Friday, 9 September 2016

മൂകാംബിക ക്ഷേത്രം

മൂകാംബിക ക്ഷേത്രം

   
കര്‍ണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂര്‍ എന്ന സ്ഥലത്തില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേവീ ക്ഷേത്രമാണ്‌ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. സൗപര്‍ണിക നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ആദിശങ്കരന്‍ നിശ്ചയിച്ച പൂജാവിധികളാണു ഇന്നും ഇവിടെ പിന്തുടര്‍ന്നു വരുന്നത്.

വിജയദശമി ദിനത്തില്‍ കുരുന്നുകളുടെ വിദ്യാരംഭത്തിന് ഈ ക്ഷേത്ര സന്നിധി ഏറെ ശുഭകരമാണെന്ന് വിശ്വാസം. കുട്ടികള്‍ക്ക് വിദ്യാഭ്യാസം തുടങ്ങാനുള്ള നല്ല മുഹൂര്‍ത്തമായി വിജയ ദശമി ദിനത്തെയും ഐശ്വര്യമുള്ള സ്ഥലമായി ഈ ക്ഷേത്രത്തെയും വിലയിരുത്തുന്നു. ഇവിടുത്തെ ദേവിയുടെ ശക്തിയില്‍ വിശ്വസിച്ച് ദേവീ പൂജയ്‌ക്കും വിദ്യാരംഭത്തിനുമായി ഇന്ത്യയുടെ നാനാ ഭാഗത്തു നിന്നും ധാരാളം ആള്‍ക്കാര്‍ എത്തുന്നു.

നടുവില്‍ ഒരു സ്വര്‍ണ രേഖ ഉള്ള സ്വയംഭൂ ലിംഗമാണു ഇവിടുത്തെ പ്രതിഷ്ഠ. ലിംഗത്തിനു വലതു വശത്തു മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ മൂന്നു ശാക്തേയ രൂപങ്ങളും ഇടതു വശത്ത്‌ ത്രിമൂര്‍ത്തികളും സ്ഥിതി ചെയ്യുന്നു എന്നാണു സങ്കല്‍പം. സ്വയംഭൂ ലിംഗത്തിനു പുറകിലായി ആദി ശങ്കരനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശംഘ്ചക്രഗധാധാരിയായ ദേവീ വിഗ്രഹവും കാണപ്പെടുന്നു. പഞ്ചലോഹനിര്‍മിതമാണ് ഈ വിഗ്രഹം. ദേവി വിഗ്രഹത്തിന്‍റെ മാറില്‍ ചാര്‍ത്തിയിരിക്കുന്ന രത്നം വളരെ വിലപ്പെട്ടത്തും പ്രസിദ്ധവുമാണ്‌. സ്വര്‍ണ്ണത്തിലുള്ള സിംഹമുഖം, വെള്ളിയില്‍ തീര്‍ത്ത വാള്‍ എന്നിവയണു പ്രധാന അലങ്കാരങ്ങള്‍. ഇവയെല്ലാം ചാര്‍ത്തിയുള്ള പൂജ അലങ്കാര ദീപാരാധന എന്നറിയപ്പെടുന്നു.

ദേവി പ്രതിഷ്ഠക്കു പുറമെ പഞ്ചമുഖ ഗണപതി, സുബ്രഹ്മണ്യന്‍, ഹനുമാന്‍, മഹാവിഷ്ണു, വീരഭദ്രന്‍ എന്നീ ഉപദേവതകളും നാലമ്പലത്തിനുള്ളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. വീരഭദ്രസ്വമിയുടെ പ്രതിഷ്ഠക്കു ഈ ക്ഷേത്രത്തില്‍ വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്‌. ദേവിയുടെ അംഗരക്ഷകനാണെന്നും, അല്ല കോലാപുര മഹര്‍ഷി തന്നെയാണ് വീരഭദ്രസ്വമി എന്നും സങ്കല്‍പ്പങ്ങല്‍ നിലവിലുണ്ട്‌. ശത്രുസംഹാരത്തിനായി നാളികേരം ഉടയ്ക്കുന്നതു ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ്. വിഭൂദി പൂജയാണ് വീരഭദ്രനു നല്‍കുന്നത്. ഗര്‍ഭഗ്രഹത്തിനു പുറകിലായി വടക്കേ മൂലയില്‍ ശങ്കരപീഠം കാണാം.ഇതിനു മുന്നിലായി ശങ്കരാചാര്യ കൃതികളിലെ ഉദ്ധരണിയോടു കൂടി അദ്ദേഹത്തിന്‍റെ ഒരു വെണ്ണക്കല്‍ പ്രതിമയുണ്ട്. ക്ഷേത്ര ഭാരവാഹികളില്‍ നിന്നും പ്രത്യേക അനുമതി വാങ്ങിയാല്‍ ശങ്കരാചാര്യ പീഠം ദര്‍ശിക്കാനാകും.

ചുറ്റു മതിലിനു വെളിയില്‍, ബലി പീഠം, ദ്വജസ്തംഭം, ദീപസ്തംഭം എന്നിവ കാണാനാകും. ദ്വജസ്തംഭം സ്വര്‍ണ്ണം പൂശിയതാണ്. കാര്‍ത്തിക മാസത്തിലെ ദീപോത്സവം ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണമാണ്. ക്ഷേത്രത്തിനു വെളിയിലെ പടിഞ്ഞാറെ തെരുവില്‍ ത്രയംബകേശ്വര ക്ഷേത്രം, ശൃംഗേരി ക്ഷേത്രം, മാരിയമ്മന്‍ ക്ഷേത്രം എന്നിവയും ഉണ്ട്. ഇതു കൂടാതെ മത പഠന കേന്ദ്രങ്ങളും തെരുവിലുണ്ട്. കാഞ്ചി കാമകോടി പീഠം നടത്തുന്ന ശ്രീ ജയേന്ദ്ര സരസ്വതി വേദിക് പഠന കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് സൌജന്യമായി വേദ പഠനം നല്‍കുന്നുണ്ട്.

ക്ഷേത്രോല്‍പ്പത്തിയെക്കുറിച്ചു പല സങ്കല്‍പ്പങ്കളും ഐതിഹ്യങ്ങളും നിലവിലുണ്ട്‌. പുരാണങ്ങളില്‍ ഈ ക്ഷേത്രത്തിനെക്കുറിച്ചു പരാമര്‍ശങ്ങള്‍ ഉണ്ട്‌. സന്യാസവര്യനായ കോല മഹര്‍ഷി ഇവിടെ തപസ്സനുഷ്ടിച്ചിരുന്ന അവസരത്തില്‍ മറ്റൊരു അസുരനും ശിവ പ്രീതിക്കായി ഇതേ പ്രദേശത്തില്‍ തപസ്സുചെയ്തു വന്നിരുന്നു. അസുരതപസ്സില്‍ സന്തുഷ്ടനയി മഹാദേവന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വരം ചോദിക്കാനാകാതെ അസുരനെ പാര്‍വതി ദേവി മൂകനാക്കി. ഇതില്‍ കോപിഷ്ടനയ മൂകാസുരന്‍ ദേവി ഭക്തനായ കോല മഹര്‍ഷിയെ ഉപദ്രവിക്കാനാരംഭിച്ചു. ഒടുവില്‍ ദേവി മൂകാസുരനെ വധിക്കുകയും കോല മഹര്‍ഷിയുടെ അഭ്യര്‍ത്ഥന പ്രകാരം മൂകാംബിക ദേവിയായി അവിടെ കുടികൊള്ളുകയും ചെയ്തു എന്നാ‍ണു സങ്കല്‍പം.

ആദിശങ്കരന്‍ ഈ പ്രദേശത്തു അനേക ദിനങ്ങള്‍ തപസ്സു ചെയ്തതില്‍ ദേവി പ്രത്യക്ഷപ്പെടുകയും അന്നു ദേവി ദര്‍ശനം കൊടുത്ത രൂപത്തില്‍ സ്വയംഭൂവിനു പുറകില്‍ ദേവി വിഗ്രഹം അദ്ദേഹം പ്രതിഷ്ഠ നടത്തി എന്നും വിശ്വസിക്കപ്പെടുന്നു. മൂകാംബിക ക്ഷേത്രത്തില്‍ നിന്നും കുറച്ചു കിലോമീറ്റര്‍ ദൂരെയാണു കുടജാദ്രി മലനിര. കുടജാദ്രിയുമയി ബന്ധപ്പെട്ടു മൂകാംബിക ക്ഷേത്രതിനു ഒരു ഐതിഹ്യം നിലവിലുണ്ട്‌. ഈ മലനിരകളില്‍ ആദിശങ്കരന്‍ തപസ്സു ചെയ്യുകയും ഈ തപസ്സില്‍ ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്‍റെ കൂടെ ദേവി വരണമെന്നും താന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത്‌ ദേവിയെ പ്രതിഷ്ഠിക്കണം എന്നും ആഗ്രഹം അറിയിച്ചു.

ശങ്കരന്‍റെ ആഗ്രഹം സമ്മതിച്ച ദേവി അദ്ദേഹത്തെ പിന്തുടരുകയും ലക്‍ഷ്യസ്ഥാനത്ത് എത്തുന്നതു വരെ ശങ്കരന്‍ തിരിഞ്ഞു നോക്കരുതു എന്ന വ്യവസ്ഥയും വച്ചു. ശങ്കരനെ പരീക്ഷിക്കാനുറച്ച ദേവി കൊല്ലൂരെത്തിയപ്പോള്‍ തന്‍റെ പാദസ്വരത്തിന്‍റെ ശബ്ദം നിലപ്പിക്കുകയും ഇതില്‍ സംശയാലുവായ ശങ്കരന്‍ തിരിഞ്ഞു നോക്കുകയും ചെയ്തു. അങ്ങനെ ദേവി സ്വയംഭൂവില്‍ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണു ഐതിഹ്യം. തന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട അതേ രൂപത്തിലാണു സ്വയംഭൂവിനു പുറകിലുള്ള ദേവിവിഗ്രഹം പ്രതിഷ്ഠിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.

പലതരം സസ്യലതാതികളാലും സൗപര്‍ണിക നദിയുടെ ഉത്ഭവസ്ഥാനം എന്നതിലും കുടജാദ്രി വളരെ സവിശേഷതകള്‍ ഉള്ള ഒരു ഇടമാണു. ഇവിടെ ആദിശങ്കരന്‍ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹയും ശങ്കരപീഠവും കാണാം. മൂകാംബിക ദേവിയുടെ മൂലസ്ഥാനം എന്നു അറിയപ്പെടുന്ന ഇടത്തില്‍ ഒരു ക്ഷേത്രവും കാണാം. വളരെയധികം സിദ്ധന്മാരുടേയും സന്യാസിമാരുടേയും വാസസ്ഥലമാണു കുടജാദ്രി.

കുടജാദ്രി മലകളില്‍ നിന്നും ഉദ്ഭവിച്ചു ക്ഷേത്രത്തിനു സമീപത്തു കൂടെ ഒഴുകുന്ന പുണ്യ നദിയാണു സൗപര്‍ണിക. സുവര്‍ണ(ഗരുഡന്‍)തന്‍റെ മാതാവായ വിനുതയുടെ സങ്കടമോക്ഷാര്‍ഥം ഈ നദീതീരത്തു തപസ്സു ചെയ്തു എന്നും തപസ്സില്‍ സന്തുഷ്ടയായ ദേവിയോടു തന്‍റെ പേരില്‍ ഈ നദി അറിയപ്പെടണമെന്നു ആവശ്യപ്പെട്ടു എന്നാണു സങ്കല്‍പം. ഗരുഡന്‍ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹ ഗരുഡ ഗുഹ എന്നറിയപ്പെടുന്നു. അനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടു സൗപര്‍ണിക നദിയിലെ സ്നാനം സര്‍വ്വരോഗനിവാരണമായി കരുതി വരുന്നു.

വിജയ ദശമിക്കു പുറമേ ചന്ദ്ര യുഗാദി (ചന്ദ്രവര്‍ഷം), രാമനവമി, നവരാത്രി, സൂര്യ യുഗാദി(സൂര്യ വര്‍ഷം), മൂകാംബികാ ജന്‍‌മാഷ്ടമി, ഗണേശ ചതുര്‍ത്ഥി, കൃഷ്ണാഷ്ടമി, നരക ചതുര്‍ദശി എന്നിവയെല്ലാം വിശേഷമായിട്ട് മൂകാംബികയില്‍ ആഘോഷിക്കുന്നു.

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home