Friday 9 September 2016

അക്ഷര്‍ധാം എന്ന മഹാത്ഭുതം

അക്ഷര്‍ധാം എന്ന മഹാത്ഭുതം



എല്ലാലോകാത്ഭുതങ്ങളെയും വെല്ലുന്ന മറ്റൊരു നിര്‍മ്മിതിയാണ്‌ ദല്‍ഹിയിലെ അക്ഷര്‍ ധാം ക്ഷേത്രസമുച്ചയം.

ദല്‍ഹി- നോയിഡ പാതയില്‍ യമുനാ തീരത്ത്‌ നൂറേക്കര്‍ സ്ഥലത്ത്‌ നിറഞ്ഞു നില്‍ക്കുന്ന അക്ഷര്‍ ധാം സന്ദര്‍ശിക്കാന്‍ പ്രതിദിനം എത്തുന്നത്‌ പതിനായിരങ്ങളാണ്‌. 2005 നവംബര്‍ 6 ന്‌ തുറന്നുകൊടുത്ത അക്ഷര്‍ധാമിന്‌ അഞ്ചുവയസ്സു തികഞ്ഞപ്പോള്‍ ദശലക്ഷങ്ങളാണ്‌ സന്ദര്‍ശകരായെത്തിയത്‌. ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ആരാധനാലയമായി 2007 ഡിസംബര്‍ 17-ന്‌ ഗിന്നസ്‌ ബുക്കില്‍ സ്ഥാനം ലഭിച്ച അക്ഷര്‍ ധാം അനുദിനംമാറുന്ന ദല്‍ഹിയുടെ മുഖഛായയ്ക്ക്‌ മാറ്റുകൂട്ടുകയാണ്‌. ദല്‍ഹിയിലെത്തുന്ന സന്ദര്‍ശകരില്‍ 70 ശതമാനവും അക്ഷര്‍ധാമിലെത്തുന്നു. ഹൈന്ദവ സംസ്ക്കാരത്തിന്റെ പതിനായിരം വര്‍ഷത്തെ ആചാരവും പാരമ്പര്യവും ആത്മീയതയും ഉള്ളംകയ്യിലെ നെല്ലിക്കപോലെ വെളിവാക്കുന്ന ഒന്നാന്തരം ദൃശ്യ ശ്രാവ്യ സംവിധാനങ്ങളും ഈ ക്ഷേത്രസമുച്ചയത്തിനുണ്ട്‌.

ഭഗവാന്‍ സ്വാമിനാരായണന്റെ പരമ്പരയില്‍ പ്രമുഖനായ യോഗിജി മഹാരാജ്‌ യമുനാ നദിക്കരയില്‍ സ്ഥലം കണ്ടെത്തി ഏറ്റെടുത്തത്‌ മൂന്നര പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പാണ്‌. നൂലാമാലകളില്‍ കുടുങ്ങി ആഗ്രഹിച്ചതുപോലെ ക്ഷേത്രം പണിയാന്‍ അനുമതി ലഭിച്ചില്ല. എന്‍ഡി.എ ഭരണകാലത്താണ്‌ തടസ്സങ്ങളെല്ലാം നീങ്ങി ക്ഷേത്രം പണി ആരംഭിച്ചത്‌. 2000 നവംബര്‍ 8 നാണ്‌ ശിലാന്യാസം നടന്നത്‌.
ക്ഷേത്രസമുച്ചയത്തില്‍ സ്വാമി നാരായണന്റെ 11 അടി ഉയരമുള്ള വിഗ്രഹം സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്‌ 141 അടി ഉയരവും 316 അടി വീതിയും 370 അടി നീളവുമുണ്ട്‌. രാജസ്ഥാനില്‍ നിന്നുള്ള പിങ്ക്‌ മണല്‍കല്ലും ഇറ്റാലിയന്‍ വെണ്ണക്കല്ലുമാണ്‌ നിര്‍മ്മാണത്തിന്‌ ഉപയോഗിച്ചിട്ടുള്ളത്‌. സ്വര്‍ണം പൂശിയ വിഗ്രഹത്തോടൊപ്പം മറ്റനേകം ദേവിദേവന്മാരുടെയും ഋഷി പരമ്പരകളുടെയും ശില്‍പങ്ങളുമുണ്ട്‌. എല്ലാം പഞ്ചലോഹങ്ങളില്‍ നിര്‍മ്മിച്ചവ. 234 തൂണുകളും ഒന്‍പത്‌ മകുടങ്ങളുമുള്ള നിര്‍മ്മിതിക്ക്‌ ലവലേശം ഇരുമ്പുരുക്ക്‌ സാമഗ്രികളോ കോണ്‍ക്രീറ്റോ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ചുട്ടുപൊള്ളുന്ന വേനലിലും ക്ഷേത്രസമുച്ചയത്തില്‍ വിയര്‍ക്കേണ്ടിവരുന്നില്ല. കെട്ടിടത്തിന്റെ ആധാരശില കല്ലില്‍ കൊത്തിയ 148 ആനകളാണ്‌. ഈ ഗജേന്ദ്ര പീഠത്തിന്‌ 3000 ടണ്‍ ഭാരമുണ്ട്‌. ഒരു ദിസവം മുഴുവന്‍ നടന്നുകണ്ടാലും തീരാത്ത കാഴ്ചകളാണ്‌.20000ല്‍ പരം ശില്‍പങ്ങള്‍ ഇവിടെ ഉണ്ട്‌. 7000 ശില്‍പികളും 11000 സന്യാസിമാരും സന്നദ്ധപ്രവര്‍ത്തകരും അക്ഷര്‍ധാമിന്റെ നിര്‍മ്മാണത്തിനായി പ്രയത്നിച്ചു. മകുടങ്ങളുടെ ഉള്‍ഭാഗവും ചുമരുകളുമെല്ലാം കൊത്തുപണികളാല്‍ അലംകൃതമാണ്‌.

സ്വാമിനാരായണന്റെ വിഗ്രഹമിരിക്കുന്ന പ്രധാന മകുടത്തിന്റെ ഉള്‍ഭാഗം രത്നങ്ങള്‍ പതിപ്പിച്ചതുമാണ്‌. പ്രമുഖ ശില്‍പി സതീശ്‌ ഗുജറാല്‍ പറഞ്ഞത്‌ അന്‍പതു വര്‍ഷമെങ്കിലുമെടുത്താലേ ഇത്തരമൊരു നിര്‍മ്മാണം തീര്‍ക്കാനാകൂ എന്നാണ്‌.

ഭാരത്‌ ഉപവന്‍ എന്ന വിശാലമായ പൂന്തോട്ടം പുല്‍ത്തകിടിയും തണല്‍ മരങ്ങളും ചെമ്പില്‍ നിര്‍മ്മിച്ച 65 പ്രതിമകളും കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. യജ്ഞപുരുഷ കുണ്ട്‌ എന്ന പേരിലുള്ള യാഗശാലയില്‍ വൈകുന്നേരമുള്ള സംഗീത ജലധാര വര്‍ണഭംഗിയും ഭക്തിസാന്ദ്രവുമാണ്‌. നാല്‌ പ്രദര്‍ശന ഹാളുകളില്‍ സ്വാമി നാരായണന്‍ സമൂഹത്തിനുണ്ടാക്കിയ പരിവര്‍ത്തനത്തിന്റെ നേര്‍ ചിത്രമാണ്‌ നല്‍കുന്നത്‌. ചലിക്കുന്ന രൂപങ്ങളും അതിനൊത്ത ശബ്ദങ്ങളും അത്യന്താധുനികമാണ്‌. നീലകണ്ഠയാത്ര എന്ന പേരില്‍ 50 മിനുട്ട്‌ ദൈര്‍ഘ്യമുള്ള ചലച്ചിത്രം പടുകൂറ്റന്‍ വെള്ളിത്തിരയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌ അക്ഷര്‍ധാമിനെ ഏറെ ആകര്‍ഷകമാക്കുന്നു. ദല്‍ഹിയിലെന്നല്ല ഇന്ത്യയില്‍ ഒരിടത്തും അത്രയും വലുപ്പമുള്ള അഭ്രപാളി ഇല്ല. 85 അടി ഉയരവും 65 അടി നീളവുമുള്ളതാണിത്‌.

നീലകണ്ഠനെന്ന സ്വാമിനാരായണന്‍ 11 വര്‍ഷം കൊണ്ട്‌ ഹിമാലയം മുതല്‍ കന്യാകുമാരിവരെ 12000 കിലോമീറ്റര്‍ സഞ്ചാരപഥത്തിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നതാണ്‌ നീലകണ്ഠയാത്ര. 151 പുണ്യനദികളുടെ ഉത്ഭവസ്ഥാനത്തുനിന്ന്‌ ശേഖരിച്ച ജലം ഉള്‍ക്കൊള്ളിച്ച തടാകത്തിലെ ക്ഷേത്രത്തിന്റെ പ്രതിബിംബം ഇരട്ടകെട്ടിടത്തിന്റെ പ്രതീതിയാണ്‌ ഉളവാക്കുന്നത്‌. തുരങ്കത്തില്‍ നിര്‍മ്മിച്ച കനാലില്‍ 18 മിനുട്ട്‌ തോണിയിലൂടെ നീങ്ങുമ്പോള്‍ അത്‌ ആര്‍ഷപരമ്പരയിലൂടെയുള്ള ഒരു തിര്‍ത്ഥയാത്രയായി മാറുകയാണ്‌. ആധുനിക ലോകത്തിലുള്ളതെല്ലാം എത്ര ഭക്തിയോടെയും ശക്തിയോടെയും ഭംഗിയോടെയും പൗരാണിക കാലത്ത്‌ ചെയ്തുപോന്നു എന്ന്‌ നിശ്ചല ദൃശ്യങ്ങളും അതിനെകുറിച്ചുള്ള വിവരണങ്ങളും മയിലാകൃതിയിലുള്ള തോണിയാത്രയിലൂടെ കാട്ടിത്തരുന്നു. വിവരിച്ചാല്‍ തീരാത്ത വിസ്മയങ്ങളാണ്‌ അക്ഷര്‍ധാമിനുള്ളത്‌. തീര്‍ത്ഥാടകരായാലും വിനോദസഞ്ചാരികളായാലും അക്ഷര്‍ധാമിലെ സന്ദര്‍ശനം പ്രത്യേക അനുഭൂതിയാകുമെന്ന്‌ തീര്‍ച്ച.

2005 നവംബര്‍ 6 ന്‌ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം അക്ഷര്‍ധാമിന്റെ ഉദ്ഘാടനം നിര്‍വഹിക്കവെ "താനിതുവരെ അനുഭവിക്കാത്ത ആഹ്ലാദമാണ്‌ ഇവിടെ വന്നപ്പോള്‍ ഉണ്ടായത്‌." എന്നാണ്‌ പറഞ്ഞത്‌. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനിയുമടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ കാല്‍കോടിയോളം ജനങ്ങള്‍ സാക്ഷിയായതാണ്‌.












Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home