ശബരിമല
ശബരിമല
മണ്ഡലപൂജയ്ക്കായി തുലാമാസത്തിലെ അവസാനദിവസം നടതുറക്കും. അന്ന് പൂജകളൊന്നുമുണ്ടാകില്ല. മണിയടിച്ച് ഭക്തജനസാന്നിധ്യം ഭഗവാനെ അറിയിച്ചുകൊണ്ടാണ് നട തുറക്കുന്നത്. നടതുറന്ന് ദീപം തെളിയിക്കും. ആ സമയം അയ്യപ്പസ്വാമി ഭസ്മാഭിഷിക്തനായിരിക്കും. വിഗ്രഹം ഒട്ടുമുക്കാലും ഭസ്മം കൊണ്ടുമൂടിയിരിക്കും. തലയിലൊരു കെട്ടും കൈയിലൊരു ചൂരല്‍വടിയുമുണ്ടാകും. ഈ രൂപത്തില്‍ അയ്യപ്പദര്‍ശനം വന്‍ സുകൃതമായാണ് സങ്കല്‍പം. ഭക്തജനങ്ങളെത്തുമ്പോഴാണ് ഭഗവത് സാന്നിധ്യവും സന്നിധാനത്തുണ്ടാകുന്നത്. ദിവസവും മൂന്നു പൂജകളാണ് സ്വാമി സന്നിധിയില്‍ നടക്കുന്നത്.
ആദ്യം ഉഷഃപൂജ, പിന്നെ ഉച്ചപൂജ, ഒടുവില്‍ അത്താഴപൂജ, ഉച്ചപൂജ തന്ത്രിതന്നെ ചെയ്യണമെന്നാണ് നിര്‍ബന്ധം. ഈ പൂജാവേളയിലാണ് ഭഗവത് സാന്നിധ്യം പൂര്‍ണതോതില്‍ വിഗ്രഹത്തില്‍ ഉണ്ടാകുക. ദിനവും വെളുപ്പിന് നാലുമണിക്ക് നട തുറക്കും. ആദ്യം അഭിഷേകം നടത്തുന്നതു തന്ത്രിയായിരിക്കും. തുടര്‍ന്ന് ഗണപതിഹോമം. 7.30ന് ഉഷഃപൂജ. ഇടിച്ചുപിഴഞ്ഞ പായസമാണ് ഉഷഃപൂജയ്ക്കു നേദ്യം. നേദ്യം സമര്‍പിച്ച് അയ്യപ്പനട അടച്ചശേഷം ഗണപതി, നാഗരാജാവ് എന്നിവര്‍ക്കും നേദ്യം നടത്തും. തുടര്‍ന്ന് അയ്യപ്പനട തുറന്ന് അടച്ചശേഷം പ്രസന്നപൂജ. തുടര്‍ന്ന് നടതുറന്ന് ദീപാരാധന. ഉഷഃപൂജയ്ക്കുശേഷം നെയ്യഭിഷേകം തുടങ്ങും. 12 മണിവരെയാണ് നെയ്യഭിഷേക സമയമെങ്കിലും ഒരു മണിവരെയെങ്കിലും അത് തുടരും. അതിനുശേഷം ശ്രീകോവില്‍ കഴുകിത്തുടച്ച് ഉച്ചപൂജ തുടങ്ങും. പൂജയുടെ മധ്യത്തില്‍ 25 കലശമാടും. പ്രധാന നിവേദ്യം വെള്ള നിവേദ്യവും അരവണയുമാണ്. ഉച്ചയ്ക്ക് 1.30ന് നട അടയ്ക്കും. പിന്നീട് വൈകീട്ട് നാലിന് തുറക്കും. സന്ധ്യയ്ക്കു ദീപാരാധന. അതുകഴിഞ്ഞ് പുഷ്പാഭിഷേകം. നെയ്യഭിഷേകം കൊണ്ട് വിഗ്രഹത്തിനുണ്ടാകുന്ന ചൂട് ശമിപ്പിക്കാനാണ് പുഷ്പാഭിഷേകം. സ്വാമിയെ പൂകൊണ്ടുമൂടും. രാത്രി പത്തുമണി കഴിയുമ്പോള്‍ അത്താഴപൂജ. ഉണ്ണിയപ്പവും ഉഗ്രമൂര്‍ത്തിയായതുകൊണ്ട് പാനകവും നേദിക്കും. ഇവ പൂജയ്ക്കുശേഷം അയ്യപ്പന്മാര്‍ക്ക് വിതരണം ചെയ്യും. പിന്നെ ശ്രീകോവില്‍ വൃത്തിയാക്കും. 11 മണിക്ക് ഹരിവരാസനം പാടി നടയടക്കും.
സ്വാമിദര്‍ശനത്തിനായി മലയ്ക്കുപോകാനൊരുങ്ങുന്ന നേരത്ത് നിവേദിക്കാനും യാത്രയില്‍ ആഹാരം ഉണ്ടാക്കി കഴിക്കാനുമുള്ള സാധനങ്ങള്‍ കെട്ടുകളിലാക്കുന്ന ചടങ്ങാണ് കെട്ടുനിറ. ഇതിനെ പലസ്ഥലങ്ങളിലും പല പേരുകളായാണ് അറിയപ്പെടുന്നത്. ചില സ്ഥലങ്ങളില്‍ സ്വാമിക്കെട്ടെന്നും പൊന്നുനിറയെന്നും പറയാറുണ്ട്. ക്ഷേത്രങ്ങളിലോ സ്വന്തം വീട്ടിലോവച്ച് രാവിലെയോ സന്ധ്യയ്ക്കോ കെട്ടുനിറയ്ക്കുന്നതാണ് ഉത്തമം.
കെട്ടുനിറക്ക് ആവശ്യമായ സാധനങ്ങള്‍ ശുദ്ധിയോടെയും വൃത്തിയോടെയും സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കല്‍ക്കണ്ടം, മുന്തിരി, ശര്‍ക്കര, തേന്‍, കദളിപ്പഴം, അവല്‍, മലര്‍, പനനീര്‍, പുഴുക്കലരി, ഉണക്കലരി, കര്‍പ്പൂരം, മഞ്ഞള്‍പ്പൊടി, നെയ്യ്, തേങ്ങ, ചന്ദനത്തിരി, ഭസ്മം, വെറ്റില, പാക്ക് എന്നിവയാണ് കെട്ടുനിറക്കുവേണ്ട സാധനങ്ങള്‍. നിശബ്ദമായ അന്തരീക്ഷത്തില്‍ ശരണമന്ത്രങ്ങള്‍ മാത്രമേ ഉരുവിടാന്‍ പാടുള്ളൂ.
കെട്ടുനിറ ചടങ്ങില്‍ മുദ്രയാണ് (നെയ്ത്തേങ്ങ) ആദ്യം നിറയ്ക്കേണ്ടത്. പിന്നീട് മുദ്രയും കാണിപ്പണവും. ചന്ദനത്തിരി, കര്‍പ്പൂരം എന്നിവ ഓരോന്നുവീതവും ചെറിയ സഞ്ചിയില്‍ നിറയ്ക്കണം. അതുകഴിഞ്ഞ് ഇരുമുടിയെടുത്ത് മുന്‍കെട്ടില്‍ നിറച്ച മുദ്ര, ഭസ്മം, ചന്ദനത്തിരി, കര്‍പ്പൂരം, മഞ്ഞള്‍പ്പൊടി, അവല്‍, മലര്‍, ശര്‍ക്കര, കല്‍ക്കണ്ടം, മുന്തിരി എന്നിവ വയ്ക്കണം. എന്നിട്ട് മൂന്നുതവണ ഉണക്കലരി വാരിയിടണം. അതോടൊപ്പം അഭഗവാനുള്ള കാണിക്കയും ഇരുമുടിയില്‍ സമര്‍പ്പിക്കണം. പിന്നെ ഇരുമുടിയുടെ ആ ഭാഗം കെട്ടണം. മറുഭാഗത്ത് പുഴുക്കലരി, എറിയുവാനുള്ള തേങ്ങ മുതലായവ വയ്ക്കാം. ഇരുമുടി നന്നായി കെട്ടി ഗുരുസ്വാമിയുടെ അനുഗ്രഹത്തോടെയും സഹായത്തോടെയും വേണം കെട്ട് തലയിലേറ്റാന്‍.
വീട്ടിലോ ക്ഷേത്രത്തിലോ വച്ച് കെട്ട് നിറയ്ക്കാം. വീട്ടിലാകുമ്പോള്‍ വൃത്തിയും ശുദ്ധിയും കൂടുതല്‍ വേണം. കെട്ടുനിറച്ചു തലയിലേറ്റിക്കഴിഞ്ഞാല്‍ സകലതും ഭഗവാനില്‍ അര്‍പ്പിച്ചുകൊണ്ട് ഇറങ്ങേണ്ടതാണ്. വഴിയില്‍ വിരിവയ്ക്കുന്നിടത്തുമാത്രമേ കെട്ടിറക്കിവയ്ക്കാന്‍ പാടുള്ളൂ. കെട്ടുനിറയില്ലാതെ രണ്ടു കുടുംബക്കാര്‍ക്കുമാത്രമേ മലകയറാന്‍ അവകാശമുള്ളു. പന്തളം രാജകുടുംബത്തിനും താഴമണ്‍ രാജകുടുംബത്തിനും. പന്തളം രാജകുടുംബം അയ്യപ്പസ്വാമിക്ക് പിതൃസ്ഥാനീയമാണുള്ളത്. താഴമണ്‍ കുടുംബത്തിന് ആചാര്യസ്ഥാനവും.
Labels: Ayyappan
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home