംശവും ദാരിദ്ര്യവും അനുഭവിക്കും.
മേൽപറഞ്ഞ അഞ്ചുവേധവർഗ്ഗങ്ങളിൽപ്പെട്ട നക്ഷത്രങ്ങളിൽ വച്ച് ദമ്പതികളുടെ നക്ഷത്രങ്ങൾ ഒരു വർഗ്ഗത്തിൽപ്പെട്ടവയായാൽ മേൽ പറയപ്പെട്ട ഫലങ്ങൾ അനുഭവിക്കും.
--------------------------------------------------------
അശ്വീന്ദ്രൗ യമമിത്രഭേ ഹരിഹരൗ ശൂർപാനലൗ വായ്വജൗ
മൂലാഹീ പിതൃപൂഷണൗ ഗുരുജലേ ദേവപ്രസൂവിശ്വഭേ
ബുധ്ന്യർക്ഷാര്യമണൗ ദിനേശവരുണൗ ഭാദ്രർക്ഷഭാഗ്യേ മിഥോ
വേധാന്നാർഹതി യോഗമൃക്ഷയുഗളം വസ്വിന്ദുചിത്രാത്രയം.
സാരം :-
സ്ത്രീപുരുഷന്മാരുടെ ജന്മനക്ഷത്രങ്ങളിൽ ഒന്നു അശ്വതിയും മറ്റൊന്ന് തൃക്കേട്ടയും വന്നാൽ വേധം എന്ന് പറയപ്പെടുന്നു. അതിനാൽ അതു വർജ്ജിക്കേണ്ടതാണ്. അതുപോലെ ഭരണിയും അനിഴവും വന്നാലും, തിരുവാതിരയും തിരുവോണവും വന്നാലും കാർത്തികയും വിശാഖവും വരുന്നതും രോഹിണിയും ചോതിയും വരുന്നതും ആയില്യവും മൂലവും വരുന്നതും മകവും രേവതിയും വരുന്നതും പൂയവും പൂരാടവും വരുന്നതും പുണർതവും ഉത്രാടവും വരുന്നതും പൂരവും ഉത്രട്ടാതിയും വരുന്നതും അത്തവും ചതയവും വന്നാലും ഉത്രവും പൂരോരുട്ടാതിയും വന്നാലും വേധം എന്ന് പറയപ്പെടുന്നു. ഇതുപോലെ മകയിരം ചിത്തിര അവിട്ടം എന്നീ മൂന്നു നക്ഷത്രങ്ങളും വേധമുള്ളവയാണ്.
മേൽപറഞ്ഞ വേധമുള്ള നക്ഷത്രങ്ങളിൽ ഒന്നു വധൂവരന്മാരിൽ ഒരാളുടെ നക്ഷത്രമായും മറ്റേതു മറ്റൊരാളുടെ നക്ഷത്രമായും വരുന്നതു വേധമാകുന്നു. വേധം ഉണ്ടായാലുള്ള ഫലം ആണ് അടുത്ത പദ്യം കൊണ്ട് പറയപ്പെടുന്നത്.
------------------------------------------------------------
ജന്മർക്ഷവേധേ കഥിതേത്ര ജാതേ
യുക്തോപി വശ്യാദിഗുണൈർബലിഷ്ഠൈഃ
പതിം ച കന്യാം ച സമൂലഘാതം
നിഹന്തി ഷഷ്ഠാഷ്ടമരാശിയോഗഃ
സാരം :-
കഴിഞ്ഞ ശ്ലോകംകൊണ്ടു വേധനക്ഷത്രങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ. ഈ വേധദോഷം ഉണ്ടായിരുന്നാൽ ഭാര്യക്കും ഭർത്താവിനും നാശം സംഭവിക്കും. വശ്യപ്പൊരുത്തം മുതലായ ശോഭനപ്പൊരുത്തങ്ങൾ ഉണ്ടായിരുന്നാലും ഈ വേധത്തിനു ആറും എട്ടും കൂറുകളുടെ ബന്ധം ഉള്ളതുകൊണ്ടു രണ്ടുപേരുടേയും കുടുംബത്തോടുകൂടെ നാശത്തിനു ഇടവരും.
ഇങ്ങനെയാണ് വേധചിന്തയ്ക്കുള്ള ക്രമങ്ങൾ.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home