അഷ്ടവർഗ്ഗപ്രകാരമുള്ള പൊരുത്തം
അഷ്ടവർഗ്ഗപ്രകാരമുള്ള പൊരുത്തം
കന്യായാ ജന്മേന്ദോശ്ചാഷ്ടകവർഗ്ഗേ ഫലാധികേ രാശൌ
പുരുഷസ്യ ജന്മ ശുഭദം പുരുഷേന്ദുവശാത്തഥൈവ കന്യായാഃ. - ഇതി
സാരം :-
സ്ത്രീയുടെ ജാതകപ്രകാരം ചന്ദ്രന്റെ അഷ്ടവർഗ്ഗം ഇട്ടുനോക്കിയാൽ അധികം അക്ഷം ഉള്ള രാശി ഏതാണോ ആ രാശിയിൽ ആണ് പുരുഷജാതക പ്രകാരം ചന്ദ്രൻ നിൽക്കുന്നതെങ്കിൽ ശോഭനം ആണ്. അങ്ങിനെ പുരുഷജാതകത്തിലും ചന്ദ്രാഷ്ടവർഗ്ഗം ഇട്ട് അതിൽ അക്ഷം അധികം ഉള്ള രാശിയിലാണ് സ്ത്രീയുടെ ജാതകത്തിലെ ചന്ദ്രന്റെ സ്ഥിതി എങ്കിൽ അതും ശോഭനംതന്നെയാണ്.
-----------------------------------------------------
രാശ്യാഷ്ടാംശകനായകാഃ ശനിഗുരുക്ഷ്മാപുത്രഭാസ്വൽഭൃഗു-
ഗ്ലൗപുത്രാമൃതരശ്മയോ നിഗദിതാഃ പ്രാഗ് ലഗ്നഭം ച ക്രമാൽ
പുംസ്ത്രീന്ദ്വഷ്ടകവർഗ്ഗയോരിതരജന്മേന്ദ്വാശ്രിതാഷ്ടാംശനാ-
ഥാക്ഷോപേതഗൃഹേന്യജന്മശുഭദം ചിന്ത്യം വിശേഷാദിദം.
സാരം :-
ഓരോ രാശിക്ക് ശുഭാംഗപ്രമാണകളായി (മൂന്നു തിയ്യതിയും നാൽപത്തഞ്ച് ഇലിയും) എട്ടെട്ടു കക്ഷ്യകളുണ്ട്. ഈ ഓരോ കക്ഷ്യകളുടേയും അധിപന്മാർ ക്രമേണ ശനി വ്യാഴം ചൊവ്വ സൂര്യൻ ശുക്രൻ ബുധൻ ചന്ദ്രൻ എന്നീ ഗ്രഹങ്ങളാണ്. പുരുഷജാതകത്തിലെ ചന്ദ്രാഷ്ടവർഗ്ഗത്തിൽ ആ ചന്ദ്രൻ നിൽക്കുന്ന കക്ഷ്യയുടെ അധിപന്റെ അക്ഷം ശോധനയ്ക്ക് ശേഷം ഏതൊരു രാശിയിലാണോ ഉള്ളത് ആ രാശിയിൽ സ്ത്രീജാതകത്തിലെ ചന്ദ്രസ്ഥിതി വരുന്നതു ശോഭനമാണ്. അതുപോലെ സ്ത്രീയുടെ ജാതകപ്രകാരം ചന്ദ്രന്റെ അഷ്ടവർഗ്ഗത്തിൽ ചന്ദ്രൻ നിൽക്കുന്ന കക്ഷ്യയുടെ അധിപന്റെ അക്ഷമുള്ള രാശിയിലാണ് പുരുഷജാതകപ്രകാരം ചന്ദ്രന്റെ സ്ഥിതി എങ്കിൽ അതും ശോഭനം ആണ്. ഇതു ശ്രദ്ധയോടുകൂടി ചിന്തിച്ചു അറിയേണ്ടതാണ്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home